അമീബിക് മസ്‌തിഷ്‌ക ജ്വരം; കോഴിക്കോട് രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു, മൂന്നര വയസുകാരൻ വെന്റിലേറ്ററിൽ
കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്റെ ഭീതി പൂർണമായി ഒഴിയാതെ കോഴിക്കോട്. പ്രാഥമിക പരിശോധനയിൽ രോഗബാധ കണ്ടെത്തിയ രണ്ട് കുട്ടികൾ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. അതിൽ മൂന്നര വയസുകാരൻ വെന്റിലേറ്ററിലാണ്. കണ്ണൂർ സ്വദേശിയാണ് ഈ കുട്ടി. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്റെ ആരോഗ്യനില തൃപ്‌തികരമാണ്.
ഈ കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇന്ന് വന്നേക്കും. രോഗം ബാധിച്ച് മൂന്നിലധികം മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. മരണപ്പെട്ട കുട്ടികളിൽ എല്ലാവരും പതിനഞ്ച് വയസിൽ താഴെയുള്ളവരായിരുന്നു. അപൂർവ രോഗമായ ഇതിന്റെ മരണനിരക്ക് 97 ശതമാനമാണ്.

എന്നാൽ കഴിഞ്ഞ ദിവസം പയ്യോളി സ്വദേശിയായ പതിനാല് വയസുകാരൻ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ലോകമെമ്പാടും ആകെ 11 പേർ മാത്രമേ ഈ രോഗം അതിജീവിച്ചിട്ടുള്ളൂ. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗ മുക്തി നേടുന്നത്.
കോഴിക്കോട് മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് മസ്‌തിഷ്‌ക ജ്വരം ഉണ്ടെന്ന് സംശയിക്കുകയും കുട്ടിയുടെ ലക്ഷണങ്ങളെ കുറിച്ച് അധികൃതരെ അറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് കുട്ടിക്ക് അപസ്‌മാരം പിടിപെട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജൂലൈ 1നാണ് പ്രവേശിപ്പിച്ചത്.
നേരത്തെയുള്ള കണ്ടെത്തലിന്റെയും സമഗ്ര പരിചരണത്തിന്റെയും ഫലമായാണ് മൂന്ന് ആഴ്‌ചത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചത്. ജൂലൈ 20ന് അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ നേരിടാനുള്ള സമഗ്ര മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിൽ ഇതാദ്യമായാണ് ഈ അപൂർവ രോഗത്തിന് സമഗ്രമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്.
എന്താണ് അമീബിക് മസ്‌തിഷ്‌ക ജ്വരം?
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്‌തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. പിന്നീട് രോഗ ബാധിതൻ ഗുരുതരാവസ്ഥയിലാവുകയും മസ്‌തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. പല തരം അമീബകള്‍ രോഗകാരികള്‍ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് മനുഷ്യശരീരത്തിലേക്ക് കടന്നു കയറുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം തെറിക്കുകയോ ചെയ്‌താൽ ഇങ്ങനെ സംഭവിക്കാം. ഇതാണ് തലച്ചോറിലെത്തി രോഗകാരിയായി തീരുന്നത്.












Click it and Unblock the Notifications