പൊറുക്കാനാവാത്ത വാക്കുകൾ! ജോലി തെറിച്ചതിന് പിന്നാലെ വിഷ്ണുവിനെതിരെ ക്രിമിനൽ കേസും....

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കത്വയിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ അപമാനിച്ച് ഫേസ്ബുക്കിൽ കമന്റിട്ട മലയാളി യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊച്ചി മരട് സ്വദേശിയും കൊട്ടക്ക് മഹീന്ദ്ര ബാങ്കിലെ അസിസ്റ്റന്റ് മാനേജറുമായിരുന്ന വിഷ്ണു നന്ദകുമാറിനെതിരെ കൊച്ചി പനങ്ങാട് പോലീസാണ് കേസെടുത്തത്.

കത്വയിൽ കൊല്ലപ്പെട്ട എട്ടു വയസുകാരിയെ 'ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കിൽ ഇന്ത്യക്കെതിരെ ബോംബ് ആയി വന്നേനെ' എന്ന വിഷ്ണുവിന്റെ ഫേസ്ബുക്ക് കമന്റിനെതിരെ പ്രതിഷേധമാണുണ്ടായിരുന്നത്. വിഷ്ണുവിന്റെ കമന്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതികളുമെത്തി. ഇതിനുപിന്നാലെയാണ് കൊച്ചി പനങ്ങാട് പോലീസ് വിഷ്ണുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

 പനങ്ങാട് പോലീസ്...

പനങ്ങാട് പോലീസ്...

കൊല്ലപ്പെട്ട കശ്മീരി ബാലികയെ അപമാനിച്ച് ഫേസ്ബുക്ക് കമന്റിട്ട വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊച്ചി പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചുവെന്ന ഐപിസി 153 എയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കൊച്ചി മരട് സ്വദേശിയായ വിഷ്ണു നന്ദകുമാർ പാലാരിവട്ടം കൊട്ടക്ക് മഹീന്ദ്ര ബാങ്കിലായിരുന്നു ജോലി ചെയ്തിരുന്നത്. കൊട്ടക്ക് മഹീന്ദ്രയിലെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജറായിരുന്ന വിഷ്ണുവിനെ വിവാദ കമന്റിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. വിവാദ കമന്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് പിന്നാലെ കൊട്ടക്ക് മഹീന്ദ്ര ബാങ്കിനെതിരെയും ഹേറ്റ് ക്യാമ്പയിനുകളുണ്ടായിരുന്നു. ഇതിനെ തുടർന്ന് ബാങ്കിന്റെ ഫേസ്ബുക്കിലെ റേറ്റിങ് കുത്തനെ താഴുകയും ചെയ്തു.

നിരവധി പരാതികൾ...

നിരവധി പരാതികൾ...

പാലാരിവട്ടം ബ്രാഞ്ചിലെ ജീവനക്കാരനായ വിഷ്ണുവിനെ ബാങ്കിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേരാണ് കൊട്ടക്ക് മഹീന്ദ്രയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്തിരുന്നത്. ഇതോടൊപ്പം കൊട്ടക്ക് മഹീന്ദ്രയുടെ ഫേസ്ബുക്ക് പേജിന് ഡിസ് ലൈക്കുകളും വൺ സ്റ്റാർ റേറ്റിങും വർദ്ധിച്ചു. ഇതിനുപിന്നാലെയാണ് വിഷ്ണു നന്ദകുമാറിനെ കൊട്ടക്ക് മഹീന്ദ്ര ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. കശ്മീരി ബാലികയ്ക്കെതിരായ വിവാദ കമന്റിൽ വിഷ്ണു നന്ദകുമാർ പിന്നീട് ക്ഷമ ചോദിച്ചിരുന്നെങ്കിലും ഇയാൾക്കെതിരെയുള്ള പ്രതിഷേധത്തിന് കുറവുണ്ടായില്ല. കൊല്ലപ്പെട്ട പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കമന്റിട്ട വിഷണുവിനെതിരെ നിരവധി സംഘടനകളും വ്യക്തികളും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.

അക്കൗണ്ടുകൾ...

അക്കൗണ്ടുകൾ...

കെഎസ് യു അടക്കമുള്ള സംഘടനകളും കഴിഞ്ഞദിവസം വിഷ്ണു നന്ദകുമാറിനെതിരെ പരാതി നൽകിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും സംഭവത്തിൽ പരാതി ലഭിച്ചു. ഈ സാഹചര്യത്തിലാണ് പനങ്ങാട് പോലീസ് വിഷ്ണു നന്ദകുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, താൻ വേറൊരു സന്ദർഭത്തിൽ പറഞ്ഞ കാര്യം കശ്മീരിലെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെടുത്തി തന്റെ വാക്കുകളെ വളച്ചൊടിച്ചെന്നാണ് വിഷ്ണു നന്ദകുമാറിന്റെ ആരോപണം. നേരത്തെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇയാൾ തന്റെ ആദ്യത്തെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ മറ്റൊരു അക്കൗണ്ട് തുടങ്ങിയാണ് സംഭവത്തിൽ വിശദീകരണം നൽകിയത്. മറ്റൊരു സന്ദർഭത്തിൽ പറഞ്ഞ തന്റെ വാക്കുകളെ ഈ സംഭവവുമായി ബന്ധപ്പെടുത്തി വളച്ചൊടിച്ചത് ഒട്ടും ശരിയായില്ലെന്നും, വ്യക്തിപരമായി വിരോധമുള്ള ചിലരാണ് ഇതിന് പിന്നിലെന്നും വിഷ്ണു നന്ദകുമാർ പുതിയ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആരോപിച്ചിരുന്നു.

മറ്റ് വിഷ്ണുമാർ...

മറ്റ് വിഷ്ണുമാർ...

ഖേദപ്രകടനത്തിന് പിന്നാലെ തന്റെ രണ്ടാമത്തെ ഫേസ്ബുക്ക് അക്കൗണ്ടും വിഷ്ണു നന്ദകുമാർ ഡിലീറ്റ് ചെയ്തു. എന്നാൽ ഇതൊന്നുമറിയാത്തവർ ഫേസ്ബുക്കിൽ വിഷ്ണു നന്ദകുമാർ എന്ന അക്കൗണ്ടുള്ളവർക്കെതിരെയെല്ലാം തെറിവിളി തുടങ്ങിയിരുന്നു. യഥാർഥ വിഷ്ണു ആരെന്നറിയാതെ ആയിരുന്നു ഇവരെല്ലാം മറ്റ് വിഷ്ണുമാരുടെ അക്കൗണ്ടിൽ കേറി നിരങ്ങിയത്. പതിവില്ലാത്ത വിധം മെസേജുകളും ഫ്രണ്ട് റിക്വസ്റ്റുകളും കണ്ട് പന്തികേട് തോന്നിയ പാവം വിഷ്ണുമാർ ഒടുവിൽ താനല്ല ആ വിഷ്ണുവെന്ന് വ്യക്തമാക്കി പോസ്റ്റിട്ടു. പക്ഷേ, എന്നിട്ടും ചില വിരുതന്മാർ പൊങ്കാല അവസാനിപ്പിച്ചില്ല. ചില വിഷ്ണുമാർ മെസേജുകൾക്ക് മറുപടി നൽകി മടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ യഥാർഥ വിഷ്ണു നന്ദകുമാറിനെ ജോലിയിൽ നിന്ന് പുറത്താക്കിയെന്ന കൊട്ടക്ക് മഹീന്ദ്രയുടെ പോസ്റ്റിനും സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

കത്വായിലെ ദൈവത്തിന് അന്ന് ജലദോഷമായിരുന്നു... പിന്നെ മൂങ്ങനും ബധിരനും; ദൈവത്തിന് ട്രോൾ പൊങ്കാല

ബിനാമി ഇടപാടുകാർക്ക് പിടിവീഴുന്നു! അതിസമ്പന്നരുടെ ഭാര്യമാരും പ്രവാസികളും നിരീക്ഷണത്തിൽ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
abusive facebook comment about kathua rape victim;police case against vishnu.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്