കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി; അനുമതി നല്‍കി ആരോഗ്യമന്ത്രി
കണ്ണൂര്‍: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രണ്ട് അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തികകള്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ നിലവിലെ പ്രിന്‍സിപ്പാള്‍ ഡോ. കെ. അജയകുമാര്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ പ്രൊഫസര്‍ കൂടിയാണ്. നിലവിലുള്ള ഡോക്ടര്‍മാരെ കൂടാതെയാണ് പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം കൂടി കോളജില്‍ ലഭ്യമാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുകയാണ്. ഇതോടെ, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ വിദഗ്ദരായ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ കണ്ണൂരില്‍ ചുമതലയേല്‍ക്കും. സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം പരിയാരം മെഡിക്കല്‍ കോളെജില്‍ ഇരുപതോളം ഡോക്ടര്‍മാരെ മറ്റ് മെഡിക്കല്‍ കോളേജില്‍ നിന്നും സ്ഥലം മാറ്റം വഴിയും പി എസ് സി മുഖേനയും നിയമിച്ചിരുന്നു.

ഇതിനുപുറമെ, ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ പ്രൊഫസര്‍ തസ്തികയില്‍ ഒരാളും ചുമതലയേറ്റെടുത്തിട്ടുണ്ട്. 2021 ല്‍ ആശുപത്രി സന്ദര്‍ശിച്ച സമയത്ത് മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഉടന്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന പരിഗണന നല്‍കിക്കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. വാഹനാപകടത്തിലും മറ്റും ഗുരുതരമായി പരിക്കേറ്റ് ചികിത്സ തേടിയെത്തുന്നവരില്‍ നിരവധി പേര്‍ പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തിന്റെ കൂടി ചികിത്സ ആവശ്യമുള്ളവരാണ്.
ഇവര്‍ക്ക് ഉടനടി ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നത് അംഗഭംഗം സംഭവിച്ച ശരീരഭാഗങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് പ്രധാനമാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം വരുന്നതോടെ ഇത്തരം ചികിത്സ ആവശ്യമുള്ള രോഗികള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട അവസ്ഥയില്‍ നിന്ന് മോചനമാകും. സര്‍ക്കാരേതര ആശുപത്രികളില്‍ ഭീമമായ ചെലവ് വരുന്ന പ്ലാസ്റ്റിക്ക് സര്‍ജറി ചികിത്സ തുച്ഛമായ നിരക്കില്‍ സാധാരണക്കാര്‍ക്കും ലഭ്യമാകുന്ന സ്ഥിതിയുണ്ടാകുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. കെ അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപും പറഞ്ഞു. അതേസമയം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Recommended Video













Click it and Unblock the Notifications