വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍
കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബാലാവകാശകമ്മിഷന്‍ സ്വമേധയാ കേസെടുത്തതായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. കെവി മനോജ്കുമാര്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തില്‍ പൊലിസിന്റെ അന്വേഷണറിപ്പോര്‍ട്ടിനായി സിറ്റി പൊലിസ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥിനിപഠിച്ച സ്‌കൂള്‍ കമ്മിഷന്‍ സന്ദര്‍ശിച്ചു വസ്തുതാപരമായ കാര്യങ്ങളില്‍ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ ലഹരി മാഫിയയുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ പോലീസിന്റെ പങ്കാളിത്തത്തോടെ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ശക്തമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ പറഞ്ഞു.
സ്‌കൂളുകളുടെ നടത്തിപ്പില്‍ തദ്ദേശ സ്ഥാപനങ്ങളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം. രക്ഷിതാക്കളുടെ നിരന്തര ഇടപെടല്‍ സ്‌കൂളുകളില്‍ ഉണ്ടായാല്‍ ലഹരി മാഫിയയെ അകറ്റാനാവും.
ലഹരി ഉപയോഗം ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അധ്യാപകര്‍ക്ക് ഇടപെടാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ പോലീസിനെ അറിയിക്കാന്‍ മടിക്കരുത്. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ 'ഹോപ്' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പോലീസ് നടപ്പിലാക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരുന്നതിന്റെയും പോകുന്നതിന്റെയും വിവരങ്ങള്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം.
സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂനിറ്റുകള്‍ ആരംഭിക്കുന്നത് വലിയ മാറ്റം വരുത്തും. സംസ്ഥാനത്തെ മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ പോക്‌സോ കേസുകള്‍ കുറവാണ്. ചില പോക്‌സോ കേസുകളില്‍ കുട്ടികള്‍ മുതിര്‍ന്നവരുടെ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് ബാലവകാശ കമ്മീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും അവലോകന യോഗത്തില്‍ ബാലാവകാശകമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ കെവി മനോജ്കുമാര്‍ പങ്കെടുത്തു.
കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള ഗ്രൂപ്പുകള്‍ രൂപവത്കരിച്ചുവരുന്നതായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ വിന്‍സി ആന്‍ പീറ്റര്‍ ജോസഫ് പറഞ്ഞു. ഒരു വിധം എല്ലാ കുറ്റകൃത്യങ്ങളുടെയും പിന്നില്‍ ലഹരി ഉപയോഗിക്കുന്നവരാണ്. 80 മുതല്‍ 85 ശതമാനം വരെ പോക്‌സോ കേസുകള്‍ ശിക്ഷിക്കപ്പെടാതെ കോടതിയില്‍ ഒത്തുതീര്‍പ്പാക്കപ്പെടുന്നതായി അവര്‍ പറഞ്ഞു.
ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇതിനെതിരെ കുട്ടികളെ പ്രതികരിക്കാന്‍ പഠിപ്പിക്കണം. കുട്ടികളുടെ മാതാപിതാക്കളെ ബോധവത്കരിക്കണം. പോക്‌സോ കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.പോക്‌സോ കേസുകളില്‍ ലഹരിയുടെ സ്വാധീനം പരിശോധിക്കപ്പെടണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജില്ലയില്‍ 90 ശതമാനം പോക്‌സോ കേസുകളിലും കുറ്റപത്രം നല്‍കിയതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. അധ്യാപകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ചുറ്റുപാടുകള്‍ അറിയാന്‍ ശ്രമിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ് പറഞ്ഞു. രക്ഷിതാക്കള്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications