വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ നഷ്ടപരിഹാരം ലഭിക്കാതെ അനാഥരാകില്ല: എംവി ഗോവിന്ദന്‍
കണ്ണൂര്‍: നാടിന്റെ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന ഒരാളും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ അനാഥരാകില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം മെഗാ എക്സിബിഷനിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌ക്കാര പ്രഖ്യാപനവും കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കെ റെയിലിനെ പലരും അനാവശ്യമായി എതിര്‍ക്കുന്നുണ്ട്. ആര്‍ക്കും ആശങ്ക ആവശ്യമില്ല. കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ പ്രയാസമുള്ളവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ ഒഴിഞ്ഞു പോകേണ്ട സ്ഥിതിയുണ്ടാവില്ല. കെ റെയില്‍ യാഥാര്‍ഥ്യമായാല്‍ കേരളത്തിന്റെ സാമൂഹ്യ ജീവിതം നവീകരിക്കപ്പെടും.

സമൂഹത്തിന്റെ മുന്നേറ്റത്തിന് നവീകരണം അനിവാര്യമായതിനാല്‍ ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ വികസനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. 'എന്റെ കേരളം' എക്‌സിബിഷനിലെ കേരള പൊലീസിന്റെ സ്റ്റാളാണ് മികച്ച തീം സ്റ്റാളായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ രണ്ടും ജയില്‍ വകുപ്പ് മൂന്നും സ്ഥാനം നേടി.
കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ വനിതകളുടെ കാര്‍ഷിക മൂല്യ വര്‍ദ്ധിത യൂനിറ്റുകളുടെ കണ്‍സോഷ്യമാണ് 12 ഉല്‍പ്പന്നങ്ങള്‍ 'കണ്ണൂര്‍' എന്ന പൊതു ബ്രാന്‍ഡില്‍ വിപണിയിലിറക്കിയത്. നാല് തരം ചിപ്സുകളും ആറ് തരം അച്ചാറുകളും പാലടയും എല്‍ ഇ ഡി ബള്‍ബും ഇനി കണ്ണൂരിന്റെ പേരില്‍ മാര്‍ക്കറ്റില്‍ ലഭിക്കും. സീസണില്‍ നഷ്ടം സഹിച്ച് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ഇതിലൂടെ പരിഹാരമാകും.
ഗുണമേന്മ നിലനിര്‍ത്താന്‍ പ്രിസര്‍വേറ്റീവ് ചേര്‍ക്കാതെയാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. 35 സംരംഭ യൂണിറ്റുകളിലെ 125 സ്ത്രീകള്‍ക്ക്് ഇതുവഴി തൊഴില്‍ ലഭിച്ചു. ബ്രാന്‍ഡിങ്ങിന് ആവശ്യമായ പരിശീലനം നല്‍കിയ കുടുംബശ്രീ മിഷന്‍ മൂന്നര ലക്ഷം രൂപയാണ് ആദ്യഘട്ട പ്രവര്‍ത്തനത്തിന് ചിലവഴിച്ചത്.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ മന്ത്രിയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രവീന്ദ്ര കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications