ആന്തൂർ വിവാദം: സിപിഎം പാർട്ടി പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്ന് എം വി ജയരാജൻ
കണ്ണുർ: തളിപ്പറമ്പിൽ സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അച്ചടക്ക നടപടിയെടുത്തുവെന്ന വാർത്ത നിഷേധിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ആന്തൂർ വിവാദത്തിൽ സിപിഎം നേതാക്കൾക്കും എതിരെ കണ്ണുർ ജില്ലാ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന വാർത്ത തെറ്റാണെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണ് ചിലദൃശ്യ മാധ്യമങ്ങൾ പുറത്ത് വിടുന്നത് പാർട്ടി ജില്ലാ കമ്മിറ്റി ഒരാൾക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല' ഇപ്പോൾ പുറത്തു വന്ന വാർത്തകൾ വസ്തുതാപരമായി തെറ്റാണെന്നും പാർട്ടിയുടെ മുൻപിൽ അങ്ങനെയൊരു അജൻഡയില്ലെന്നും എം വി ജയരാജൻ പറഞ്ഞു. സ്വാതന്ത്രത്തിൻ്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ 244 കേന്ദ്രങ്ങളിൽ പാർട്ടി കേന്ദ്രങ്ങളിൽ പതാക ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു. സ്വാതന്ത്ര്യ ദിനം കമ്യുണിസ്റ്റ് പാർട്ടികൾ ആഘോഷിക്കാറില്ലെന്നത് ചില തൽപ്പരകക്ഷികൾ നടത്തുന്ന പ്രചരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബക്കളം പാർത്ഥാസ് കൺവെൻഷൻ സെൻ്റർ ഉടമയും പ്രവാസി വ്യവസായിയുമായ പാറയിൽ സാജൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആന്തുർ നഗരസഭാ മുൻ ചെയർപേഴ്സനും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ ശ്യാമളയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പരസ്യ പ്രസ്താവന നടത്തിയതിന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നേതാക്കളായ രണ്ടു നേതാക്കൾക്കും പാർട്ടി അംഗങ്ങളായ 15 പേർക്കുമെതിരെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു.
സോഷ്യൽ മീഡിയയിലുടെ പ്രതികരിച്ചതിനായിരുന്നു നടപടി. ഫേസ്ബുക്കിൽ പികെ ശ്യാമളയെ വിമർശിച്ച രണ്ടു നേതാക്കൾക്ക് സസ്പെൻഷനും ഇവരുടെ പോസ്റ്റിന് ലൈക്കടിച്ച 15 പാർട്ടി പ്രവർത്തകർക്കു പരസ്യ ശാസനയും നൽകാനും തീരുമാനിച്ചുവെന്നായിരുന്നു വാർത്തകൾ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ എം വി ഗോവിന്ദൻ്റെ ഭാര്യയാണ് പികെ ശ്വാമള. ഇവർ ആന്തൂർ നഗരസഭാ ചെയർപേഴ്സനായ കാലയളവിൽ പ്രവാസി വ്യവസായി നിർമ്മിച്ച പാർത്ഥാസ് കൺവെൻഷൻ സെൻ്ററിന് അനുമതി നിഷേധിച്ചതാണ് ഉടമയായിരുന്ന സാജൻ ആത്മഹത്യ ചെയ്യാനിടയാക്കിയതെന്നായിരുന്നു ആരോപണം.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും എംഎൽഎയുമായ എ എൻ ഷംസീറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ സംഘത്തിൽ ടി ഐ മധുസൂദനൻ, എൻ ചന്ദ്രൻ എന്നിവരുമുണ്ടായിരുന്നു. കണ്ണുരിലെ സിപിഎമ്മിനുള്ളിൽ ഏറെ വിവാദമായ സംഭവങ്ങളിലൊന്നായിരുന്നു ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം പാർത്ഥാസ് കൺവെൻഷൻ സെൻ്ററിന് പ്രവർത്തന അനുമതി നൽകാത്തതിൽ നഗരസഭാ ചെയർപേഴ്സനായിരുന്ന പി കെ ശ്യാമളയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് ധർമശാലയിൽ സിപിഎം വിശദീകരണ യോഗത്തിൽ പി ജയരാജൻ വിമർശിച്ചിരുന്നു. ഇതു പാർട്ടിക്കുള്ളിൽ വിവാദമായതിനെ തുടർന്ന് സംസ്ഥാന നേതൃത്വം തിരുത്തുകയും പാർട്ടി ശ്യാമളക്ക് വീഴ്ച സംഭവിച്ചുവെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications