ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി: സമ്മതിച്ച് എഡിജിപി, ഇനിയെന്ത്? നടപടി ഉണ്ടാകുമോ?
തിരുവനന്തപുരം: ആർ എസ് എസ് ദേശീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എംആർ അജിത് കുമാർ. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് കൂടിക്കാഴ്ച നടന്നുവെന്ന് എ ഡി ജി പി സമ്മതിക്കുന്നത്. സ്വകാര്യ സന്ദർശനമായിരുന്നുവെന്നും ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
തൃശ്ശൂര്‍ പൂരം കലക്കാനും അതുവഴി ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുന്നതിനും വേണ്ടി എ ഡി ജി പി സംഘപരിവാർ, ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. പിവി അന്‍വർ എം എല്‍ എ നടത്തിയ ആരോപണങ്ങളുടെ തുടർച്ചയായിട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റേയും ആരോപണം.

ആർ എസ് എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായിട്ടായിരുന്നു എം ആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച. പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍ എസ് എസ് ക്യാമ്പിനിടെയായിരുന്നു കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. ആരോപണം ഉയർന്നപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു.
എ ഡി ജി പി ഔദ്യോഗിക വാഹനം ഒഴിവാക്കി ആര്‍എസ്എസ് നേതാവിന്റെ കാറിലാണ് ആർ എസ് എസ് നേതാവിനെ കാണാന്‍ എത്തിയതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്. ദത്താത്രേയ ഹൊസബാളെ തൃശ്ശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം അവിടേയും എ ഡി ജി പി എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍എസ്എസിന്റെ പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമായിരുന്നു എ ഡി ജി പിയുടെ സന്ദർശനം.
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അടുത്തദിവസം തന്നെ മേലുദ്യോഗസ്ഥർ വഴി സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു. എന്നാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടാത്തതിനാല്‍ റിപ്പോർട്ട് പുറത്തേക്ക് വരില്ല.
മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണോ കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയമായ കാര്യം. അത്തരമൊരു ആരോപണം ഇതിനോടകം തന്നെ പ്രതിപക്ഷം ഉയർത്തി കഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാവിവാദം അന്വേഷിക്കും. പിവി അന്‍വർ എം എല്‍ എ ഉയർത്തിയ നിരവധി ആരോപണങ്ങള്‍ക്കൊപ്പം കൂടിക്കാഴ്ച വിവാദവുമായതോടെ എ ഡി ജി പിക്കെതിരെ നടപടി എടുക്കാനുള്ള സാധ്യതയും ശക്തമാണ്.












Click it and Unblock the Notifications