കൊവിഡ്: കണ്ണൂർ ജില്ലയിൽ പുതുതായി സ്ഥിരീകരിച്ചത് കുടിയാൻമല സ്വദേശികൾക്ക്, രോഗം പകർന്നത് സമ്പർക്കം വഴി
കണ്ണൂര്‍: ജില്ലയിൽ പുതുതായി രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. രണ്ടുപേരും ആലക്കോട് കുടിയാന്‍മല സ്വദേശികളാണ്. 60കാരനും 59കാരിയുമായ ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 9-ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇരുവരും സ്രവ പരിശോധനയ്ക്ക് വിധേയരായത്. മാര്‍ച്ച് 29-ന് കൊറോണ ബാധ സ്ഥിരീകരിച്ച 35കാരന്റെ വീട്ടുകാരാണ് ഇരുവരും.
ദുബൈയില്‍ നിന്ന് മാര്‍ച്ച് 20-ന് നാട്ടിലെത്തിയ ഇദ്ദേഹം ഇപ്പോള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രണ്ടുപേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം 66 ആയി. ഇവരില്‍ 37 പേര്‍ ഇതിനകം സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ഇതിനിടെ സംസ്ഥാനത്ത് പുതുതായി ഏഴു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. കാസര്‍ഗോഡ്- 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ടുപേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്.

സംസ്ഥാനത്ത് 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ടുപേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്. ഇന്ന് കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍കോട് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും, കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍കോട്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്. കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 8 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേരുമാണ് ഡിസ്ചാര്‍ജായത്. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും.
സംസ്ഥാനത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന 7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണുള്ളത്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രി കെ കെ ശൈലജ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.












Click it and Unblock the Notifications