പ്രണയക്കൊല; രണ്ടുവർഷത്തിനിടെ 180 പേർ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പ്രണയത്തിൻ്റെ പേരിൽ മാത്രം രണ്ടുവർഷത്തിനിടെ 180 പേർ ആത്മഹത്യ ചെയ്തതായി പൊലീസിൻ്റെ റിപ്പോർട്ട്. പ്രണയനൈരാശ്യം മാത്രമല്ല, പ്രണയം നടിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ക്രൂരതകളും വർധിക്കുകയാണ്. പാലായിലെ നിഥിനയുടെ കൊലപാതകവും, പ്രണയാഭ്യർത്ഥന നിരസിച്ചതിന് കിളിമാനൂരിലെ പ്ലസ് ടു വിദ്യാർഥിനി ആൽഫിയയുടെ വിഷം കഴിച്ചുള്ള മരണവുമൊക്കെ കേരളത്തിലുണ്ടായിട്ടും പലരും സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കുന്നില്ല. മനുഷ്യമനസാക്ഷിയെ പോലും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള ക്രൂരതകൾക്ക് അറുതി വരുത്തണമെന്ന ആവശ്യമാണ് പൊതുസമൂഹത്തിൽ നിന്ന് ഉയരുന്നത്.

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പാലായിൽ ഒരാഴ്ച മുമ്പാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയെ സഹപാഠി പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അതി ദാരുണമായ സംഭവം നടന്ന പിറ്റേദിവസം തന്നെ തിരുവനന്തപുരം കിളിമാനൂരിൽ ആൽഫിയയെന്ന പെൺകുട്ടി വിഷം കഴിച്ച് മരിക്കുകയും ചെയ്തു. ആംബുലൻസ് ഡ്രൈവർ ജിഷ്ണുവുമായുള്ള പ്രണയത്തിലായിരുന്നു ആൽഫിയ. അയാൾക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആ പെൺകുട്ടി ചങ്ക് പൊട്ടി തകർന്നു പോയി.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

തന്നെ ചതിച്ചാൽ ജീവനൊടുക്കുമെന്ന് പെൺകുട്ടി പറഞ്ഞിട്ടുപോലും വെല്ലുവിളിയോടെയാണ് പ്രതിയായ ആംബുലൻസ് ഡ്രൈവർ അതിനെ ഏറ്റെടുത്തത്. കൂടാതെ, പെൺകുട്ടിയുടെ ഫോൺ നമ്പർ ജിഷ്ണു ബ്ലോക്ക് ചെയ്യുകയും ചെയ്തു. വിഷം കഴിച്ച കാര്യം ജിഷ്ണുവിനോടും സുഹൃത്തിനോടും ആൽഫിയ പറഞ്ഞിരുന്നു. എന്നാൽ, ഇത് ഇരുവരും വീട്ടുകാരെ അറിയിക്കാതെ മറച്ചു വെക്കുകയായിരുന്നു. നാലുദിവസം ആൽഫിയയുമായി കുടുംബം വിവിധ ആശുപത്രികളിൽ കയറിയിറങ്ങിയെങ്കിലും സംഭവത്തിൻ്റെ കാരണം ഡോക്ടർമാർ കണ്ടെത്തുമ്പോഴേക്കും പെൺകുട്ടി മരിക്കുകയായിരുന്നു. പ്രതിയായ ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണാകുറ്റം രജിസ്റ്റർ ചെയ്തു.

ഇത്തരത്തിൽ, പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ മാത്രമല്ല, പ്രണയം നടിച്ചു പെൺകുട്ടികളെ വലയിൽ വീഴ്ത്തി ചതിക്കുന്ന ആളുകളുടെ എണ്ണവും സംസ്ഥാനത്ത് വർധിക്കുകയാണ്.പൊലീസിൻ്റെ കണക്കുകളിലാണ് 180 ഓളം പേർ രണ്ടുവർഷത്തിനിടെ ആത്മഹത്യ ചെയ്തതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

പാലായിലെ കൊലപാതകമെടുത്ത് പരിശോധിച്ചാൽ, തന്നെ പ്രണയം മനുഷ്യൻ്റെ ജീവനെടുക്കുന്ന അരുംകൊലയുടെ ആഴങ്ങൾ മനസ്സിലാക്കാനാകും. നിഥിനയെന്ന ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്താൻ പേപ്പർ കട്ടർ പോലുള്ള ആയുധം ഉപയോഗിച്ചതിലും കരുതിക്കൂട്ടി കൊലപ്പെടുത്താൻ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടതുമൊക്കെ കേരളീയ സമൂഹത്തെ ഞെട്ടിച്ചിരുന്നതാണ്.

ആദ്യം മൊഴി മാറ്റി പറഞ്ഞതിലും പിന്നീട് തെളിവെടുപ്പിനും പൊലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിനുമൊടുവിൽ പ്രതി കുറ്റസമ്മതം നടത്തി രംഗത്തുവന്നതും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ കൊലപാതകം ആസൂത്രിതമാണെന്നും പ്രതിക്ക് സഹായം ലഭിച്ചിരുന്നുവെന്നുമുള്ള പൊലീസിൻ്റെ സംശയവും ദുരൂഹതകൾ ബാക്കിയാക്കുകയാണ്. ഒറ്റ കുത്തിൽ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയതും പഞ്ചഗുസ്തി ചാമ്പ്യനായ പ്രതിക്ക് അനായാസം കൃത്യം ചെയ്യാനായെന്നുമുള്ള വിലയിരുത്തലും ആ പെൺകുട്ടിയുടെ കുടുംബത്തെ തകർത്തു കളയുന്നതിനു തുല്യമായിരുന്നു. നിഥിനയെ കൊല്ലുമെന്ന് സുഹൃത്തിന് പ്രതി സന്ദേശമയച്ചിരുന്നതും വൈരുദ്ധ്യമായ മൊഴികൾ പ്രതി പറഞ്ഞിരുന്നതും സമൂഹം ചർച്ച ചെയ്യപ്പെട്ടിരുന്നതാണ്.

മതിയായ കൗൺസിലിംഗും ബോധവൽക്കരണവും ഇത്തരക്കാരിൽ ഇല്ലാത്തതാണ് ആത്മഹത്യകൾ പെരുകാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വീട്ടുകാർ അറിയാതെ പലരും പ്രണയത്തിലാവുകയും അത് പിന്നീട് ചതിക്കുഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടാകുന്നതാണ് പല സംഭവങ്ങളിലും പൊതുവേ കൂടുതൽ കണ്ടുവരുന്നത്. ഇത്തരം കൊലപാതകങ്ങൾക്ക് ഇനിയെങ്കിലും അറുതി വരുത്തണമെന്നാണ് പൊതുസമൂഹം ഭരണസംവിധാനങ്ങളോട് ആവശ്യപ്പെടുന്നത്. കുറ്റവാളികളെ പിടികൂടി യഥാസമയം മാതൃകാപരമായി ശിക്ഷ നടപ്പിലാക്കുകയും പൊതുജനങ്ങളോട് സംഭവങ്ങളുടെ വ്യാപ്തി വിശദീകരിച്ച് വിശദമായ ബോധവൽക്കരണം നടത്താൻ കഴിയുകയും ചെയ്യുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് പൊതുവിലയിരുത്തൽ.












Click it and Unblock the Notifications