മാതമംഗലം-നേരും നുണയും: കടയുടമ നിയമം ലംഘിച്ചു, തോഴിലാളികളുടെ ഭാഗം വിശദീകരിച്ച് എളമരം കരീം
കണ്ണൂർ: മാതമംഗലത്ത് തൊഴില്‍ സമരത്തെ തുടർന്ന് വ്യാപാര സ്ഥാപനം അടച്ച് പൂട്ടിയ വിഷയത്തില്‍ തൊഴിലാളികുടെ ഭാഗം വിശദീകരിച്ച് സി ഐ ടി യു അഖിലേന്ത്യാ നേതാവും രാജ്യസഭ എംപിയുമായ എളമരം കരീം. സംസ്ഥാനത്ത് നിലവിലുള്ള നിയമം വ്യാപാരികള്‍ക്കും, തൊഴിലാളികള്‍ക്കും ഒരേ പോലെ ബാധകമാണ്. എന്നാല്‍, നിയമവാഴ്ച നിലവിലുള്ള ഒരു പ്രദേശത്ത് നിയമം ലംഘിക്കാനാണ് 'എസ്.ആര്‍. അസോസിയേറ്റ്സ്' ഉടമ ശ്രമിച്ചത്. തന്‍റെ സ്ഥാപനത്തില്‍ തൊഴില്‍വകുപ്പ് അംഗീകരിച്ച തൊഴില്‍ കാര്‍ഡില്ലാത്ത നാല് പേരെ ജോലിക്കായി നിയോഗിച്ചു. അവര്‍ ചുമട്ട് തൊഴിലാളികളല്ല. വ്യാപാരസ്ഥാപന ഉടമയുടെ ഈ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇത് സംബന്ധിച്ച് എളമരം കരീം എംപി പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ചുമട്ട് തൊഴിലാളി നിയമം അനുശാസിക്കുന്ന തൊഴിലവകാശത്തിന് വേണ്ടി മാതമംഗലത്ത് തൊഴിലാളികള്‍ നടത്തുന്ന സമരത്തെ ഏതാനും മാധ്യമങ്ങള്‍ കുപ്രചരണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതാണ് മാതമംഗലത്തെ പ്രശ്നമെന്ന് കുത്തകമാധ്യമങ്ങള്‍ കണ്ണടച്ച് കുപ്രചരണം നടത്തുന്നു. ജോലി ചെയ്യാതെ കൂലി ആവശ്യപ്പെടുന്ന അന്യായത്തെ ശക്തമായി എതിര്‍ക്കുന്ന പ്രസ്ഥാനമാണ് സിഐടിയു. സംസ്ഥാനത്ത് ഒരു പ്രദേശത്തും ' നോക്ക് കൂലി ' യെ അനുകൂലിക്കുന്ന നിലപാട് സിഐടിയു നേതൃത്വത്തിലുള്ള ചുമട്ട് തൊഴിലാളികള്‍ സ്വീകരിക്കുന്നില്ല. ഈ കാര്യം അര്‍ഥശങ്കക്കിടമില്ലാതെ സിഐടിയു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടും തൊഴിലാളികളെ അപമാനിക്കുന്ന പ്രചരണത്തില്‍ ആഹ്ലാദം കൊള്ളുകയാണ് ഏതാനും മാധ്യമങ്ങള്‍.

തിരുവനന്തപുരത്ത് ' വേളിയില്‍ ' ഐ.എസ്.ആര്‍.ഒ.യിലേക്ക് കൊണ്ടുവന്ന യന്ത്ര സാമഗ്രഹികള്‍ പ്രദേശവാസികളായ ചിലര്‍ തടഞ്ഞ് വെച്ച സംഭവത്തെ ട്രേഡ് യൂണിയനുകളുടെ തലയില്‍ കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിച്ചു. സംസ്ഥാനത്തെ ഏതെങ്കിലും ഒരു ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ടവരായിരുന്നില്ല പ്രസ്തുത സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍. ഈ സത്യം മറച്ചുവെച്ചുകൊണ്ടാണ് മാധ്യമ വിചാരണ നടന്നത്. സംസ്ഥാനത്തെ ചെറുകിട അങ്ങാടികളില്‍ പൊതുവില്‍ ചുമട്ട് തൊഴിലാളികള്‍ക്ക് ജോലി കുറവാണ്. വല്ലപ്പോഴും അങ്ങാടികളില്‍ വരുന്ന ചരക്ക് വാഹനങ്ങളില്‍ നിന്ന് ചരക്കിറക്കലാണ് അത്തരം തൊഴിലാളികളുടെ ജോലി. അവര്‍ ഒരു സ്ഥാപനത്തിലെയും സ്ഥിരം തൊഴിലാളികളല്ല. ഈ വിഭാഗം തൊഴിലാളികളെ 'സ്കാറ്റേഡ്' വിഭാഗം എന്നാണ് നിയമം നിര്‍വചിക്കുന്നത്. അവര്‍ക്ക് തൊഴില്‍ വകുപ്പ് തൊഴില്‍ കാര്‍ഡുകള്‍ നല്കും. പൊതുവില്‍ കുറഞ്ഞവരുമാനം ലഭിക്കുന്നവരാണ് ഈ വിഭാഗം.
