'അർജുനെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തും; രക്ഷാപ്രവർത്തനത്തിന് നാവിക സേന ഇന്നെത്തും'; എംകെ രാഘവൻ എംപി
കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ കുടങ്ങിയ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എംകെ രാഘവൻ എംപി. കർണാടക ഉപമുഖ്യന്ത്രി ഡികെ ശിവകുമാറുമായും ഉത്തരമേഖല എസ് പിയുമായും സംസാരിച്ചും. മഴ രക്ഷാപ്രവർത്തനത്തിന് തടസം തീർക്കുന്നുണ്ടെന്നാണ് ഇരുവരും അറിയിച്ചത്. ഇന്ന് രാവിലെയോടെ നാവികസേനയെ എത്തിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്നാണ് കർണാടക സർക്കാരിൽ നിന്നും ലഭിച്ച ഉറപ്പെന്നും എംപി വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
'ഇന്നലെയാണ് വിവരം അറിഞ്ഞത്. അപ്പോൾ തന്നെ ഉത്തര കന്നട ജില്ലയിലെ എസ് പിയുമായി സംസാരിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമാണെന്നും ശക്തമായ മഴയാണ് പെയ്യുന്നതെന്നുമാണ് അദ്ദേഹം അറിയിച്ചത്. ഇത് രക്ഷാപ്രവർത്തനത്തിന് തടസം തീർക്കുന്നുണ്ട്. ഇന്ന് രാവിലെയോടെ നാവിക സേനയെ രക്ഷാപ്രവർത്തനത്തിനായി വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അദ്ദേഹം അപകട സ്ഥലത്ത് തന്നെ ഉണ്ട്.

രാവിലെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി സംസാരിച്ചിരുന്നു. അദ്ദേഹവും രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്. എങ്ങനെയെങ്കിലും അർജുനെ രക്ഷപ്പെടുത്തിയെടുക്കാനള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഞങ്ങൾ എല്ലാവരും പ്രതീക്ഷയിലാണ്', എംകെ രാഘവൻ പറഞ്ഞു.
നാല് ദിവസങ്ങൾക്ക് മുൻപാണ് ഷിരൂരിൽ മണ്ണിടിച്ചലുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ഉള്‍പ്പെടെ പത്ത് പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം ഇവിടെ നിന്നും പുറത്തെടുത്തിരുന്നു. ഇതിനിടയിലാണ് അർജുനും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ അർജുന്റെ മണ്ണിനടിയിൽ ഉണ്ടെന്നാണ് കണ്ടെത്താനായത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഒരു ചായക്കട ഉണ്ട്. ഇവിടെ ചായകുടിക്കാൻ ലോറി നിർത്തി ഇറങ്ങിയപ്പോഴാകാം അർജുൻ അപകടത്തിൽപ്പെട്ടത് എന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അർജുനെ ബന്ധപ്പെടാൻ കുടുംബം ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. അർജുന്റെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ ഇന്ന് രാവിലെ അർജുന്റെ രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചപ്പോൾ റിങ് ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. അതേസമയം ആരും ഫോൺ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഈ ഫോണിലേക്ക് വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്. അർജുൻ തന്നെയാകുമോ ഫോൺ ഓൺ ആക്കിയതെന്നാണ് കുടുംബത്തിന്റെ സംശയം. എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാർ ഇടപെട്ട് അർജുനെ രക്ഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications