'അച്ഛന്‍ കമ്മ്യൂണിസ്റ്റ്, അന്ന് ഞാന്‍ എബിവിപിക്കാരന്‍'; രക്ഷാബന്ധന്‍ കെട്ടി നാട്ടിലിറങ്ങിയപ്പോള്‍ സംഭവിച്ചത്
മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് ശ്രീനിവാസന്‍. ഒരു നടന്‍ എന്നതിലുപരി എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടെടുക്കുന്ന നടന്‍ കൂടിയാണ് ശ്രീനിവാസന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ള വ്യവസ്ഥാപിതമായ സംവിധാനങ്ങളെ വിമര്‍ശിക്കാനും ശ്രീനിവാസന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ തന്റെ ക്യാമ്പസ് കാലത്തെ രാഷ്ട്രീയത്തെ കുറിച്ച് ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് നടന്‍ ശ്രീനിവാസന്‍.
കോളേജ് പഠനകാലത്തെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചാണ് ശ്രീനിവാസന്‍ തുറന്നുപറയുന്നത്. കോളേജില്‍ എത്തിയ ആദ്യ വര്‍ഷം താന്‍ കെ എസ് യുവും അടുത്ത വര്‍ഷം എ ബി വി പി ആയിരുന്നെന്നും ശ്രീനിവാസന്‍ പറഞ്ഞു. അന്നത്തെ കാലത്ത് രാഷ്ട്രീയ കാര്യങ്ങളില്‍ അജഞാതനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനിവാസന്റെ വാക്കുകളിലേക്ക്...

എന്റെ അച്ഛന് കമ്മ്യൂണിസത്തിന്റെ പശ്ചാത്തലമായിരുന്നു. അച്ഛന്‍ ഒരു കമ്യൂണിസ്റ്റുകാരനാണെന്നാണ് ഞാന്‍ സ്വയം വിശ്വസിച്ചിരുന്നത്. അതുകൊണ്ട് ആ പാരമ്പര്യമാണെന്ന് കരുതി. അമ്മയുടെ വീട്ടില്‍ ചെന്നപ്പോഴാണ് മഹാത്മാഗാന്ധിയെ കുറിച്ചൊക്കെ കേള്‍ക്കുന്നത്. അവിടെ അമ്മയും അച്ഛനും സഹോദരന്മാരുമൊക്കെ കോണ്‍ഗ്രസ് ആയിരുന്നു. ഞാന്‍ കോളേജില്‍ ചേര്‍ന്നിട്ട് ആദ്യത്തെ കൊല്ലം കെ എസ് യു ആയിരുന്നു.
അന്ന് എനിക്കൊരു ബോധവുമില്ല. എന്ത് വേണമെങ്കിലും ആകുമായിരുന്നു. ആ സമയത്ത് ഒരുത്തന്‍ എന്നെ സ്ഥിരമായി ബ്രയിന്‍വാഷ് ചെയ്യാറുണ്ടായിരുന്നു. അവന്‍ എ ബി വി പിക്കാരനായിരുന്നു. അങ്ങനെ അടുത്ത കൊല്ലം ഞാന്‍ എ ബി വി പിയായി. ഈ രക്ഷാബന്ധനൊക്കെ കെട്ടുന്ന ഒരു പരിപാടിയില്ലേ. ഇതും കെട്ടിയിട്ട് ആദ്യമായിട്ട് നാട്ടില്‍ ഇറങ്ങിയ ഒരാള്‍ ഞാനാണ്. മുഴുവന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കിടെയില്‍ ചരടും കെട്ടി ഇറങ്ങിയപ്പോള്‍ ഭയങ്കര പ്രശ്‌നമായിരുന്നു.
കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ മകന്‍ രക്ഷാബന്ധന്‍ കെട്ടിയതില്‍. എന്താടാ, നിനക്ക് വട്ടായോ എന്ന മട്ടിലായിരുന്നു ആളുകളുടെ പ്രതികരണം. എന്ത് മണ്ണാങ്കട്ടയാടോ ഈ കെട്ടിയിരിക്കുന്നത് എന്നുപറഞ്ഞ് എന്റെയൊരു സുഹൃത്ത് ഇത് പൊട്ടിക്കാന്‍ നോക്കി. നീ ഇത് പൊട്ടിക്കുന്നതും നിന്നെ ഞാന്‍ കൊല്ലുന്നതും ഒരേ നിമിഷമായിരിക്കുമെന്ന് അന്ന് ഞാന്‍ പറഞ്ഞു. അവന്‍ പെട്ടെന്ന് കൈ വലിച്ചു. എനിക്ക് പ്രാന്താ അന്ന്- ശ്രീനിവാസന്‍ പറഞ്ഞു.












Click it and Unblock the Notifications