മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റിടാതെ കറങ്ങി,ക്യാമറയിൽ കുടുങ്ങി; ഒരാൾ പിടിയിൽ
കാഞ്ഞങ്ങാട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ കള്ളൻമാരിൽ ഒരാളെ പിടികൂടി പോലീസ്. കോഴിക്കോട് യോഗികുളങ്ങര ക്ഷേത്രത്തിനു സമീപം പുനത്തിൽ മീത്തൽ വീട്ടിലെ വിപി അഭിനവിനെ (19) ആണ് അറസ്റ്റിലായത്. കോഴിക്കോട് മേപ്പയൂരിൽനിന്ന് ഹൊസ്ദുർഗ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാൾക്കൊപ്പമുള്ള അബിൻരാജിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയായ ഏച്ചിക്കാനം ചെമ്പിലോട്ടെ കെ ഭാസ്കരന്റെ ബൈക്കാണ് മോഷണം പോയത്.ജൂൺ 27ന് കാഞ്ഞങ്ങാട്ട് ഒരു ഷോപ്പിങ് കോംപ്ലക്സിന്റെ പാർക്കിങ് ഏരിയയിൽ വെച്ചതായിരുന്നു ബൈക്ക്. ഇവിടെ നിന്നാണ് കള്ളൻമാർ ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോയത്. സംഭവത്തിൽ പരാതി നൽകിയെങ്കിലും പ്രതികളെ കുറിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല.

ഇതിനിടയിൽ കഴിഞ്ഞ ദിവസം മോഷ്ടിച്ച ബൈക്കുമായി പ്രതികൾ ഹെൽമറ്റ് ഇടാതെ യാത്ര ചെയ്യുകയും ഇത് റോഡ് ക്യാമറയിൽ വൃത്തിയായി പതിയുകയും ചെയ്തു. പുതിയ കോട്ട മുതൽ കോഴിക്കോട് വരെയായിരുന്നു ഇവർ ബൈക്കോടതിച്ചത്. 5 സ്ഥലങ്ങളിലാണ് ഇവർ ക്യാമറയിൽ കുടുങ്ങിയത്. തുടർന്ന് ഹെൽമറ്റ് ഇടാതെ യാത്ര ചെയ്തതിന് ഭാസ്കരന് 9,500 രൂപ പിഴ നോട്ടീസ് ലഭിക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ച പിന്നാലെ തന്നെ ഭാസ്കരൻ വീണ്ടും പോലീസിനെ സമീപിച്ചു. ഇതോടെ ഹോസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
പിന്നാലെയാണ് പ്രതികളിൽ ഒരാളെ പിടികൂടിയത്. എന്നാൽ ഇയാളുടെ കൈയ്യിൽ നിന്ന് ബൈക്ക് കണ്ടെത്താനായിട്ടില്ല. അബിൻ രാജിന്റെ കൈവശമാണ് ബൈക്ക് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.


Click it and Unblock the Notifications