സംസ്ഥാനത്തെ ചുമട്ട് തൊഴിലാളികള്‍ ചെയ്യുന്ന കയറ്റ്-ഇറക്ക് ജോലികള്‍ക്ക് തൊഴില്‍വകുപ്പ് കൂലി നിശ്ചയിക്കുന്നുണ്ട്. സ്ഥാപന ഉടമകളുടെയും, തൊഴിലാളികളുടെയും സംഘടനാ പ്രതിനിധികളുമായി കൂടിയാലോചിച്ചാണ് കൂലി നിശ്ചയിക്കുന്നത്. സംസ്ഥാനത്താകെ സമാധാനപരമായ തൊഴിലന്തരീക്ഷം ചുമട്ട് തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്നത് ഇത്തരം വ്യവസ്ഥകള്‍ ഉള്ളത് കൊണ്ടാണ്. കണ്ണൂര്‍ ജില്ലയിലെ മാതമംഗലം എന്ന സ്ഥലത്തും മേല്‍പറഞ്ഞ വ്യവസ്ഥകള്‍ അനുസരിച്ചാണ് ചുമട്ട് തൊഴിലാളികള്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നത്. മാതമംഗലത്ത് വര്‍ഷങ്ങളായി കച്ചവടം നടത്തിവരുന്ന ഒരു വ്യാപാരിക്കും ഈ തൊഴിലാളികളെക്കുറിച്ച് യാതൊരു പരാതിയുമില്ല. വ്യാപാരി-വ്യവസായി ഏകോപന സമിതി, വ്യാപാരി-വ്യവസായി സമിതി എന്നീ രണ്ട് സംഘടനകളില്‍ അംഗങ്ങളായ മാതമംഗലത്തെ വ്യാപാരികള്‍ അവിടത്തെ ചുമട്ട് തൊഴിലാളികളുമായി നല്ല സൗഹാര്‍ദ്ദത്തിലാണ്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് 'എസ്.ആര്‍.അസോസിയേറ്റ്സ്' എന്ന ഒരു ഹാര്‍ഡ് വെയര്‍ കച്ചവട സ്ഥാപനം മാതമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. നിയമമനുസരിച്ച് മാതമംഗലം അങ്ങാടിയില്‍ തുറന്ന മേല്‍ വ്യാപാര സ്ഥാപനം ചരക്കിറക്കാനും, കയറ്റാനും പ്രസ്തുത ആങ്ങാടിയില്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റ് തൊഴില്‍ കാര്‍ഡ് നല്കിയ തൊഴിലാളികളെയാണ് ഉപയോഗിക്കേണ്ടത്. സംസ്ഥാനത്ത് നിലവിലുള്ള നിയമം വ്യാപാരികള്‍ക്കും, തൊഴിലാളികള്‍ക്കും ഒരേ പോലെ ബാധകമാണ്. എന്നാല്‍, നിയമവാഴ്ച നിലവിലുള്ള ഒരു പ്രദേശത്ത് നിയമം ലംഘിക്കാനാണ് 'എസ്.ആര്‍. അസോസിയേറ്റ്സ്' ഉടമ ശ്രമിച്ചത്. തന്‍റെ സ്ഥാപനത്തില്‍ തൊഴില്‍വകുപ്പ് അംഗീകരിച്ച തൊഴില്‍ കാര്‍ഡില്ലാത്ത നാല് പേരെ ജോലിക്കായി നിയോഗിച്ചു. അവര്‍ ചുമട്ട് തൊഴിലാളികളല്ല. വ്യാപാരസ്ഥാപന ഉടമയുടെ ഈ നടപടി നിയമവിരുദ്ധമാണ്. തങ്ങള്‍ നിയോഗിച്ച നാല് പേര്‍ക്ക് ലേബര്‍ കാര്‍ഡിനായി സ്ഥാപന ഉടമ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. നിയമവിരുദ്ധമായ ഈ അപേക്ഷ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ തള്ളി. ഡപ്യൂട്ടി ലേബര്‍ ഓഫീസറും ഈ സ്ഥാപന ഉടമയുടെ അപേക്ഷ തള്ളി. ചുമട്ട് തൊഴിലാളി നിയമമനുസരിച്ചാണ് തൊഴില്‍ വകുപ്പുദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്. തുടര്‍ന്ന്, സ്ഥാപന ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്ഥാപന ഉടമയുടെ ആവശ്യം അംഗീകരിച്ചു. വര്‍ഷങ്ങളായി നിയമാനുസൃതം ജോലി ചെയ്തു വരുന്ന തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി കല്പിച്ചത്. നേരത്തെ ചില കേസുകളിലും ഹൈക്കോടതി ഇത്തരം വിധി പുറപ്പെടുവിച്ചിരുന്നു. നീതിന്യായ കോടതികള്‍ പാവപ്പെട്ട തൊഴിലാളികളുടെ തൊഴിലവകാശം ഹനിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്
ഹൈക്കോടതി വിധിയുടെ ബലത്തില്‍ ചുമട്ട് തൊഴിലാളി നിയമം അനുശാസിക്കുന്ന തൊഴില്‍ അവകാശമുള്ളവരും, വര്‍ഷങ്ങളായി മാതമംഗലം അങ്ങാടിയില്‍ കയറ്റിറക്ക് ജോലി ചെയ്യുന്നവരുമായ തൊഴിലാളികളെ വെല്ല് വിളിച്ചുകൊണ്ട് തന്‍റെ സ്വന്തക്കാരെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ ശ്രമം നടത്തി. തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം, സമ്പന്നനായ ഒരു 'വ്യാപാരി' തടയുന്നതിനെതിരെ തൊഴിലാളികള്‍ എസ്.ആര്‍. അസോസിയേറ്റ്സിന് അടുത്ത് സത്യാഗ്രഹ സമരം ആരംഭിച്ചു. രണ്ട് മാസമായി തൊഴിലാളികളുടെ സമാധാനപരമായ സമരം നടന്നുവരികയാണ്.
മാതമംഗലത്തെ വ്യാപാരികളും ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളും ചുമട്ടു തൊഴിലാളികളുടെ സമരത്തെ പിന്തുണച്ചു. യാതൊരു ക്രമസമാധാന പ്രശ്നവും പ്രസ്തുത അങ്ങാടിയില്‍ ഉണ്ടായില്ല. പ്രശ്ന പരിഹാരത്തിനായി പോലീസ് ഉദ്യോഗസ്ഥന്മാര്‍ ശ്രമം നടത്തിയെങ്കിലും സ്ഥാപന ഉടമ പിടിവാശി ഉപേക്ഷിക്കാത്തത് കാരണം ഒത്തുതീര്‍പ്പ് ഉണ്ടായില്ല. വ്യാപാരികളുടെ സംഘടനകള്‍ പലതവണ എസ്.ആര്‍ അസോസിയേറ്റ്സ് ഉടമയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന മാതമംഗലം അങ്ങാടി സംഘര്‍ഷ ഭൂമിയാക്കാനുള്ള ശ്രമത്തിലായിരുന്നു പ്രസ്തുത സ്ഥാപന ഉടമ.
സമാധാനപരമായി തൊഴിലാളികള്‍ നടത്തിവന്ന സമരത്തെ അധിക്ഷേപിക്കാന്‍ സ്ഥാപന ഉടമ ഹീനമായ മാര്‍ഗമാണ് ഉപയോഗിച്ചത്. തന്‍റെ സുഹൃത്തായ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകനെ സ്ഥാപനത്തില്‍ എത്തിച്ചു ചരക്കുനീക്കാന്‍ ശ്രമം നടത്തി. തൊട്ടടുത്ത് സമരം നടത്തിവരുന്ന തൊഴിലാളികളെ പ്രകോപിപ്പിക്കലായിരുന്നു ലക്ഷ്യം. തങ്ങളെ തൊഴിലില്‍ നിന്ന് തള്ളിക്കളഞ്ഞ എസ്.ആര്‍ അസോസിയേറ്റ്സ് ഉടമക്ക് വേണ്ടി കരിങ്കാലിപ്പണി എടുക്കരുതെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. അതാണ് തൊഴിലാളികളുടെ ആക്രമണമെന്ന് സ്ഥാപന ഉടമയും ശിങ്കിടികളും വിളിച്ചു കൂവുന്നത്.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന സമരത്തിലൂടെയാണ് സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനുള്ള നിയമം ഉണ്ടായത്. 2001 ലെ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഈ നിയമം ദുര്‍ബ്ബലമാക്കുന്ന ഭേദഗതി കൊണ്ടുവന്നു. 2006 ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് അത് തിരുത്തിയത്. പ്രസ്തുത നിയമത്തിന് നിരക്കാത്ത ഏതാനും വിധി പ്രസ്താവനകള്‍ അടുത്തകാലത്ത് ഹൈക്കോടതിയില്‍ നിന്നുണ്ടായി.
ചുമട്ട് തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്നവരും, പിടിച്ചുപറിക്കാരുമാണെന്ന് ഒരു സംഘം കുത്തക മാധ്യമങ്ങള്‍ കുപ്രചരണം അഴിച്ചു വിടുകയാണ്. അധ്വാനിച്ച് വിയര്‍പ്പൊഴുക്കി ജീവിക്കുന്ന ചുമട്ടു തൊഴിലാളികള്‍ ' ആത്മാഭിമാന റാലികള്‍ ' സംഘടിപ്പിച്ചാണ് തൊഴിലാളി വിരുദ്ധ ശക്തികളെ നേരിട്ടത്.- ഓരോ മേഖലയിലുമുള്ള തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്‍റെ വികസനപദ്ധതികള്‍ തകര്‍ക്കുന്ന യാതൊന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഉറച്ചു പ്രഖ്യാപിച്ചവരാണ് ട്രേഡ് യൂണിയനുകള്‍. രാഷ്ട്രീയ താല്‍പ്പര്യത്തിനായി പാവം തൊഴിലാളികളെ തെരുവാധാരമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല












Click it and Unblock the Notifications