എഐഎസ്എഫ് , എസ്എഫ്ഐ യെ ജനാധിപത്യം പഠിപ്പിക്കേണ്ട: ചരിത്രം ഓര്‍മ്മിപ്പിച്ച് സച്ചിന്‍ ദേവ്
തിരുവനന്തപുരം: എസ്എഫ്ഐയ്ക്ക് എതിരെ എ ഐ എസ് എഫ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ്. എസ് എഫ് ഐക്ക് ജനാധാപത്യത്തിന്റെ ക്ലാസ് എടുക്കാന്‍ വരുന്നവർ കുറച്ചൊക്കെ ചരിത്രം കൂടി ഓർക്കുന്നതു നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. പലതും അറിയാത്തതല്ല നിങ്ങൾക്ക് ബോധപ്പൂർവ്വം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതാണെന്നും ഞങ്ങൾക്ക് നന്നായറിയാം. 1975 ല്‍ ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യവിരുദ്ധത ഭരണകൂട ഭീകരതയായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വർഷം. അഭിപ്രായ പ്രകടനങ്ങൾക്ക് ഇടമില്ലാത്ത സംഘടിക്കാൻ പാടില്ലാത്ത ജനാധിപത്യ നിഷേധത്തിൻ്റെ 18 മാസക്കാലം. അന്ന് അച്യുതമേനോനായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി. കേരളത്തിലെ മനുഷ്യരുടെ ജനാധിപത്യ - പൗരാവകാശങ്ങളെല്ലാം റദ്ദുചെയ്യപ്പെട്ട ആ കാലത്ത് ജനാധിപത്യത്തിനായി സംസാരിക്കാൻ നിങ്ങളുണ്ടായിരുന്നോയെന്നും സച്ചിന്‍ ദേവ് ചോദിക്കുന്നു.
എ ഐ എസ് എഫുകാരായ നിങ്ങൾ അന്ന് ആരുടെ ചിറകിനുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു..? ജനാധിപത്യത്തിനായി ഒരു ചെറു വിരലെങ്കിലും അനക്കാൻ, നിവർന്ന് നിന്ന് നാല് വർത്തമാനം പറയാൻ അന്ന് നിങ്ങളുണ്ടായിരുന്നില്ല.എന്നാൽ അടിയന്തരാവസ്ഥയിലൂടെ ജനങ്ങൾ ദ്രോഹിക്കപ്പെട്ടപ്പോൾ ആദ്യമായി പ്രതിരോധവുമായി തെരുവിലിറങ്ങിയ സംഘടനയാണ് എസ് എഫ് ഐ. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന കേരളത്തിനു പ്രതികരണത്തിൻ്റെ ഊർജ്ജപ്രവാഹമായി എസ് എഫ് ഐ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മാർച്ചു നടത്തി.

കോടിയേരിയും എ.കെ ബാലനും, എം.എ.ബേബിയും, ജി സുധാകരനും, തോമസ് ഐസക്കും എം.വിജയകുമാറും ഉൾപ്പെടെയുള്ള എസ് എഫ് ഐയുടെ നേതാക്കളെ ഉൾപ്പടെ പോലീസ് അതിക്രൂരമായി തല്ലിച്ചതച്ചു. എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ മിസ കരിനിയമപ്രകാരം ജയിലിലടച്ചു. കേരളത്തിൽ മാത്രം 600ലധികം എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. സ്വാതന്ത്രസമരത്തിൽ ആർ എസ് എസ് എവിടെയായിരുന്നോ അവിടെ തന്നെയായിരുന്നു അടിയന്തരാവസ്ഥ കാലത്ത് എ ഐ എസ് എഫുമെന്നും സച്ചിന്‍ ദേവ് ആരോപിക്കുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം എസ് എഫ് ഐ ക്യാമ്പസുകളിലേക്ക് വർദ്ധിത വീര്യത്തോടെ പടർന്നുകയറിയതും നിങ്ങൾ അപ്രത്യക്ഷമായതും നിങ്ങളുടെ ഇടതുപക്ഷത്തിനു നിരക്കാത്ത ഇരട്ടത്താപ്പ് നിലപാടുകൾ കൊണ്ടാണ് എന്നു ചരിത്രം പഠിക്കുന്ന ഏതൊരാൾക്കും വ്യക്തമാണ്.ചരിത്രം മായ്ച്ചുകളയാനാകാത്ത കാലത്തോളം ഞങ്ങൾ എന്താണെന്നും നിങ്ങൾ എന്തായിരുന്നു എന്നും, എന്താണെന്നും കേരളത്തിൻ്റെ പൊതുസമൂഹത്തിൻ്റെ മുന്നിലുണ്ട്. അതുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് എസ് എഫ് ഐയക്ക് ക്ലാസ്സെടുക്കാനും പഠിപ്പിക്കാനും എ ഐ എസ് എഫ് എന്തായാലും വളർന്നിട്ടില്ലെന്നും സച്ചിന്‍ ദേവ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications