കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട് ജില്ലാ കലക്ടറുടെ പ്രസ്താവനക്കെതിരേ മുന്‍ എംപി പി കരുണാകരന്‍; ഉത്തരവാദപ്പെട്ട ആളുകള്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ശാസ്ത്രത്തെ മറയാക്കി' പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് അപലപനീയം, ഇരകള്‍ക്ക് നേരെ വരുന്ന എല്ലാ നീക്കങ്ങളെയും ചെറുത്തു തോല്‍പ്പിക്കണമെന്ന് മുൻ എംപി!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു നടത്തിയ വിവാദ പ്രസ്താവനക്കെതിരേ മുന്‍ എംപി പി കരുണാകരന്‍ കലക്ടറുടെ പേര് പരാമര്‍ശിക്കാതെ രംഗത്തെത്തി. ഉത്തരവാദപ്പെട്ട ചില ആളുകള്‍ ഈ വിഷയത്തില്‍ ശാസ്ത്രത്തെ മറയാക്കി' പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്.

<strong>അടിമുടി പൊളിച്ചെഴുത്തോടെ പ്രിയങ്ക ഗാന്ധി പണി തുടങ്ങി!! ഒരേ ഒരു ലക്ഷ്യം, മിഷന്‍ 2022</strong>അടിമുടി പൊളിച്ചെഴുത്തോടെ പ്രിയങ്ക ഗാന്ധി പണി തുടങ്ങി!! ഒരേ ഒരു ലക്ഷ്യം, മിഷന്‍ 2022

ഇത് മനസ്സിലാക്കാതെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ മൂലമല്ല ഈ ദുര്‍ഗതി ഉണ്ടായതെന്ന് സ്ഥാപിക്കാന്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത നാള്‍ മുതല്‍ തന്നെ വിവിധ കോണുകളില്‍ നിന്നും പലരും വലിയ ശ്രമം നടത്തിയിരുന്നു. ശാസ്ത്രജ്ഞന്‍ അടക്കമുള്ള പ്രഗത്ഭരുടെ പഠനസംഘം എന്‍ഡോസള്‍ഫാന്‍ തന്നെയാണ് ഈ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു.

P Karunakaran

ഒരുതരത്തിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടാനോ, അവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളും മനുഷ്യത്വപരമായിട്ടുള്ള സഹായങ്ങളും നഷ്ടപ്പെടാനോ പാടില്ലെന്നും ഏത് മേഖലയില്‍ നിന്നായാലും ഇരകള്‍ക്ക് നേരെ വരുന്ന എല്ലാ നീക്കങ്ങളെയും ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു.

എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കെട്ടുകഥയാണെും എന്‍ഡോസള്‍ഫാന്‍ കൈകൊണ്ട് തളിച്ചിട്ടും അസുഖം വരാത്തയാളുകള്‍ കാസര്‍കോടുണ്ടെന്നും, സാഹിത്യത്തിലല്ല ശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നുമടക്കമുള്ള വിവാദ പരാമര്‍ശങ്ങളാണ് കലക്ടര്‍ ഡോ. സജിത്ത് ബാബു ഒരു വാരികയിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഈ പ്രസ്താവകള്‍ക്കെതിരേ കാസര്‍കോടിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു വരികയാണ്.

പി കരുണാകരന്റെ ഫേസ്ബുക്ക് കുറിപ്പിലെ പൂര്‍ണരൂപം

വിഷം മണ്ണിലും മനുഷ്യ ശരീരത്തിലും പെരുമഴയായി പെയ്തിറങ്ങിയ നാളുകളുടെ ബാക്കിപത്രമാണ് ഇന്നും കാസര്‍ഗോഡ് മേഖലയില്‍ കണ്ടുവരുന്ന മനുഷ്യ കോലങ്ങള്‍. എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ കീടനാശിനി ഉപയോഗിച്ചതിന്റെ ഫലമാണ് ആരുടെയും കണ്ണു നനയിക്കുന്ന ജീവിക്കുന്ന മനുഷ്യ കോലങ്ങളുടെത്. എന്‍ഡോസള്‍ഫാന്‍ മൂലമല്ല ഈ ദുര്‍ഗതി ഉണ്ടായതെന്ന് സ്ഥാപിക്കാന്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത നാള്‍ മുതല്‍ തന്നെ വിവിധ കോണുകളില്‍ നിന്നും പലരും വലിയ ശ്രമം നടത്തിയിരുന്നു.

ഇന്നും ഉത്തരവാദപ്പെട്ട ചില ആളുകള്‍ ഈ വിഷയത്തില്‍ ശാസ്ത്രത്തെ മറയാക്കി' പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍ഗോഡ് സി പി സി ആര്‍ ഐ ഡയറക്ടറായിരുന്ന ശ്രീ ദുബേ യാണ് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിന് അനുവാദം നല്‍കിയത്. 25 വര്‍ഷം നീണ്ടുനിന്ന ദുരിതപൂര്‍ണ്ണമായ അനുഭവങ്ങള്‍ വിവിധ കമ്മീഷനുകള്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്തതിനുശേഷമാണ് എന്‍ഡോസള്‍ഫാന്‍ തന്നെയാണ് ഇവിടുത്തെ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയത്.

ഇത് മനസ്സിലാക്കാതെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഭാഗമാണോ കാസര്‍ഗോഡ് മേഖലയില്‍ ഉണ്ടായിട്ടുള്ള വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് പഠിക്കാന്‍ 8 കമ്മീഷനുകള്‍ രൂപംകൊണ്ടിട്ടുണ്ട് എന്നാണ് എന്റെ ഓര്‍മ്മ. ശാസ്ത്രജ്ഞന്‍ അടക്കമുള്ള ഈ രംഗത്തെ പ്രഗത്ഭരാണ് പഠനസംഘത്തില്‍ എല്ലാം ഉണ്ടായിരുന്നത് ഒരു കമ്മീഷന്‍ ഒഴിച്ച് ബാക്കി എല്ലാ കമ്മീഷനും എന്‍ഡോസള്‍ഫാന്‍ തന്നെയാണ് ഈ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.

അതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഇതിന്റെ ഇരകളെ സംരക്ഷിക്കാനും അവരെ പുനരധിവസിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു വരുന്നത് 1950ലാണ് ലോകത്ത് ആദ്യമായി എന്‍ഡോസള്‍ഫാന്‍ അമേരിക്ക കണ്ടു പിടിക്കുന്നത്. അമേരിക്ക തന്നെയാണ് എന്‍ഡോസള്‍ഫാന്‍ ആദ്യം തളിച്ചതും. പാരിസ്ഥിതിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അമേരിക്ക രാജ്യത്ത് ഇത് നിരോധിക്കുകയും പിന്നീട് കയറ്റുമതി തന്നെ നിരോധിക്കുകയും ചെയ്തു.

തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും ലോകത്തെ നൂറിലേറെ മറ്റ് രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുണ്ടായി. ഒരു തരത്തിലുള്ള ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ കാരണമല്ലെങ്കില്‍ എന്തിനാണ് വന്‍കിട രാജ്യങ്ങള്‍ അടക്കം ഇത് നിരോധിച്ചത് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ഇതിനെ ന്യായീകരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.

അന്താരാഷ്ട്ര തലത്തിലടക്കം വളരെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് എന്‍ഡോസള്‍ഫാന്‍. ജനീവയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കൊടും വിഷം ഉണ്ടാക്കുന്ന മാരകമായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ലോകത്താകെ ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ എംപിയായ കാലഘട്ടത്തില്‍ യു.പി.എ, എന്‍ഡിഎ സര്‍ക്കാറുകള്‍ക്ക് മുമ്പില്‍ നിരവധി തവണ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു.

പാര്‍ലമെന്റിനകത്തും , സബോര്‍ഡിനേറ്റ് കമ്മിറ്റിക്ക് മുമ്പിലും ഈ വിഷയം ശക്തമായി ഉന്നയിച്ചതിന്റെ ഭാഗമായിട്ടാണ് 230 കോടി രൂപയുടെ പ്രത്യേക പാക്കേജ് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലകള്‍ക്ക് ലഭിച്ചത്. ഈ തുക ഉപയോഗിച്ച് ഈ മേഖലകളില്‍ സ്‌കൂളുകള്‍ ,അങ്കണവാടികള്‍, കുടിവെള്ള പദ്ധതികള്‍, ബഡ്‌സ് സ്‌കൂളുകള്‍,ആശുപത്രികള്‍ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങള്‍ കൊണ്ടുവരാനായി ഇതുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിനെ കൂടി സഹകരിപ്പിച്ച് എന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു അന്താരാഷ്ട്ര സെമിനാര്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു.

കോണ്‍ കോഡ് എന്ന പേരില്‍ നടത്തിയ ആ സെമിനാറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. ഇരകളുടെ പുനരധിവാസം, ആരോഗ്യം പരിസ്ഥിതി തി. തുടങ്ങിയ വിഷയങ്ങളിലെല്ലാം വലിയ ചര്‍ച്ചകള്‍ നടത്തുകയും അവ സര്‍ക്കാറിനു മുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്തു അതിന്റെ ഭാഗമായിട്ടാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ അടക്കമുള്ള സംവിധാനങ്ങള്‍ നിലവില്‍ വന്നത്. എന്‍ഡോസള്‍ഫാന്റെ പൂര്‍ണമായ നിരോധനത്തിനു വേണ്ടി ഡിവൈഎഫ്‌ഐ സുപ്രീം കോടതിയെ സമീപിക്കുകയും.

ശാസ്ത്രീയമായ വാദങ്ങള്‍ നിരത്തി ഈ മാരക വിഷത്തെ നിരോധിക്കുന്നതിന് ഉത്തരവ് വാങ്ങുകയും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സാഹചര്യം ഒരുക്കുകയും ചെയ്തു.15 വര്‍ഷം നീണ്ടുനിന്ന എന്റെ പാര്‍ലമെന്റ് ജീവിതത്തില്‍ വൈകാരികമായി ഞാന്‍ ഇടപെട്ടത് എന്‍ഡോസള്‍ഫാന്‍ വിഷയത്തിലാണ്.ഒരുവട്ടം ലോകസഭയിലെ സ്പീക്കര്‍ തന്നെ എന്നോട് ചോദിച്ചു താങ്കള്‍ എന്തിനാണ് എന്‍ഡോസള്‍ഫാന്‍ വിഷയം സംസാരിക്കുമ്പോള്‍ ഇത്രയേറെ വികാരഭരിതനാകുന്നത് എന്ന്?.

ഇതിന്റെ ഇരകള്‍ ധാരാളമുള്ള ഒരു നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നും, ഒരുവട്ടം താങ്കളും ഇവിടെയുള്ള മനുഷ്യ രൂപങ്ങളെ കാണാനിടയായാല്‍ വൈകാരികമായല്ലാതെ ഇതിനെതിരെ സംസാരിക്കാന്‍ കഴിയില്ല എന്നും അവരോട് പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ ഞാന്‍ ഇവിടെ സൂചിപ്പിക്കാന്‍ കാരണം ഒരുതരത്തിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടാനോ, അവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളും മനുഷ്യത്വപരമായിട്ടുള്ള സഹായങ്ങളും നഷ്ടപ്പെടാനോ പാടില്ല എന്ന ഉറച്ച തീരുമാനം ഉള്ളതുകൊണ്ടാണ്. ഏത് മേഖലയില്‍ നിന്നായാലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നേരെ വരുന്ന എല്ലാ നീക്കങ്ങളെയും ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം.

English summary
Former MP Karunakaran is against the statement of Kasargod district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X