'ലക്ഷങ്ങളോ കോടികളോ അല്ല, വളരെ തുച്ഛമായ തുക', ഇഡി ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മോന്‍സണുമായി ശ്രുതി ലക്ഷ്മിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്നുളള സൂചനയുടെ അടിസ്ഥാനത്തിലാണ് നടിയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കലിന് സിനിമാ രംഗത്തെയും രാഷ്ട്രീയ രംഗത്തേയും പല ഉന്നതരുമായി ബന്ധമുണ്ടെന്നുളള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടുളളതാണ്. പല വിഐപികളും മോന്‍സണിന്റെ വീടും മ്യൂസിയവും സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളടക്കം പുറത്ത് വന്നിരുന്നു. മോന്‍സണിന്റെ പിറന്നാളിന് നടി ശ്രുതി ലക്ഷ്മി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ നേരത്തെ പുറത്ത് വന്നിട്ടുണ്ടായിരുന്നു.

ശ്രുതി ലക്ഷ്മിയും മോന്‍സണും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കള്ളപ്പണക്കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഉറവിടങ്ങളും ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കള്ളപ്പണക്കേസ് അന്വേഷിക്കാനുളള ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മോന്‍സണുമായി അടുപ്പമുളളവരെ ഇഡി വിളിച്ച് വരുത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്.
'സത്യം എന്താണെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്,ഫെയ്സ് ചെയ്യുകയാണ്,അല്ലാതെ എന്ത് ചെയ്യാൻ';ദിലീപ്

കൊച്ചിയിലെ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ഇഡി ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്തത്. മുടി കൊഴിച്ചിലിന് മോന്‍സണ്‍ തന്നെ ചികിത്സിച്ചിട്ടുളളതായി നേരത്തെ ശ്രുതി ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. മോന്‍സണ്‍ മാവുങ്കലുമായുളള സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി തന്നോട് ചോദിച്ചത് എന്ന് ശ്രുതി ലക്ഷ്മി പ്രതികരിച്ചു. മോന്‍സണുമായി തനിക്ക് അടുത്ത ബന്ധം ഇല്ലെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.

മോന്‍സണ്‍ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നുമില്ല. മോന്‍സണ്‍ മാവുങ്കലിന്റെ പരിപാടിക്ക് പോയി സാധാരണ വാങ്ങിക്കുന്ന പേയ്‌മെന്റ് മാത്രമാണ് വാങ്ങിച്ചത്. അത് ലക്ഷങ്ങളോ കോടികളോ അല്ലെന്നും തുച്ഛമായ തുക മാത്രമാണെന്നും ശ്രുതി വ്യക്തമാക്കി. അതിന്റെ വിവരങ്ങളൊക്കെ ഇഡിക്ക് കൈമാറിയിട്ടുണ്ട്. മോന്‍സണ്‍ ഫ്രോഡ് ആണെന്ന് അറിയുമായിരുന്നുവെങ്കില്‍ പരിപാടിക്ക് പോകില്ലായിരുന്നുവെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.

''താനൊരു കലാകാരിയാണ്. ഒരു പരിപാടിക്ക് വിളിക്കുമ്പോള്‍ പോയി പെര്‍ഫോം ചെയ്യും. അയാള്‍ വിളിച്ച പരിപാടികളിലെല്ലാം പല പ്രമുഖരും വിശിഷ്ട വ്യക്തികളുമാണ് പങ്കെടുക്കുന്നത്. നമ്മളെ പോലുളള ചെറിയ ആര്‍ട്ടിസ്റ്റുകളെ അത്തരം പരിപാടികള്‍ക്ക് വിളിക്കുമ്പോള്‍ സന്തോഷത്തോടെ പോയി പങ്കെടുക്കും. ഫ്രോഡ് ആണെന്ന് അറിഞ്ഞാല്‍ ഒരിക്കലും പരിപാടിക്ക് പോകില്ലെന്നും'' ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു.

മോന്‍സണ്‍ നന്നായി പെരുമാറുന്ന ആളാണ്. അതുകൊണ്ട് തന്നെ അയാളുടെ പിന്നാമ്പുറങ്ങള്‍ ചികയാന്‍ പോയില്ലെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. മോന്‍സണെ കുറിച്ചുളള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടലാണ് തോന്നിയത്. ഡോക്ടര്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് താന്‍ മോന്‍സണിന്റെ പക്കല്‍ ചികിത്സയ്ക്ക് പോയിരുന്നത്. തന്റെ മുടി കൊഴിച്ചില്‍ ചികിത്സിച്ച് ഭേദമാക്കിയത് അദ്ദേഹമായിരുന്നുവെന്നും മോന്‍സണ്‍ ഡോക്ടര്‍ അല്ലെന്ന വാര്‍ത്ത ഞെട്ടിച്ചുവെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.

മോന്‍സണിന്റെ പരിപാടികള്‍ക്ക് പോയത് കുടുംബമായിട്ടാണ് എന്നും ശ്രുതി ലക്ഷ്മി പറയുന്നു. മോന്‍സന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. മോന്‍സന്റെ ഭാഗത്ത് നിന്നും ഇതുവരെ മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിലും മറ്റ് മെഗാഷോകളിലുമാണ് പരിപാടി അവതരിപ്പിച്ചിട്ടുളളതെന്നും അത് മാത്രമാണ് മോന്‍സണുമായുളള ബന്ധമെന്നും നേരത്തെ താരം വ്യക്തമാക്കിയിരുന്നു.