കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിയുടെ ആത്മഹത്യ: സസ്പെൻഷിനിലായ വനിതാ ജയിൽ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
തലശേരി: പിണറായി കൂട്ടക്കൊല കേസിലെ പ്രതി വനിതാ ജയിലിൽ ജയിൽവളപ്പിൽ ജീവനൊടുക്കിയ സംഭവത്തിൽ സസ്പെൻഷനിലായ വനിതാ ജയിൽ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. പിണറായിയിലെ സൗമ്യയാണ് ആത്മഹത്യ ചെയ്തത്. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ ഉത്തരവ് മറികടന്നാണ് ഇവരെ തിരിച്ചെടുത്തത്. വനിതാ ജയിൽ സൂപ്രണ്ടായിരുന്ന പി ശകുന്തള, അസിസ്റ്റന്റ് സൂപ്രണ്ട് സി സി രമ എന്നിവരുടെ സസ്പെൻഷനാണ് റദ്ദാക്കിയത്.
പി ശകുന്തളയെ തിരുവനന്തപുരം വനിതാ ജയിൽ സൂപ്രണ്ടായാണ് നിയമിച്ചത്. നിലവിൽ ഇവിടെ സൂപ്രണ്ടായിരുന്ന സോഫിയാ ബീവിയെ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയാണ് നിയമനം. സി സി രമയെ ഹൊസ്ദുർഗ് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടാക്കി. തിരുവനന്തപുരം വനിതാ ജയിൽ സൂപ്രണ്ടായിരുന്ന ഒ വി വല്ലിയെ തിരിച്ചെടുത്ത് കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ടായും ഹൊസ്ദുർഗ് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് സുധയെ അസിസ്റ്റന്റ് സൂപ്രണ്ടായും നിയമിച്ചിട്ടുണ്ട്.
സൗമ്യ ജീവനൊടുക്കിയ സംഭവത്തിൽ സൗമ്യ ജയിലിൽ ജീവനൊടുക്കിയ സംഭവത്തിൽ കീഴ് ജീവനക്കാരെ ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി അന്നേ ആരോപണം ഉയർന്നിരുന്നു. അസിസ്റ്റന്റ് പ്രിസണർമാരായ ദീപ, സോജ, മിനി എന്നിവരെയാണ് അന്ന് ജയിൽ ഡിജിപിയായിരുന്ന ആർ. ശ്രീലേഖ ആദ്യം സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധിക്കുശേഷം ഇവരെ പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജയിലുകളിൽ നിയമനം നൽകി.

എന്നാൽ സൂപ്രണ്ടായിരുന്ന പി. ശകുന്തള, അസിസ്റ്റന്റ് സൂപ്രണ്ട് രമ, ഒരു അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നിവർക്കെതിരേ വകുപ്പുനടപടികൾക്ക് ശിപാർശ ചെയ്ത ജയിൽ ഡിജിപി, ജയിൽ സൂപ്രണ്ട് ശകുന്തളയുടെ കാര്യം സർക്കാരിന് വിടുകയായിരുന്നു. ഒരു സംസ്ഥാന നേതാവാണ് ഇതിനു ചുക്കാൻ പിടിക്കുന്നതെന്നും പറയുന്നു. അന്ന് ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിൽ ഏറ്റവും വലിയ വീഴ്ച സംഭവിച്ചത് അസിസ്റ്റന്റ് സൂപ്രണ്ട് സി. സി രമയ്ക്കാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
വനിതാ ജയിലിൽ ഉണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും ജോലിയിലും രീതികളിലും പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ജയിലിലേക്ക് കയറുന്നതും ഇറങ്ങുന്നതും ഓരോരുത്തരുടെ സൗകര്യത്തിനനുസരിച്ചാണെന്നായിരുന്നു ആക്ഷേപം. ഉത്സവ അവധി നാളിൽ ജോലി വീതം വച്ച് നൽകിയതിലും വീഴ്ച സംഭവിച്ചിരുന്നുവെന്നും അന്ന് ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
സെല്ലിനു പുറത്ത് തടവുകാരെ ജോലിക്കു വിടുന്പോൾ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകണമെന്നാണു ചട്ടം. എന്നാൽ ജോലിസ്ഥലത്തുനിന്നും സൗമ്യയെ കാണാതായ വിവരം ഉദ്യോഗസ്ഥർ അറിയുന്നത് പറങ്കിമാവിന്റെ കൊമ്പിൽ തൂങ്ങിയതിനു ശേഷമാണ് '. കൊലക്കേസ് പ്രതികളെ പുറംജോലിക്ക് നിയോഗിക്കുന്പോൾ പുലർത്തേണ്ട ജാഗ്രതയും സൗമ്യയുടെ കാര്യത്തിൽ ഉണ്ടായില്ല. 2018 ഓഗസ്റ്റ് 24 നാണ് സൗമ്യയെ തൂങ്ങിമരിച്ചനിലയിൽ കാണുന്നത്.












Click it and Unblock the Notifications