എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഇന്ന് അർദ്ധരാത്രി മുതൽ പിഴ ഈടാക്കി തുടങ്ങും; അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങും. എഐ ക്യാമറകൾ പൂർണ്ണമായും സജ്ജമായിക്കഴിഞ്ഞു. മോട്ടോർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമുകളും സജ്ജമായി. ബോധവത്കരണ നോട്ടീസ് നൽകൽ പൂർത്തിയായതിന് പിന്നാലെയാണ് പിഴ ചുമത്തൽ നടപടികളിലേക്ക് കടക്കുന്നത്.
ഇരുചക്രവാഹനത്തിൽ മുതിർന്ന രണ്ട് പേർക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താൽ പിഴ ഇടാക്കേണ്ട എന്നാണ് ഗതാഗതവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഇളവ്. സംസ്ഥാനത്ത് ആകെ 726 എഐ നിരീക്ഷണക്യാമറകൾ ആണ് പ്രവർത്തിക്കുന്നത്. രാത്രിയിൽ ഉൾപ്പെടെ നടക്കുന്ന നിയമലംഘനങ്ങൾ വളരെ വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കും എന്നാണ് എഐ ക്യാമറകളുടെ പ്രത്യേകത.

സിസിടിവി ക്യാമറകളെക്കാൾ വളരെ വ്യക്തത ഉള്ള ദൃശ്യങ്ങളാണ് എഐ ക്യാമറകളിൽ ലഭിക്കുക. വാഹനത്തിന് അകത്ത് ഇരിക്കുന്നവരുടെ അടക്കമുള്ള ചിത്രം വ്യക്തമായി ലഭിക്കും. കുറ്റകൃത്യങ്ങളുടെ അന്വേഷണിക്കുന്നതിന് ഉൾപ്പെടെ ഈ ക്യാമറ സഹായകരമാകും. ക്യാമറിയിൽ ലഭിക്കുന്ന ചിത്രങ്ങൾ അഞ്ച് വർഷം വരെ സൂക്ഷിക്കാൻ ആവുമെങ്കിലും ഒരു വർഷം സൂക്ഷിക്കാനാണ് നിലവിലെ തീരുമാനം.
ക്യാമറയിൽ നിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലാണ് ആദ്യം എത്തുക. അവിടെ നിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ കൈമാറും. ഇവിടെ നിന്ന് ഉടമകളുടെ മേൽവിലാസത്തിലേക്ക് നോട്ടീസ് അയക്കും. വാഹനം രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കുന്നതാണ് . നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയ അടയ്ക്കണം ഇല്ലെങ്കിൽ ഇരട്ടിത്തുക കോടതിയിൽ അടക്കേണ്ടി വരും. അക്ഷയ കേന്ദ്രങ്ങൾ വഴി പിഴ അടയ്ക്കാനുള്ള സംവിധാനം ഉണ്ട്.
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ടു വീലറിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്‍താൽ 1000 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ, അനധികൃത പാർക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെ ആണ് പിഴ അടയ്ക്കേണ്ടി വരിക. ജംഗ്ഷനുകളിൽ ചുവപ്പ് സിഗ്‌നൽ ലംഘനം കോടതിക്ക് കൈമാറും. ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും. പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് . ഇപ്പോൾ ശരാശരി രണ്ടര ലക്ഷത്തിന് താഴെയാണ് നിയമലംഘനങ്ങൾ.












Click it and Unblock the Notifications