കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി
കണ്ണൂര്‍: പള്ളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും വന്‍ സുരക്ഷാ വീഴ്ച്ചയെന്ന് ആരോപണം. രണ്ട് കിലോ കഞ്ചാവ് പിടിച്ചതിനു പുറകെ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണുകളും കണ്ടെത്തി.
സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ബ്ലോക്കില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജയില്‍വകുപ്പും കണ്ണൂര്‍ ടൗണ്‍ പൊലിസും അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ആറാം ബ്ലോക്കില്‍ നിന്ന് തെങ്ങിന്റെ മുകളില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഫോണുകള്‍.

മൂന്ന് മൊബൈല്‍ ഫോണുകളാണ് പിടികൂടിയത്. ഈക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ വിവിധ പ്രദേശങ്ങളില്‍ അക്രമം നടത്തി അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നാല്‍പതോളം പ്രവര്‍ത്തകരാണ് ആറാം ബ്ലോക്കിലുള്ളത്. ഇവര്‍ ഉപയോഗിച്ചതാണോ ഫോണുകളെന്ന് പരിശോധിച്ചു വരികയാണ്.
സ്മാര്‍ട് ഫോണുകള്‍ക്കു പകരം സാധാരണ ബാറ്ററി ഊരിമാറ്റുന്ന തരത്തിലുള്ള ഫോണുകളാണ് കണ്ടെത്തിയത്. ജയിലില്‍ ഇവരെ സന്ദര്‍ശിക്കാനെത്തിയവരാണ് വിവിധ ഘട്ടങ്ങളിലായി ഫോണ്‍ നല്‍കിയതെന്ന നിഗമനത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ്.
കഴിഞ്ഞ ദിവസം റിമാന്‍ഡിലുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കാണാനെത്തിയ വളപട്ടണം സ്വദേശിയായ അബ്ദുള്‍ അസീസിനെ (40) ബീഡി സഹിതം ജയില്‍ ജീവനക്കാര്‍ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ജയിലിനുള്ളില്‍ ഫോണ്‍ കടത്തിയ വിവരത്തിന്റെ ആദ്യ സൂചന ലഭിച്ചത്.
തന്നെ ഫോണ്‍ വിളിച്ചതു പ്രകാരമാണ് താന്‍ പ്രവര്‍ത്തകരെ കാണാന്‍ ബീഡിയുമായി എത്തിയതെന്നായിരുന്നു ഇയാളുടെ മൊഴി. റിമാന്‍ഡില്‍ കഴിയുന്നവര്‍ക്ക് എങ്ങനെയാണ് ജയിലിനകത്ത് ഫോണ്‍ എത്തിക്കാനായതെന്ന് സംബന്ധിച്ച് അന്വഷണം നടക്കുന്നുണ്ട്. ജയിലിനകത്ത് ഫോണ്‍ എത്താനിടയായത് വലിയ സുരക്ഷാ വീഴ്ചയായാണ് ജയില്‍വകുപ്പ് കാണുന്നത്.
കഴിഞ്ഞ മാസമാണ് ജയില്‍ അടുക്കളയിലേക്ക് പച്ചക്കറി ചാക്കിനുള്ളില്‍ തിരുകി കയറ്റിയ രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. ഈ സംഭവത്തില്‍ ജയില്‍വകുപ്പും കണ്ണൂര്‍ ടൗണ്‍ പൊലിസും അന്വേഷണം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഗുണ്ടാകേസില്‍ തടവിലായവര്‍ മറ്റൊരു തടവുകാരനെ ശുചിമുറിയില്‍ വെച്ചു മര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ചത്.
ഇതിനു ശേഷമാണ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിക്കുന്ന ബ്ളോക്കിനു സമീപത്തു നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. നേരത്തെ പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു പുറത്തേക്ക് വിളിച്ചത് വന്‍വിവാദമായിരുന്നു.
നാല്‍പതോളം പേരുള്ളതിനാല്‍ പേരിനു മാത്രമാണ് പരിശോധകള്‍ നടക്കുന്നതെന്നും ആരോപണവുമുണ്ട്. ജയിലിലെ മുതിര്‍ന്ന തടവുകാര്‍ക്ക് ബീഡി കൊടുത്താല്‍ പലതും സാധിക്കുമെന്നും ഇക്കാര്യങ്ങള്‍ നടന്നു കിട്ടാനാണോ ബീഡിയുമായി എത്തിയതെന്ന കാര്യവും കണ്ണൂര്‍ ടൗണ്‍ പൊലിസ് അന്വേഷിക്കുന്നുണ്ട്. കണ്ണൂര്‍ ടൗണ്‍ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications