അക്രമപലിശ ഈടാക്കുന്ന സ്വയംസഹായ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണം; തോമസ് ഐസക്
ആലപ്പുഴ; അക്രമപലിശ ഈടാക്കുന്ന സ്വയംസഹായ സംഘങ്ങൾക്കെതിരെ നടപടിയെടുക്കമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. തിരുവല്ലയിൽ ആത്മഹത്യ ചെയ്ത കര്‍ഷകൻ രാജീവിനറെ വീട് സന്ദർശിച്ച പിന്നാലെയായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. മൈക്രോ ഫിനാൻസ് ബാങ്കുകളുടെ വരവോടെ ഇത്തരം സംവിധാനങ്ങൾ കേരളത്തിൽ തഴച്ചുവളരുകയാണ്. നിലവിലുള്ള മണിലന്റ് ആക്ട് പ്രകാരം 18 ശതമാനത്തിലേറെ പലിശ വാങ്ങാൻ അനുവാദമില്ല. സ്വയം സഹായ സംഘമായ നവോദയ നിയമവിരുദ്ധമായിട്ടാണു പ്രവർത്തിക്കുന്നത്. കർശനമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

40,000 രൂപ കടത്തിന്റെ പേരില്‍ സംഘം നവോദയ പുരുഷ സ്വയംസഹായ സംഘത്തിൽ നിന്നും രാജീവിന് ഭീഷണി ഉണ്ടായിരുന്നുവെന്ന് നേരത്തേ സഹോദരൻ പ്രസാദ് ആരോപിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു ആത്മഹ്യതയെന്നും പ്രസാദ് പറഞ്ഞിരുന്നു.
തോമസ് ഐസകിന്റെ കുറിപ്പ്-കൈയ്യിൽ എന്തുകിട്ടിയാലും സർക്കാരിനെ അടിക്കാനുള്ള വടിയായിട്ടാണ് ഇന്നു ബിജെപിയും യുഡിഎഫും ഉന്നംവയ്ക്കുന്നത്. നിരണത്ത് രജീവ് സരസൻ എന്ന കർഷകന്റെ ആത്മഹത്യ സർക്കാരിന്റെ വീഴ്ചയായി പ്രതിഷേധിക്കുന്നത് ഉദാഹരണമാണ്. രജീവൻ നല്ലൊരു കർഷകനാണ്. മൂന്നരയേക്കറിലാണ് പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നത്. ഇതിൽ രണ്ടേക്കറിലെ നെല്ല് കൊയ്തു. സപ്ലൈകോ സംഭരിക്കുകയും ചെയ്തു. എന്നാൽ ബാക്കി നിലം കൊയ്യുന്നതിനു മുമ്പ് കാലംതെറ്റിവന്ന മഴ ചതിച്ചു. കൊയ്യാത്ത നെല്ലെല്ലാം ഒടിഞ്ഞ് നിലംപറ്റി കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. ഇൻഷ്വറൻസ് തുക നഷ്ടം നികുത്തുന്നതിന് അപര്യാപ്തമാണ്. 35000 രൂപയാണ് ഹെക്ടറിന് ഇൻഷ്വറൻസ് തുക. പക്ഷെ ഒരുകാര്യം ഓർക്കണം.
കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പ്രീമിയം തുക സെന്റിന് ഒരു രൂപ തന്നെ നിലനിർത്തിക്കൊണ്ട് ഇൻഷ്വറൻസ് തുക മൂന്നിരട്ടിയായി വർദ്ധിപ്പിച്ചത്. ഇതിനു പുറമേ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുമുണ്ട്. ഹെക്ടറിന് 80000 രൂപ വരെ കിട്ടും.
പക്ഷെ കടമ്പകളേറെയുണ്ട്. ഒരു പഞ്ചായത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ ഭാഗം നഷ്ടമുണ്ടായാൽ മാത്രമേ പഞ്ചായത്തിലെ ഇൻഷ്വർ ചെയ്ത കർഷകർക്കു നഷ്ടപരിഹാരം ലഭിക്കൂ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സാമ്പിൾ സർവ്വേ തന്നെ ജില്ലാതല ജോയിന്റ് കമ്മിറ്റിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുക. സർക്കാരിന്റെ പ്രത്യേക വിജ്ഞാപനം ഇതിന് ആവശ്യമാണ്.
വെള്ളപ്പൊക്കം ഉണ്ടായാൽ നെല്ല് ഒഴികെയുള്ള വിളകൾക്കു മാത്രമേ ഇതു ലഭിക്കുകയുള്ളൂ. കൊയ്ത്തിനു 15 ദിവസം മുമ്പുള്ള വിളകൾക്കു മാത്രമേ അർഹതയുള്ളൂ. കൂടാതെ ഇൻഷ്വറൻസ് പ്രീമിയം 1200 രൂപയും. ഇതെല്ലാം കടന്ന് ഇൻഷ്വറൻസ് കമ്പനിയിൽ നിന്നും ഈ തുക ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുമൂലം കൃഷിക്കാർ ഇതിൽ ചേരാറില്ല. എന്നാൽ വായ്പയെടുക്കുന്നവർക്ക് കേന്ദ്ര ഇൻഷ്വറൻസ് നിർബന്ധമാണ്. അതുകൊണ്ട് രജീവന് രണ്ട് ഇൻഷ്വറൻസിന്റെയും തുക ലഭിക്കും. ഈ സ്ഥിതിവിശേഷത്തിൽ കൃഷി നാശംമൂലം നഷ്ടം ഉണ്ടാകുമെങ്കിലും കൃഷിക്കാരൻ ആകെ തകർന്നുപോകില്ല.
ബിജെപിക്കാർ തമസ്കരിക്കുന്ന മറ്റൊരു സുപ്രധാന വസ്തുതയുണ്ട്. രണ്ടേക്കർ കൃഷിയുടെ നെല്ല് സപ്ലൈകോ സംഭരിച്ചൂവല്ലോ. കേന്ദ്രസർക്കാർ 18 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ കേരളത്തിൽ 28.20 രൂപയാണു സംഭരണവില. ഇതിനുപുറമേ തദ്ദേശഭരണ സ്ഥാപനങ്ങൾ പരമാവധി ഹെക്ടറിന് 22000 രൂപ വരെ സബ്സിഡിയായി നൽകാം. രജീവന് ജില്ലാ പഞ്ചായത്തിന്റെ 4500 രൂപ ലഭിച്ചു. നിരണം ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ എത്രയാണ് വച്ചിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഇതിനുപുറമേ സുസ്ഥിര നെൽകൃഷി വികസനത്തിന് കൃഷി ഡിപ്പാർട്ട്മെന്റിൽ നിന്ന് 5500 രൂപയും പ്രൊഡക്ഷൻ ബോണസായി 1000 രൂപയും നൽകും. ഇന്ത്യയിൽ നെൽകൃഷിക്ക് ഏറ്റവും കൂടുതൽ ധനസഹായം നൽകുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ വർഷം മൊത്തം 19307 രൂപ രജീവന് എല്ലാ സ്കീമുകളിൽ നിന്നുമായി സഹായം ലഭിച്ചിരുന്നു. രജീവന്റെ ബന്ധുക്കൾ കൃഷിനാശംമൂലമല്ല ആത്മഹത്യ എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടായിരുന്നു.
രജീവന്റെ ആത്മഹത്യയുടെ കാരണം വേറെ അന്വേഷിക്കേണ്ടിയിരിക്കുന്നു.
നിരണത്തെ 2, 3, 4, 5 വാർഡുകളിൽ പ്രവർത്തിക്കുന്ന നവോദയ സഹായ സംഘത്തിലെ 27 അംഗങ്ങളിൽ ഒരാളാണ് രജീവൻ. സ്വയംസഹായ സംഘമാണെങ്കിലും പ്രായോഗികമായി സംഘത്തിന്റെ നിയന്ത്രണം സ്ഥിരം രക്ഷാധികാരിയായ ഒരാളിലാണ്. ഒരു ലക്ഷം രൂപാ വരെ സാധാരണ അയൽക്കൂട്ടങ്ങളിൽ നല്കുന്ന പലിശയ്ക്ക് അംഗങ്ങൾക്കു ലഭിക്കും. എന്നാൽ ഇതിൽ കൂടുതൽ വരുന്ന തുകയ്ക്കു ബ്ലേഡ് പലിശയ്ക്കാണു പണം നൽകുക. അംഗങ്ങൾക്ക് എത്ര വേണമെങ്കിലും കിട്ടും. അംഗങ്ങൾതന്നെ ഇതിനെ ബ്ലേഡ് വായ്പ എന്നാണു വിശദീകരിച്ചത്. ഇതു സംഘത്തിന്റെ വരവ്-ചെലവിൽ ഉൾപ്പെടില്ല.
തിരിച്ചടവ് മുടങ്ങിയാലും സ്വയം സഹായ സംഘത്തിന്റെ മീറ്റിങ്ങിൽ പങ്കെടുക്കാതിരുന്നാലും ഫൈൻ ഉണ്ട്. തിരിച്ചടവ് മുടങ്ങിയാൽ ഒരു ലക്ഷത്തിന് 1000 രൂപ ഫൈൻ. രജീവന് 2 ആഴ്ചയിലെ മുടക്കം വന്നു. കഴിഞ്ഞയാഴ്ച ഫൈൻ 3000 സഹോദരനാണ് അടച്ചത്. രജീവൻ ബാങ്കിൽ നിന്നെടുത്ത വായ്പ പുതുക്കി കൊടുത്തതുകൊണ്ട് കുടിശികയില്ല. ബ്ലേഡ് വായ്പ കുടിശികയായി. ആഴ്ചയിൽ 14000 രൂപയാണ് അടയ്ക്കേണ്ടത്. ഇതു രണ്ട് ഗഡുക്കൾ കുടിശികയായി. ഇതുസംബന്ധിച്ച നിരന്തരമായ ഫോൺവിളികൾ ഉണ്ടായിരുന്നു. സംഘത്തിലേക്ക് പോകുന്നൂവെന്നു പറഞ്ഞ് ഇറങ്ങിയ രജീവൻ പാടത്തിനടുത്ത് ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഇതിനു മുമ്പും ഇതുപോലുള്ള തീവ്രആത്മസംഘർഷങ്ങൾ പലർക്കും നേരിടേണ്ടിവന്നൂവെന്ന് നാട്ടുകാർ പറയുന്നുണ്ടായിരുന്നു. കണ്ണൻ, മാമ്മൻ ചാക്കോ എന്നിവർക്ക് ബ്ലേഡ് വായ്പ തിരിച്ചടയ്ക്കാൻ സ്വന്തം വീട് വിൽക്കേണ്ടി വന്നു. അബ്ദുൾ മജീദ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. പണം അടയ്ക്കാൻ താമസിച്ചാൽ സംഘം രക്ഷാധികാരിയുടെ ഭീഷണികൾ വരെ ഉണ്ടാകാറുണ്ട്.
അക്രമപലിശ ഈടാക്കുന്ന പലവിധ സ്വയംസഹായ സംഘങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീയുമായി ഇവയ്ക്ക് യാതൊരു താരതമ്യവും ഇല്ല. മൈക്രോ ഫിനാൻസ് ബാങ്കുകളുടെ വരവോടെ ഇത്തരം സംവിധാനങ്ങൾ കേരളത്തിൽ തഴച്ചുവളരുകയാണ്. നിലവിലുള്ള മണിലന്റ് ആക്ട് പ്രകാരം 18 ശതമാനത്തിലേറെ പലിശ വാങ്ങാൻ അനുവാദമില്ല. പിന്നെ ഏറിയാൽ 2 ശതമാനം പ്രൊസസിംഗ് ചാർജ്ജും. നവോദയ നിയമവിരുദ്ധമായിട്ടാണു പ്രവർത്തിക്കുന്നത്. കർശനമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാവണം. അതുപോലെ തന്നെ രജീവന്റെ കുടുംബത്തിനു പരമാവധി സഹായം എത്തിക്കുകയും വേണം.
രണ്ടാമത്തെ മകൻ അമ്പാടി ബന്ധുക്കളെല്ലാം ഇരിക്കുന്ന മുറിയിലേക്കു വന്നില്ല. അവനു നാളെ പ്ലസ്ടു പരീക്ഷയാണ്. ഈ ബഹളത്തിലും കരഞ്ഞുകൊണ്ട് അമ്പാടി പരീക്ഷയ്ക്കു തയ്യാറെടുക്കുകയാണ്.












Click it and Unblock the Notifications