മട്ടന്നൂര്‍ ജുമാമസ്ജിദ് അഴിമതിക്കേസ്: മുസ്ലിം ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: വഖഫ് ബോര്‍ഡിന് കീഴിലുള്ള പള്ളിനിര്‍മാണവുമായി ബന്ധപ്പെട്ടു അഴിമതി ആരോപണകേസില്‍ മുസ്ലിംലീഗ് കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതികേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി അടക്കം മൂന്ന് പേരുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. മട്ടന്നൂര്‍ പൊലീസാണ് കുറ്റാരോപതിരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മൂന്ന് പേരെയും ഓരോ ലക്ഷം രൂപ സ്റ്റേഷന്‍ ജാമ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചത്. മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ റഹ്മാന്‍ കല്ലായിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് എം.സി.കുഞ്ഞമ്മദ്, യു.മഹ്റൂഫ് എന്നിവരെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ ഒന്‍പത് മണി മുതല്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയിരുന്നു. മട്ടന്നൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.
2011 മുതല്‍ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവര്‍ക്ക് എതിരെയായിരുന്നു പരാതി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണ പ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി. 3 കോടി ചെലവായ നിര്‍മ്മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കില്‍ കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു. കണക്കില്‍ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്.
മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്ന പ്രതികള്‍ മൂന്നു പേരും മട്ടന്നൂര്‍ സിഐ എം.കൃഷ്ണന് മുമ്പാകെയാണ് രാവിലെ ഹാജരായത്. ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എം.പി.ശമീറാണ് പരാതിക്കാരന്‍. എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് അബ്ദുള്‍ റഹ്മാന്‍ കല്ലായി അടക്കമുള്ളവര്‍ പറയുന്നത്. നേരത്തെ തന്നെ കണക്കുകള്‍ കമ്മറ്റിക്ക് മുന്നില്‍ ഹാജരാക്കിയതാണെന്നും ഇപ്പോഴത്തെ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും കുറ്റാരോപിതര്‍ പറഞ്ഞു.
നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ചോദ്യം ചെയ്ത് ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇത് പ്രകാരമാണ് പ്രതികളെ വിട്ടയച്ചത്. അതേസമയം രേഖകളുമായി ചൊവ്വാഴ്ച്ച രാവിലെ പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ വീണ്ടും ഹാജരാകാന്‍ മൂന്ന് പേരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആരോപണവിധേയായ അബ്ദുല്‍റഹ്മാന്‍ കല്ലായിക്ക് പിന്‍തുണയുമായി സംസ്ഥാന നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. കെഎം ഷാജിക്കു ശേഷം പൊലിസിനെ ഉപയോഗിച്ചു അബ്ദുല്‍ റഹ്മാന്‍ കല്ലായിയെയും രാഷ്ട്രീയ വൈരാഗ്യം വെച്ചു വേട്ടയാടുകയാണെന്നാണ്സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications