ലുലു ഹൈപ്പർമാർക്കറ്റിൽ മിന്നൽ പരിശോധന, ആട്ടയിൽ പ്രാണികൾ, പഴകിയ ഭക്ഷണം, ചീഞ്ഞ പച്ചക്കറികൾ!
ഹൈദരാബാദിലെ കെപിഎച്ച്ബി കോളനിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ തെലങ്കാനയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ നിരവധി വീഴ്ചകൾ. മെയ് 18ന് ലഭിച്ച ഒരു പരാതിയെ തുടർന്നായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. ഹൈപ്പർമാർക്കറ്റിന്റെ ഇൻ-ഹൗസ് അടുക്കളയിൽ വൃത്തിഹീനമായ സാഹചര്യങ്ങളും ഫ്രിഡ്ജുകളിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങളും കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഈ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് ഉദ്യോഗസ്ഥർ അപ്പോൾത്തന്നെ നശിപ്പിച്ചു.
ലുലു ഹൈപ്പർമാർക്കറ്റിലെ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ തെലങ്കാന ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. പരിശോധനയിൽ പാചകശാലയിൽ പ്രാണികളുടെ ശല്യം, ചീഞ്ഞ പച്ചക്കറികൾ എന്നിവയും കണ്ടെത്തി. കാലാവധി തീരാറായതും കീറിയതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ ലേബലുകളോടുകൂടിയ പാക്കേജുചെയ്ത ഭക്ഷ്യവസ്തുക്കളും പിടിച്ചെടുക്കപ്പെട്ടു.
റീട്ടെയിൽ വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ കടലമാവ്, ആട്ട, പരിപ്പുവർഗ്ഗങ്ങൾ എന്നിവയിൽ പ്രാണികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതായും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നു. കാലാവധി കഴിഞ്ഞ എഫ്എസ്എസ്എഐ ലൈസൻസുള്ള ഭക്ഷ്യവസ്തുക്കളും വിൽപ്പനയ്ക്കായി വെച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഉൽപ്പന്നങ്ങളിൽ പോഷക വിവരങ്ങൾ, എഫ്എസ്എസ്എഐ ലൈസൻസ് വിശദാംശങ്ങൾ, നിർമ്മാതാവിന്റെ വിലാസം എന്നിവ നൽകാത്തത് ലേബലിംഗ് നിയമങ്ങളുടെ ലംഘനമായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത് ഉപഭോക്താക്കൾക്ക് സാധനങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് തടസ്സപ്പെടുത്തുകയാണ്. കൂടാതെ മാംസം സംസ്കരിക്കുന്ന സ്ഥലത്ത് കശാപ്പുശാലയിലെ മാലിന്യങ്ങൾ അടിഞ്ഞ് ഓടകൾ അടഞ്ഞിരുന്നതായും വല്ലാത്ത ദുർഗന്ധം വമിക്കുന്നതായും കണ്ടെത്തി.
വൃത്തിഹീനമായ അന്തരീക്ഷം ഹൈപ്പർമാർക്കറ്റിലെ പല മേഖലകളിലും പ്രകടമായിരുന്നു. ഈ സാഹചര്യം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. നടപടികളുടെ ഭാഗമായി പ്രാണികൾ കയറിയ നിലയിലായിരുന്ന ഏകദേശം 150 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു നശിപ്പിച്ചു. മധുരപലഹാരങ്ങൾ, എണ്ണകൾ, ധാന്യപ്പൊടികൾ, പയറുവർഗ്ഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
#CFS_telangana - Based on the complaint received, Food Safety officials conducted an inspection at M/s Lulu Hypermarket, KPHB Colony and detected multiple serious violations across the premises.
— Commissioner of Food Safety, Telangana (@cfs_telangana) May 18, 2026
🔴 In-House Kitchen Violations:
• Poor hygiene conditions observed
• Leftover food… pic.twitter.com/b4s1bw9inh
മായം ചേർക്കൽ, അമിതമായ കൃത്രിമ നിറങ്ങളുടെ ഉപയോഗം, കടലമാവിൽ കണ്ട കീടബാധ എന്നിവ സംശയിക്കുന്ന ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സൂപ്പർമാർക്കറ്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ബേക്കറികൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഫുഡ് സേഫ്റ്റി വകുപ്പ് പൊതു മുന്നറിയിപ്പ് നൽകി. ലൈസൻസ് വിവരങ്ങൾ, നിർമ്മാണ തീയതി, കാലാവധി എന്നിവ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.













Click it and Unblock the Notifications