കേരളത്തില്‍ നിന്നും കാണാതായ 16 പേര്‍ ഐസിസില്‍ ചേര്‍ന്നു, ഡോക്ടര്‍ന്മാരായ ദമ്പതികൾ ഉൾപ്പടെ
തിരുവനന്തപുരം: കേരളത്തില്‍ നിന്നും കാണാതായ 16 പേര്‍ ഐസിസില്‍ ചേര്‍ന്നു. കാസര്‍കോട് നിന്ന് കാണാതായ ഡോക്ടര്‍ന്മാരായ ദമ്പതികള്‍ ഉള്‍പ്പടെ യുവാക്കളും കുട്ടികളും സംഘത്തില്‍ ഉണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
കഴിഞ്ഞ മെയ് മാസത്തില്‍ കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിന്നും കാണാതെ പോയ ആറ് യുവാക്കളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇവര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായി സൂചനകള്‍ ലഭിച്ചത്. ഇവരുടെ ബന്ധുക്കളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയ്ക്ക് സംസ്ഥാനത്തെ പോലീസ് കൈമാറുന്നുണ്ട്.

കാസര്‍കോട് നിന്നും നാല് ദമ്പതികളും മൂന്ന് യുവാക്കളും രണ്ടു കുട്ടികളുമാണ് ഐസിസില്‍ ചേര്‍ന്നിട്ടുള്ളത്. പാലക്കാട് സ്വദേശികളായ ദമ്പതികളും, കോഴിക്കോട് നിന്നും യുവാക്കളും ഐസിസില്‍ ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട് നിന്നും മെയ് 28ന് കാണാതായ യുവാവ് സ്ഥിരമായി ഇസ്ലാമിക് പഠനത്തിന് പോകാറുണ്ടെന്നും ശ്രീലങ്കയിലേക്ക് പഠനത്തിനായി പോകുകയാണെന്ന് പറയുകയും ചെയ്തിരുന്നു. കാണാതായതിന് ശേഷം ഐസിസ് അനുഭാവത്തോടെയുള്ള മെസേജുകള്‍ വീട്ടുകാര്‍ക്ക് അയച്ചിരുന്നു. ഇന്റര്‍നെറ്റില്‍ നിന്നുമാണ് മെസേജ് അയച്ചത് എന്ന് പറയുന്നു. എന്നാല്‍ എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വടക്കന്‍ കേരളത്തില്‍ നിന്നും ഐസിസിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് ആശങ്കാജനകമാണെന്ന് കാണിച്ച് കാസര്‍കോട് എംപി പി കരുണാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വിഷയത്തെ ഗൗരവമായി കണക്കിലെടുത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications