മോഹൻലാൽ നാട്ടിൽ ഇല്ല, 'അമ്മ'യുടെ നാളത്തെ യോഗം മാറ്റി; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജഗദീഷോ?
കൊച്ചി: നാളെ വിളിച്ചുചേർത്ത താര സംഘടനയായ അമ്മയുടെ യോഗം മാറ്റിവെച്ചു. ലൈംഗികാരോപണത്തിന് പിന്നാലെ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ച പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരുന്നത്. സംഘടനയുടെ പ്രസിഡന്റായ മോഹൻലാലിന് നേരിട്ട് പങ്കെടുക്കാൻ അസൗകര്യം ഉള്ളത് കൊണ്ട് യോഗം മാറ്റിയെന്നതാണ് വിശദീകരണം. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അമ്മയുടെ മറ്റ് ഭാരവാഹികൾ അറിയിച്ചു.
ചെന്നൈയിലുള്ള മോഹൻലാൽ നാളെത്തെ എക്സ്ക്യൂട്ടീവ് യോഗത്തിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ഈ ആഴ്ത തന്നെ യോഗം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുക, ഒപ്പം ഇപ്പോഴത്തെ പ്രതിസന്ധികളെ പറ്റിയുള്ള വിശദമായ ചർച്ചകളുമായിരുന്നു നാളത്തെ യോഗത്തിന്റെ അജണ്ട. ചില അംഗങ്ങൾക്ക് നേരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ എക്സിക്യൂട്ടീവിൽ തന്നെ ഭിന്നത ശക്തമാണെന്നാണ് റിപ്പോർട്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തുകയും അമ്മയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിസ്ഥാനത്തുള്ളവകെ അമ്മ സംരക്ഷില്ല എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. ഇതിന് പിന്നാലെ ആണ് സിദ്ദിഖിനെതിരെ ലൈംഗികാരോപണം വന്നതും ജനറൽ സെക്രട്ടറി പദവി രാജി വെയ്ക്കേണ്ടി വന്നതും. ജോയിന്റ് സെക്രട്ടറി ബാബുരാജിന് ആണ് ഇപ്പോൾ ജനറൽ സെക്രട്ടറിയുടെ ചുമതല.
സിദ്ദിഖിന് പകരം ആളെ കണ്ടെത്തുക എന്നത് തന്നെയായിരിക്കും സംഘടനയ്ക്ക് മുന്നിലെ വെല്ലുവിളി. സംഘടനയുടെ ദൈംനദിന കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. ജഗദീഷിനെ ജനറൽ സെക്രട്ടറി ആക്കണമെന്ന് വാദം ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
അതേ സമയം, സംസ്ഥാന സർക്കാർ നിയോഗിട്ട അന്വേഷണ സംഘം നാളെ യോഗം ചേരും. പരസ്യമായി ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടും സംഘം പരിശോധിക്കും. ഐ ജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ വനിതാ പോലീസ് ഓഫീസർമാരായ ഡി ഐ ഡി എസ് അജീത ബീഗം, എസ് പി മെറിൻ ജോസഫ്, എ ഐ ജി ജി പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയരക്ടർ ഐശ്വര്യ ഡോങ്ക്റെ എന്നിവരും എ ഐ ജി വി, എസ് പി എസ് മധുസൂദൻ എന്നിവരും ഉൾപ്പെടുന്നു. ക്രൈംബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേഷനാണ് അന്വേഷണ മേൽനോട്ടം.












Click it and Unblock the Notifications