പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: യുഎഇ ടിക്കറ്റ് നിരക്ക് 7990 രൂപ മാത്രം: സര്‍വീസ് 4 ന് ആരംഭിക്കും
കൊച്ചി: കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് ലഭിച്ച ഇരുട്ടടിയായിരുന്ന വിമാന ടിക്കറ്റിലെ വന്‍ വര്‍ധനവ്. നേരത്തെ നല്‍കിയിരുന്നതിന്റെ പല മടങ്ങ് വര്‍ധനവായിരുന്നു ടിക്കറ്റ് നിരക്കില്‍ ഉണ്ടായയത്. കോവിഡ് കാരണം ജോലി നഷ്ടമായ പ്രവാസികളുടെ നാട്ടിലേക്ക് വരവിനും തിരിച്ചുള്ള മടക്കത്തിന് ഈ നിരക്ക് വലിയ വെല്ലുവിളിയായി.
കോവിഡ് നിയന്ത്രണവും മറ്റും കാരണം വിമാനങ്ങളില്‍ ആള് കുറഞ്ഞതും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്. എന്നാല്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടും ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. യാത്രക്കാര്‍ കൂടുന്നതിന് അനുസരിച്ച് വിമാനങ്ങള്‍ ഇല്ലാത്തതാണ് നിരക്ക് കുറയാതിരിക്കാനുള്ള കാരണം.

എന്നാല്‍ നവംബർ 1 മുതൽ യുഎഇയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഇന്ത്യ സാധാരണ വിമാന സർവീസുകൾ പുനഃസ്ഥാപിക്കുകയാണെങ്കിൽ ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സാധാരണ വിമാന സര്‍വീസ് പുനസ്ഥാപിക്കുന്നതോടെ എയര്‍ ഇന്ത്യ ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും വിമാനക്കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു.

കൂടുതല്‍ സര്‍വ്വീസുകളുമായി എയര്‍ ഇന്ത്യ എത്തുമ്പോള്‍ മറ്റ് വിമാനകമ്പനികളും നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായേക്കും. നിലവില്‍ കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് എയര്‍ ഇന്ത്യ എക്പ്രസ് ഈടാക്കുന്നത് 28000 രൂപയാണ്. 19500-20800 യാണ് എയര്‍ അറേബ്യയുടെ നിരക്ക്. ഫ്ലൈ ദുബായില്‍ ഇത് 26900-28200 രൂപയും സ്പൈസ് ജെറ്റ് 38,500 രൂപയും ഈടാക്കുമ്പോള്‍ എമിറേറ്റ്സ് 48,500 രൂപയാണ് വാങ്ങുന്നത്. അബൂദാബിക്കാണ് യാത്രയെങ്കില്‍ ഈ നിരക്കില്‍ നിന്നും 3000-6000 രൂപ വരെ കൂടുതൽ നല്‍കണം.

കോവിഡിന് മുന്‍പ് നാട്ടില്‍ പോയി വരാന്‍ 15000 രൂപ മതിയായിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ ഏറ്റവും കുറഞ്ഞത് 20000 ന് മുകളിലേക്ക് ഉയര്‍ന്നത്. ദുബായ് എക്സ്പോ 2020, ട്വന്റി-ട്വന്റി ലോകകപ്പ്, ഐപിഎല്‍ എന്നിവയും ഇന്ത്യയില്‍ നിന്നുള്ള യുഎഇ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള രാജ്യാന്തര വിമാന സർവീസ് നിയന്ത്രണത്തില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാവുന്നത്.

നിയന്ത്രണം പിന്‍വലിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിലും അടുത്തമാസം ആദ്യ ആഴ്ചയോടെ അത്തരമൊരു തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇനീഷ്യല്‍ ബുക്കിങ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ അനുസരിച്ചും നവംബര്‍ മാസത്തിലെ ടിക്കറ്റ് നിരക്കില്‍ കുറവ് കാണിക്കുന്നുണ്ട്. കൊച്ചി-ദുബായി ഫ്ലൈറ്റിന് 19500 രുപയാണ് കാണിക്കുന്നത്.

അബുദാബിയിലെ അൽഐനിൽ നിന്ന് കോഴിക്കോട്ടേക്ക് അടുത്ത മാസം മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിക്കുമെന്ന് എയർലൈനിന്റെ അബുദാബി ഓഫീസ് അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് മുൻകരുതലുകളുടെ ഭാഗമായി 2020 മാർച്ചിൽ ഈ വിമാന സർവീസ് ഉള്‍പ്പടേയുള്ളവ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

സര്‍വീസ് തിരിച്ചുവരവിന്റെ ഭാഗമായി എയർലൈൻ യാത്രക്കാർക്ക് 7990 (390 ദിര്‍ഹം) മുതലുള്ള പ്രത്യേക ടിക്കറ്റ് നിരക്ക് വാഗ്ദാനം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ സർവീസ് നവംബർ 4 മുതൽ ആരംഭിക്കും. ആദ്യ വിമാനം (IX 0335) കോഴിക്കോട് നിന്ന് പുറപ്പെട്ട് 12.25 ന് അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും, മടക്ക സർവീസ് (IX 0336) ഉച്ചയ്ക്ക് 1.25 ന് പുറപ്പെടും












Click it and Unblock the Notifications