കണ്ണൂർ കോർപറേഷൻ ആര് ഭരിക്കും? മാർട്ടിൻ ജോർജ് മേയറാവാൻ സാധ്യത
കണ്ണൂർ: 34 സീറ്റുമായാണ് കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് വിജയമുറപ്പിച്ചത്. ഒരു സീറ്റിൽ വിജയിച്ച കോൺഗ്രസ് വിമതനും യുഡിഎഫിനൊപ്പമാകും ഇക്കുറി ഭരണപക്ഷത്തിരിക്കുക. സാധാരണ കോൺഗ്രസും ലീഗും മേയർ സ്ഥാനം പങ്കിട്ടെടുക്കാറാണ് പതിവ്. കഴിഞ്ഞ തവണ 13 മാസം ഭരണം കിട്ടിയപ്പോഴും ഇരുപാർട്ടികളും സ്ഥാനം പങ്കിട്ടെടുക്കുകയായിരുന്നു. ഇക്കുറിയും അത് തുടരണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ആദ്യ രണ്ടര വർഷം കോൺഗ്രസായിരിക്കും മേയർ സ്ഥാനത്ത്. എന്നാൽ ലീഗിന് ഡെപ്യൂട്ടി മേയർ സ്ഥാനം മാത്രം കൊടുത്താൽ മതിയെന്നാണ് കോൺഗ്രസിൽ നിന്നുയരുന്ന പൊതു വികാരം.
ഇക്കുറി 34 സീറ്റിൽ 20 കോൺഗ്രസിനും 14 മുസ്ലിംലീഗിനുമാണ് ലഭിച്ചിട്ടുള്ളത്. മാർട്ടിൻ ജോർജിനെ കൂടാതെ കെപിസിസി അംഗം ടി ഒ മോഹനനും പി കെ രാഗേഷും മേയർ സ്ഥാനത്തിനായി രംഗത്തുണ്ട്. സംഘടനയിലും ജനപ്രതിനിധിയെന്ന നിലയിലും പരിചയമുള്ള ടി ഒ മോഹനനെ മേയറായി പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചുകഴിഞ്ഞു. മാർട്ടിനുമുമ്പ് കെഎസ്‌യു നേതാവായും കോൺഗ്രസ് സംഘടനാ നേതൃത്വത്തിലേക്കും മോഹനൻ വന്നുവെന്നതുമാണ് ഈ വിഭാഗം ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഏതു വിധേയനയും മേയർ സ്ഥാനം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് പി കെ രാഗേഷും. ഇതിന് തടയിടാനുള്ള നീക്കങ്ങളുമായി മറുവിഭാഗവും രംഗത്തുണ്ട്.

കാനത്തൂരിൽ കെ സുധാകരന്റെ നോമിനിയായ ഷിബു ഫെർണാണ്ടസിന്റെ തോൽവിയും ജില്ലാ നേതൃത്വത്തിലെ എ ഗ്രൂപ്പ്സുധാകരനെതിരായ ആയുധമാക്കാൻ ശ്രമിക്കുന്നുണ്ട്. മേയറെ നിർണയിക്കുന്നതിൽ സുധാകരന്റെ അടിച്ചേൽപ്പിക്കൽ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ആശിർവാദത്തോടെ മത്സരിച്ച സുരേഷ് ബാബു എളയാവൂരിനും മേയർ കസേരയിൽ കണ്ണുണ്ട്.
സീറ്റ് നിഷേധിച്ചതിനെതുടർന്ന് കെ സി വേണുഗോപാൽ നിർദേശിച്ചതനുസരിച്ചാണ് സുരേഷ് ബാബുവിന് മത്സരിക്കാൻ അവസരം ലഭിച്ചതെന്നാണ് വിവരം. വെറും രണ്ടു വോട്ടിനാണ് ഇദ്ദേഹം തായത്തെരു വാർഡിൽ നിന്നും ജയിച്ചത്. എന്തു തന്നെയായാലും കണ്ണൂർ കോർപറേഷനിൽ കെ സുധാകരൻ നിർദ്ദേശിക്കുന്നയാളായിരിക്കും മേയർ പദവിയിലെത്തുക. മേയർ കുപ്പായമിടാൻ ആഗ്രഹിച്ചു നടക്കുന്ന നേതാക്കളെല്ലാം തന്നെ സുധാകര ഗ്രൂപ്പിലെ പ്രമുഖരാണ്












Click it and Unblock the Notifications