മുള്‍ക്കിരീടം കോണ്‍ഗ്രസ്സിന് തന്നെ; ഐക്യം ഐക്യം സിന്ദാബാദ്; കോണ്‍ഗ്രസ്സിനെ ട്രോളി എ ജയശങ്കര്‍
രാജ്യസഭയില്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്കുമേല്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും കനത്ത പരാജയം എറ്റുവാങ്ങേണ്ടി വന്ന ഞെട്ടലിലാണ് കോണ്‍ഗ്രസ്. 105 നെതിരെ 125 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസ്സിലെ ബികെ ഹരിപ്രസാദിനെ ജെഡിയുവില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണന്‍ സിങ്ങ് തോല്‍പ്പിച്ചത്.
കേവല ഭൂരിപക്ഷത്തിലെത്താന്‍ കോണ്‍ഗ്രസ്സിന് ഏതാനും വോട്ടുകള്‍ മാത്രം വേണ്ടിയിരുന്ന കോണ്‍ഗ്രസ്സിന് പ്രതീക്ഷിച്ച വോട്ടുപോലും നേടാനാകാതെ പോയത് വന്‍ തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിനെ ട്രോളിക്കൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ: ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഒരുമിച്ച് നിന്നാല്‍
ഒരുമിച്ച് നിന്നാല്‍ പ്രതിപക്ഷത്തിന് മേല്‍കൈയുള്ള രാജ്യസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നടത്തിയ തന്ത്രപരമായ നീക്കങ്ങള്‍ കാര്യങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ഹരിവംശ് നാരായണന്‍ സിങ്ങിന് അനുകൂലമാക്കുകയായിരുന്നു. മറുവശത്ത് കോണ്‍ഗ്രസ്സിന് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് അണിനിരത്തി ഉള്ളവോട്ടുകള്‍ സമാഹരിക്കാനും കഴിഞ്ഞില്ല.

കൂടെ നിര്‍ത്തി
മുന്നണിയില്‍ ഇടഞ്ഞു നില്‍ക്കുന്ന ശിവസേന, ശിരോമണി അകാലിദള്‍ എന്നി പാര്‍ട്ടികളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തിയ ബിജെപി 13 അംഗങ്ങളുള്ള എഐഎഡിഎംകെയുടേയും പിന്തുണയുറപ്പിച്ചു. പിന്നീട് തന്ത്രപരമായ നീക്കത്തിലൂടെ കോണ്‍ഗ്രസ് പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന ബിജെഡിയേയും ബിജെപി പാട്ടിലാക്കി.

തിരിച്ചടിയായത്
കോണ്‍ഗ്രസ്സിന് ഏറെ തിരിച്ചടിയായത് ആം ആദ്മി പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതായിരുന്നു. ഇവരുടെ വോട്ടുകള്‍ കൂടി കിട്ടിയാലും ജയിക്കില്ലെങ്കിലും അവരുടെ നിലപാട് പ്രതിപക്ഷ ഐക്യത്തിന്റെ കെട്ടുറപ്പ് എത്രത്തോളമുണ്ട് എന്നതിന്റെ അളവുകോലായിരുന്നു.

ആം ആദ്മി
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ വിളിച്ച് പിന്തുണതേടാത്തതിനാലാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്ന് ആം ആദ്മി നേതൃത്വം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിനെ ട്രോളിക്കൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍ രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ വിമര്‍ശനം ഇങ്ങനെ..

ആലിംഗനം
നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത രാഹുല്‍ഗാന്ധി അരവിന്ദ് കെജ്രിവാളിനെ ഒന്നു ഫോണില്‍ വിളിച്ച് വോട്ട് ചോദിച്ചില്ല. ഫലം- ആം ആദ്മി പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസും പിഡിപിയും അതേ പാത പിന്തുടര്‍ന്നു.

ഐക്യം പാളി
ബിജു ജനതാദളും തെലങ്കാന രാഷ്ട്രസമിതിയും പ്രതിഭാഗം ചേര്‍ന്നു. (അണ്ണാ ഡിഎംകെ പണ്ടേ അപ്പുറത്താണ്). ചുരുക്കിപ്പറഞ്ഞാല്‍ പ്രതിപക്ഷ ഐക്യം പാളി. ഭരണപക്ഷത്തേക്കാള്‍ അംഗബലം ഉണ്ടായിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു രാജ്യസഭാ ഉപാധ്യക്ഷനാകാന്‍ കഴിഞ്ഞില്ല.

സിന്ദാബാദ്
കൃത്യസമയത്ത് ഒരു സ്ഥാനാര്‍ഥിയെ കണ്ടുപിടിക്കാന്‍ പോലും ബുദ്ധിമുട്ടി. സഖ്യകക്ഷികളാരും മത്സരിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കോണ്‍ഗ്രസ് തന്നെ മുള്‍ക്കിരീടം പേറേണ്ടിവന്നു. രാജ്യസഭാ ഡെപ്പ്യൂട്ടി ചെയര്‍മാന്റേത് വെറും ആലങ്കാരിക പദവി ആണെന്നു കരുതി സമാധാനിക്കാം. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഐക്യം ഐക്യം സിന്ദാബാദ്!
ഫെയ്സ്ബുക്ക് പോസ്റ്റ്
ജയശങ്കറിന്‍റെ ട്രോള്‍












Click it and Unblock the Notifications