രണ്ട് മാസം പിന്നിട്ട് കണ്ടങ്കാളിസമരം: അനക്കമില്ലാതെ സർക്കാർ, സമരം ശക്തമാക്കാൻ തീരുമാനം
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജില്ലയിൽ നടക്കുന്ന പരിസ്ഥിതി സംരക്ഷണ സമരം രണ്ടു മാസം പിന്നിട്ടിട്ടും അനക്കമില്ലാതെ സർക്കാർ. പയ്യന്നൂരിലെ കണ്ടങ്കാളി വയല്‍ നികത്തി പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ലാന്റ് അക്വിസിഷന്‍ ഓഫീസ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നവംമ്പര്‍ ഒന്നുമുതല്‍ പയ്യന്നൂര്‍ തെക്കെ ബസാറിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരമാണ് അറുപതു ദിവസം പിന്നിട്ടത്.
സംസ്ഥാനത്തെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും കലാ സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ സംഘടനകളും ഇതിനകം സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭാ മാര്‍ച്ച്, കര്‍ഷക ജാഥ, ജില്ലാ പദയാത്ര, കണ്ടങ്കാളി വയലില്‍ ധാന്യകൃഷി തുടങ്ങി വിവിധ സമരപരിപാടികള്‍ സത്യാഗ്രഹ സമരത്തോടനുബന്ധമായി നടന്നു. എന്നാല്‍ ജനകീയ സമരത്തെ അവഗണിക്കുന്ന നിലപാടാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ,വ്യവസായ മന്ത്രി ഇ പി ജയരാജൻ, മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഇതുവരെ സമര കാരെ കാണാൻ പോലും കൂട്ടാക്കിയിട്ടില്ല.

മാത്രമല്ല ബിപിസിഎല്‍ വിദേശ കമ്പനികള്‍ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് കണ്ടങ്കാളി പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. പയ്യന്നൂരിനെ പ്രളയത്തില്‍ നിന്നും രക്ഷിക്കുന്ന കണ്ടങ്കാളി തണ്ണീര്‍ത്തടം വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കുന്ന നീക്കത്തിനെതിരെ പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലും ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ സമരസമിതി ചെയര്‍മാന്‍ ടി പി പത്മനാഭന്റെ അധ്യക്ഷതയില്‍ സമരപ്പന്തലില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പയ്യന്നൂര്‍ വില്ലേജിലെ വീടുകളില്‍ സമര വളണ്ടിയര്‍മാര്‍ പ്രചരണം നടത്തും. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും കോര്‍ണര്‍ യോഗങ്ങള്‍ സംഘടിപ്പിക്കും. ജനുവരി ഒന്നിന് അഞ്ചു മണിക്ക് ഗാന്ധി പാര്‍ക്ക് പരിസരത്ത് ആദ്യ കോര്‍ണര്‍ മീറ്റിംഗ് നടക്കും. ക്ലൈമറ്റ് ആക്ടിവിസ്റ്റ് റിദ്ദിമ പാണ്ടെ ജനുവരി 3-ന് സമരത്തെ അഭിവാദ്യം ചെയ്യും. യു.എന്നില്‍ ഗ്രെറ്റാതെന്‍ബര്‍ഗിനൊപ്പം കാലാവസ്ഥാ സംരക്ഷണത്തിനു വേണ്ടി പരാതിപ്പെട്ട 16 കുട്ടികളില്‍ ഒരാളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയും ക്ലൈമറ്റ് ആക്ടിവിസ്റ്റുമായ 12 വയസ്സുകാരി റിദ്ദിമ പാണ്ഡെ ജനുവരി മൂന്നിന് വൈകുന്നേരം 5 മണിക്ക് കണ്ടങ്കാളി സമരത്തെ അഭിവാദ്യം ചെയ്യും.
ഗാന്ധി പാര്‍ക്കില്‍ നിന്ന് സത്യാഗ്രഹപ്പന്തലിലേക്ക് കാലാവസ്ഥാ സംരക്ഷണ മാര്‍ച്ചും നടക്കും. സമരസമിതി യോഗത്തില്‍ കണ്‍വീനര്‍ അപ്പുക്കുട്ടന്‍ കാരയില്‍, അത്തായിബാലന്‍, മണി രാജ് വട്ടക്കൊവ്വല്‍, പത്മിനി കണ്ടങ്കാളി, വിനോദ് കുമാര്‍ രാമന്തളി, ലാലു തെക്കെ തലക്കല്‍, എന്‍.കെ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു..












Click it and Unblock the Notifications