കാലുപിടിക്കല്‍ വിവാദം: എംഎസ്എഫ് നേതാവിനെതിരെ പ്രിന്‍സിപ്പല്‍, നിയമനടപടി സ്വീകരിക്കും
കാസര്‍കോട് : വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന്റെ ആരോപണത്തില്‍ മറുപടിയുമായി കാസര്‍കോട് ഗവ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം രമ രംഗത്ത്. എം എസ് എഫ് നേതാവ് തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ അസത്യങ്ങളാണെന്നും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ങ്ങള്‍ നടത്തിയ പികെ നവാസിനെതിരെ സര്‍ക്കാര്‍ അനുമതിയോടെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
അപകീര്‍ത്തിപരമായ വിധത്തില്‍ വീഡിയോകളും വാര്‍ത്തകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെയും മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പ്രിന്‍പ്പല്‍ അറിയിച്ചു .
സര്‍ക്കാരിന്റെ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പാലിക്കാന്‍ തയ്യാറാവുന്നുണ്ട്. അതിന് കൂട്ടാക്കാത്ത വിദ്യാര്‍ത്ഥികളെ ഉത്തരവാദിത്തപ്പെട്ട പ്രിന്‍സിപ്പല്‍ എന്ന നിലയ്ക്ക് ശാസിച്ചിട്ടുണ്ട്. എന്നാല്‍ മാസ്‌ക് അണിഞ്ഞ് കൂട്ടംകൂടാചതെ നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ മുഹമ്മദ് സാബിര്‍ സനത് എന്ന വിദ്യാര്‍ത്ഥി അപ്രതീക്ഷിതമായി തന്നെ ഉപദ്രവിക്കാന്‍ കൈ ഉയര്‍ത്തിയെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് വിദ്യാര്‍ത്ഥിയെ കൊണ്ട് പിഴയടപ്പിച്ചിരുന്നു.

വിദ്യാര്‍ത്ഥി സ്വമേധയ വന്ന് ക്രിമിനല്‍ കേസ് എടുത്താല്‍ ജീവിതം ബുദ്ധിമുട്ടിലാവും സഹായിക്കണമെന്നും പറഞ്ഞ് കുനിഞ്ഞ് മാപ്പ് പറഞ്ഞു. അന്ന് അത് അവിടെ അവസാനിച്ചതായിരുന്നു. എന്നാല്‍ അത് ഒരു അടവായിരുന്നു എന്നത് ഇപ്പോഴാണ് അറിയുന്നത്. മാപ്പ് പറയുന്നതിന്റെ പേരില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പ്രിന്‍സിപ്പലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കാസര്‍ഗോഡ് ഗവ . കോളേജിലെ വിദ്യാര്‍ത്ഥി തനിക്ക് നേരെയുള്ള നടപടി പിന്‍വലിക്കാന്‍ അവിശ്യപ്പെട്ടതിന് ആ കോളേജിലെ പ്രിന്‍സിപ്പല്‍ ആജ്ഞാപിച്ചത് കാലുപിടിക്കാനാണെന്ന് പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അടിമ സമ്പ്രദായ മനോഭാവം പുലര്‍ത്തുന്ന അധ്യാപകര്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നോക്കി നില്‍ക്കാനാവുന്നതല്ല നവാസ് വ്യക്തമാക്കി.
ഇത്തരം വരേണ്യ ചിന്താഗതി തലയിലേറ്റി നടക്കുന്ന അധ്യാപികക്ക് ഒരു നല്ല സമൂഹത്തെ വളര്‍ത്താന്‍ കഴിയില്ല. തികഞ്ഞ വിവേചനവും, വിദ്വേഷവുമാണ് പ്രിന്‍സിപ്പല്‍ തന്റെ വിദ്യാര്‍ത്ഥികളോട് പുലര്‍ത്തുന്നത്. ഈ അനീതിയോട് സന്ധി ചെയ്യാനാകില്ല. ഇതുമാത്രമല്ല തന്റെ കോളേജില്‍ പഠിക്കുന്ന തട്ടവും, പര്‍ദ്ധയും ധരിച്ച പെണ്‍കുട്ടികള്‍ കഞ്ചാവ് വില്പ്പന ചെയ്യുന്നു എന്നാണ് പറയുന്നത്. അപനിര്‍മ്മിതി കൊണ്ട് അപരവത്കരണം നടക്കുന്ന കാലത്ത് തീയില്‍ എണ്ണ ഒഴിക്കുന്ന വര്‍ഗ്ഗീയ വിദ്വേഷമാണ് പ്രിന്‍സിപ്പലിന്റെ നാവില്‍ നിന്ന് വന്നിരിക്കുന്നത്.
ഏതെങ്കിലും വിദ്യാര്‍ഥികള്‍ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടങ്കില്‍ രാജ്യത്തെ നിയമസംവിധാനങ്ങളെ സമീപിക്കേണ്ടതിന് പകരം ഒരു സമൂഹത്തെ അവഹേളിക്കുന്ന വര്‍ഗ്ഗീയതക്ക് കൂട്ടുനില്‍ക്കരുത്.
മാരാര്‍ജി ഭവനില്‍ നിന്നല്ല പ്രിന്‍സിപ്പല്‍ ശമ്പളം പറ്റുന്നത്. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യ സംവിധാനം സംഭരിച്ച നികുതി വരുമാനത്തില്‍ നിന്നാണ്. അടിയന്തിരമായി ഈ പ്രിന്‍സിപ്പലിനെ പുറത്താക്കി സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന്എം എസ് എഫ് ആവശ്യപ്പെടുകയാണ്. കേരളത്തിലെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും ഐക്യദാര്‍ഢ്യം കാസര്‍കോട് ഗവ. കോളേജിലെ വിദ്യാര്‍ത്ഥികളോടൊപ്പം ഉണ്ടാകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. കാലുപിടിപ്പിച്ചതല്ല സ്വമേധയാ ഇങ്ങോട്ട് വന്ന് കണ്ട് കുട്ടി കാലുപിടിച്ചതാണെന്ന പുതിയ നുണക്കഥകള്‍ പറയുന്ന പ്രിന്‍സിപ്പലിനോട് ഒന്നേ പറയാനൊള്ളൂ 'സര്‍ക്കാര്‍ ചിലവില്‍ വെച്ച ആ സി സി ടി വിയില്‍ നിന്ന് അന്നേ ദിവസത്തെ വീഡിയോ പുറത്ത് വിടാന്‍ ധൈര്യമുണ്ടോ എന്നും നവാസ് ചോദിച്ചിരുന്നു.












Click it and Unblock the Notifications