പ്രാര്‍ത്ഥനകളും ചികിത്സയും ഫലിച്ചില്ല; അമ്പിളി ഫാത്തിമ യാത്രയായി
കോട്ടയം: അനേകം പേരുടെ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്ക്കും ഫലമുണ്ടായില്ല.ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ (22) അന്തരിച്ചു.രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ അണുബാധയാണ് മരണകാരണം.മൂന്നു ദിവസമായി കാരിത്താസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
പത്തുമാസങ്ങള്‍ക്കു മുന്‍പ് ചെന്നൈ അപ്പോളോ ആസ്പത്രിയിലാണ് ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന അപൂര്‍വ്വ ശസ്ത്രക്രിയയ്ക്ക് അമ്പിളി വിധേയായത്.
ഒരു മാസം ഒരു ലക്ഷത്തിലേറെ രൂപയുടെ മരുന്നുകളും മൂന്നു ദിവസം കൂടുമ്പോള്‍ രക്തപരിശോധനയും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വീണ്ടും അണുബാധയുണ്ടായതിനെ തുടര്‍ന്ന് അപ്പോളോ ആസ്പത്രിയില്‍ മറ്റൊരു ശസ്ത്രക്രിയക്കു കൂടി അമ്പിളി വിധേയയായിരുന്നു.തുടര്‍ ചികിത്സയ്ക്കു ശേഷം ഒരു മാസം മുന്‍പാണ് അമ്പിളിയും കുടുംബവും കോട്ടയെത്തെ വീട്ടിലെത്തിയത്.ഒരു നഴ്‌സ് അമ്പിളിയുടെ പരിചരിക്കാന്‍ എപ്പോഴും കൂടെയുണ്ടായിരുന്നു.വീട്ടില്‍ സന്ദര്‍ശകരാരെയും അനുവദിച്ചിരുന്നില്ല. കടുത്ത പനിയെയും ശ്വാസതടസ്സത്തെയും തുടര്‍ന്നാണ് കാരിത്താസിലെത്തിച്ചത് .

അപൂര്‍വ്വ രോഗമായിരുന്നു അമ്പിളി ഫാത്തിമയ്ക്ക്.അമ്പിളിയെ കുറിച്ചുളള പത്രവാര്‍ത്തകള്‍ കണ്ട നടി മഞ്ജുവാര്യര്‍ ചെന്നൈയിലെ ആസ്പത്രിയിലെത്തിയിരുന്നു.സങ്കീര്‍ണ്ണമായ രോഗത്തെ നിശ്ചയദാര്‍ഡ്യം കൊണ്ടു നേരിട്ട അമ്പിളി തനിക്ക് അന്യയല്ലെന്നും സ്വന്തം അനിയത്തിയെ കാണാനാണ് വന്നതെന്നുമായിരുന്നു മഞ്ജുവാര്യര്‍ പറഞ്ഞത്.രോഗങ്ങള്‍ക്കും ആശുപത്രിവാസത്തിനും ഇടയിലും എം.കോം വരെ പഠിച്ച അമ്പിളിയ്ക്ക് സിവില്‍ സര്‍വ്വീസ് നേടാനായിരുന്നു മോഹം.കാഞ്ഞിരപ്പളളി പുതുപ്പറമ്പില്‍ ബഷീറിന്റെയും ഷൈലയുടെയും ഏക മകളാണ് അമ്പിളി ഫാത്തിമ.












Click it and Unblock the Notifications