'നായ സ്നേഹികളായ ഞങ്ങളാരും അവയുടെ കടി കൊള്ളണമെന്ന് പറഞ്ഞിട്ടില്ല'; 'ഇത് പൈശാചികം', വീഡിയോയുമായി മൃദുല
കൊച്ചി: തെരുവ് നായ പ്രശ്നത്തിന് ഫലപ്രദമായ പരിഹാരം അവയെ തെരുവിലിട്ട് ഉപദ്രവിക്കുകയും കൊന്നൊടുക്കുകയമല്ലെന്ന് നടി മൃദുല മുരളി. അധികൃതരുടെ ഭാഗത്ത് നിന്നുള്ള ശക്തമായ ഇടപെടാലാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതെന്നും ദീർഘകാല പദ്ധതിയാണ് പ്രശ്നത്തിനുള്ള പരിഹാരം എന്നും നടി പറഞ്ഞു. പേപിടിച്ചതും അക്രമസ്വഭാവവുമുള്ള നായ്ക്കളെയും കണ്ടെത്തി അതിന്റേതായ ശാസ്ത്രീയ വഴികളിലൂടെയാണ് അവയെ നേരിടേണ്ടതെന്നും മൃദുല പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റ് വായിക്കാം
Recommended Video

'ഞാനും, നിങ്ങൾ ഈ പട്ടിസ്നേഹികൾ എന്നു വിളിക്കുന്ന ആരും എവിടെയും പറഞ്ഞിട്ടില്ല, അക്രമ സ്വഭാവമുള്ള നായ്ക്കളുടെ കടി കൊള്ളുക തന്നെ വേണം എന്ന്. ഇതിനൊരു സെൻസിബിളും ലോജിക്കലും ആയിട്ടുള്ള ദീർഘകാല പരിഹാരം വേണം എന്നുള്ളതാണ് ഞങ്ങൾ ഓരോരുത്തരും പറയാൻ ശ്രമിക്കുന്നത്. ശരിയാണ് ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഇതിനെന്താണ് പോംവഴി എന്നു ചോദിക്കുന്നവരോട് പറയാൻ ഒന്നേയുള്ളൂ, കാരണം ഇവരെ പേപിടിച്ചതും അക്രമസ്വഭാവവുമുള്ള നായ്ക്കളെയും കണ്ടെത്തി അതിന്റേതായ ശാസ്ത്രീയ വഴികളിലൂടെയാണ് ഇഇതിനെ നേരിടേണ്ടത്'.

'അല്ലാതെ മരിച്ചുപോയ കുട്ടിയുടെയോ കുടുംബത്തിന്റെയോ അല്ലെങ്കിൽ ആക്രമണത്തിന് ഇരയായിട്ടുള്ള ഒരാളുടേയും മനോവികാരം വിലകുറിച്ചിട്ടും മാനിക്കാതെയുമല്ല അല്ല ഇതൊന്നും പറയുന്നത്. എല്ലാ ബഹുമാനത്തോടെയും പരിഗണനയോടും കൂടി തന്നെയാണ് പറയുന്നത്. ഇതിന്റെ പ്രതിവിധി റോഡിൽ കാണുന്ന നായ്ക്കളെ ഹീനമായ രീതിയിൽ കൊന്നൊടുക്കുകയോ അക്രമിക്കുകയോ അല്ല. റീത്ത് വെയ്ക്കലും കെട്ടിത്തൂക്കലുമെല്ലാം ഒട്ടും മനുഷ്യത്വപരമായ നടപടിയല്ല. ഇതാണ് നമ്മളോരുരത്തരും പറയാൻ ശ്രമിക്കുന്നത്. അധികൃതർ ഏറ്റെടുത്ത് ദീർഘകാല നടപടിയാണ് ആവശ്യം'.

'ഈ പ്രശ്നങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.ഇപ്പോൾ ഇത് ചർച്ചയാകും. കുറച്ച് നടപടികളുണ്ടാകും. വീണ്ടും ഇത് പഴയ അവസ്ഥയിലാകും അതല്ലല്ലോ നമ്മുക്ക് വേണ്ടത്. ഇന്ന് കുറച്ച്പേർക്ക് ഇങ്ങനെ പറ്റി, ഇനി നാളെയും മറ്റെന്നാളും ഇങ്ങനെ പറ്റാതിരിക്കണം. ഗോവയിൽ വളരെ ഫലപ്രദമായി നടപ്പിലാക്കിയ എബിസി രീതിയാണ് ഇവിടെ പെട്ടന്നു തന്നെ നടപ്പിലാക്കണമെന്നാണ് അപേക്ഷിക്കുന്നത്. ചെന്നൈയിൽ ക്യാച്ച് ആൻഡ് കിൽ എന്ന രീതി വളരെ വർഷങ്ങളോളം നടപ്പാക്കിയതിന് ശേഷമാണ് ഫലപ്രദമല്ലെന്ന് അവർ തിരിച്ചറിയുന്നത്. അത് ഇവിടെയും നടപ്പാക്കി വർഷങ്ങളെടുത്ത് അല്ല നമ്മളും തിരിച്ചറിയേണ്ടത്'.

'ഈ അവസ്ഥ മാറാൻ അധികൃതർ അടിയന്തരമായി ഇടപെടണം. സ്കൂൾ കുട്ടികൾക്കും വഴിയാത്രക്കാർക്കുമെല്ലാം ബുദ്ധിമുട്ട് ഉണ്ടാകാതെ പോകാൻ സാധിക്കണം. അതിനുള്ള പോം വഴി എന്നത് നായകളെ ഒറ്റയടിക്ക് ഇല്ലാതാക്കുക എന്നതല്ല. കഴിഞ്ഞ ഒരാഴ്ചയായി പെറ്റ് ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. മിക്ക ദിവസവും വൈകിട്ട് ഞാൻ അവിടെയാണ് ഉണ്ടാകാറുള്ളത്. എറണാകുളത്ത് ഉള്ള പെറ്റ് ഹോസ്പിറ്റൽ ആണ്. ക്രൂരമായി ആക്രമിക്കപ്പെട്ട് ചികിത്സയ്ക്കായി കൊണ്ടുവരുന്ന പൂച്ചക്കുട്ടികളുടേയും നായ്ക്കുട്ടികളുടേയും എണ്ണം നമ്മൾ വിചാരിക്കുന്നതിനെക്കാൾ കൂടുതലാണ്. ഇത് എറണാകുളത്തെ ഒരു ആശുപത്രിയുടെ കാര്യമാണ് പറയുന്നത്. കേരളത്തിൽ ഒന്നടങ്കമുള്ള പല പല സ്ഥലത്തും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ട്'.

'തെരുവിൽ നിന്നുമുള്ള പത്തിരുപത്തഞ്ച് നായ്ക്കളെ സംരക്ഷിക്കുന്ന ഒരു ചേട്ടന്റെ വീട്ടിലെത്തി അവിടുത്തെ മൃഗങ്ങളെ ആക്രമിക്കുന്ന സംഭവം ഉണ്ടായി. ഒരു വീട്ടിലെ നായയെ വണ്ടിയിടിച്ച് കൊല്ലുന്ന സംഭവം ഉണ്ടായി. പ്രകോപനം ഇല്ലാതെ അക്രമിക്കുകയെന്നതല്ല പോംവഴി. ഇതല്ല ചെയ്യേണ്ടത്. പകരം അധികൃതരെ അറിയിച്ച് ശാസ്ത്രീയമായ നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടത്. എല്ലാവരും ജീവികളെ ഇഷ്ടപ്പെടണം എന്ന് പറയുന്നില്ല. പക്ഷേ ഉപദ്രവിക്കാതിരുന്നൂടെ. അക്രമകാരികളായ മൃഗങ്ങളെ കണ്ടാൽ അധികൃതരെ അറിയിക്കാൻ എല്ലാവരും ശ്രമിക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്'












Click it and Unblock the Notifications