ആലുവ കൊലപാതകം: 'പതിവായി ലൈംഗിക വൈകൃത വീഡിയോ കാണും'; അസ്ഫാഖിനെ കുറിച്ച് പൊലീസ്
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ബിഹാര്‍ പരാരിയ സ്വദേശി അസ്ഫാഖ് ആലം ലൈംഗിക വൈകൃതത്തിനുടമയെന്ന് പൊലീസ്. 28 കാരനായ ഇയാള്‍ ലൈംഗിക വൈകൃതം നിറഞ്ഞ വിഡിയോകള്‍ പതിവായി കാണാറുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് റോഡില്‍ കിടന്ന് ആളുകളുമായി വാക്കേറ്റത്തിലേര്‍പ്പെടുന്നതും പതിവായിരുന്നു.
അസഫാഖ് ആലം മുന്‍പ് മൊബൈല്‍ മോഷണക്കേസിലും പ്രതിയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് അസ്ഫാഖ് കേരളത്തില്‍ എത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ രണ്ട് ദിവസം മുന്‍പാണ് കുട്ടിയും കുടുംബവും താമസിക്കുന്ന ആലുവ തായിക്കാട്ടുകരയില്‍ എത്തുന്നത്. ജ്യൂസ് വാങ്ങി നല്‍കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയത്.

കുട്ടി ഇയാള്‍ക്കൊപ്പം പോകുന്നത് കണ്ടവരുണ്ടായിരുന്നു. ഇത് സാധൂകരിക്കുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തായിരുന്നു. ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോട് ചേര്‍ന്നുള്ള പുഴയോരത്ത് എത്തിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിരയാക്കി കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെയോടെ ചാക്കിട്ട് മൂടി കല്ലുകള്‍ കയറ്റിവച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ തന്നെ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുള്ളതായി ഫോറന്‍സിക് വിദഗ്ധരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതേസമയം അസ്ഫാഖ് ആലം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ അസ്ഫാഖിന്റെ സുഹൃത്തുക്കളായ രണ്ട് പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
എന്നാല്‍ ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിനോട് പ്രതി പറഞ്ഞിരിക്കുന്നത്. അസ്ഫാഖ് ആലതത്തിനെതിരെ കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍ കുറ്റങ്ങള്‍ക്ക് പുറമേ പോക്‌സോ നിയമ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.
തായിക്കാട്ടുകരയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് കുട്ടിയും മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും താമസിച്ചിരുന്നത്. കുട്ടിയെ കാണാതായ അന്ന് തന്നെ അസ്ഫാഖ് ആലത്തിനെ പിടികൂടിയിരുന്നെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് നല്‍കിയിരുന്നത്. ഇന്നലെ കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.












Click it and Unblock the Notifications