'കമ്മ്യൂണിസ്റ്റ് വിരുദ്ധതയെന്ന കറുത്തപുള്ളി മനോരമയിൽ നിന്ന് മാറ്റാനാവില്ല'; വിമർശിച്ച് എംവി ജയരാജൻ
കൊച്ചി; നവകേരള വികസനം സംബന്ധിച്ച സിപി(എം) നയത്തെക്കുറിച്ചുള്ള മനോരമ വാർത്തയ്ക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ പറ്റാത്തതുപോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെന്ന കറുത്തപുള്ളിയും മനോരമയിൽ നിന്ന് മാറ്റാനാവില്ലെന്ന് ജയരാജൻ കുറ്റപ്പെടുത്തി.
സ്വകാര്യമൂലധന നിക്ഷേപം ''ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും ഉല്പാദനക്ഷമത വർദ്ധിപ്പിക്കാനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിൽ അനുവദിക്കാ''മെന്നാണ് സിപിഎം പാർട്ടി പരിപാടിയിൽ പറയുന്നുണ്ട്. എന്നാൽ ബിജെപി-കോൺഗ്രസ്സ് ഗവൺമെന്റുകളുടെ മുഖ്യനയപരിപാടിയായ ഫിനാൻസ് മൂലധനത്തിന്റെ വ്യാപകമായ ഒഴുക്കിനെ നിയന്ത്രിക്കുകയും ചെയ്യും. ഇങ്ങനെ പരിശോധിച്ചാൽ നവകേരള വികസനരേഖയിൽ മുന്നോട്ടുവെച്ച കാഴ്ചപ്പാട് തികച്ചും ശരിയാണ്. നേരത്തെ തന്നെ 1957ലെ ഇഎംഎസ് സർക്കാർ ബിർലയുടെ ഫാക്ടറി കേരളത്തിൽ അനുവദിച്ചിട്ടുണ്ട്. അന്നും മനോരമാദികൾ അതിനെതിരെ രംഗത്തുവന്നു. ഇഎംഎസ്സിനെ ആക്ഷേപിച്ചു. 'ചൊട്ടയിലെ ശീലം ചുടലവരെ' - എത്ര അന്വർത്ഥമാണത്, ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

പ്രസിദ്ധീകരണം തുടങ്ങിയ നാൾ മുതൽ മനോരമ ശീലിച്ചതും പഠിച്ചതും കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ പറ്റാത്തതുപോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെന്ന കറുത്തപുള്ളിയും മനോരമയിൽ നിന്ന് മാറ്റാനാവില്ല. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ ആത്മഹത്യചെയ്യുമെന്ന് ഭീഷണിമുഴക്കിയ പത്രാധിപർ കമ്മ്യൂണിസ്റ്റുകാർ നിരവധി തവണ അധികാരത്തിലേറിയിട്ടും ആ വഴി സ്വീകരിച്ചില്ല. ഇത്രയും പറയേണ്ടിവന്നത് നവകേരള വികസനം സംബന്ധിച്ച സിപിഐ(എം) നയത്തെക്കുറിച്ചുള്ള 'മ' പത്രത്തിന്റെ രണ്ടു ദിവസത്തെ വാർത്തയും തലക്കെട്ടും കണ്ടതുകൊണ്ടാണ്.
കേന്ദ്രം കേരളത്തെ സാമ്പത്തികമായും വികസനപരമായും പൂർണ്ണമായും അവഗണിക്കുമ്പോൾ ബദൽ വികസനനയമാണ് എൽഡിഎഫ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. ഇത് കേരളത്തെ വികസനക്കുതിപ്പിലേക്കും ജനക്ഷേമത്തിലേക്കും നയിച്ചു. അതുകൊണ്ടാണ് ഭരണത്തുടർച്ചയുണ്ടായത്. ധനകമ്മീഷൻ ശുപാർശ പ്രകാരമുള്ള നികുതി വിഹിതം കേന്ദ്രസർക്കാർ മൂന്നിലൊന്നായി കുറച്ചു. ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തലാക്കി. സംസ്ഥാനം സമർപ്പിച്ച വികസന പദ്ധതികൾക്ക് അനുമതിയില്ല. ജനസംഖ്യാനുപാതികമായി ഗ്രാന്റില്ല. വായ്പയെടുക്കാൻ പോലും അനുവദിക്കുന്നില്ല.
ഇത്തരമൊരു സാഹചര്യത്തിൽ വിഭവ സമാഹരണത്തിന് കേരളത്തിന്റെ ബദലാണ് കിഫ്ബി. 62000 കോടി രൂപയുടെ വികസന പദ്ധതികൾ ഏറ്റെടുത്തു. 4500 കോടിയുടെ പുതിയ പദ്ധതികൾക്ക് അനുമതി നൽകി. അപ്പോൾ കിഫ്ബിയെ തകർക്കാൻ സിഎജിയെ കൂട്ടുപിടിച്ചു.
ഇന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളം വ്യത്യസ്തമാകുന്നത് വിദ്യാഭ്യാസമേഖലയിൽ നാം ആർജ്ജിച്ച കുതിച്ചുചാട്ടം കൊണ്ടുകൂടിയാണ്. ലോകത്തിന്റെ ഏത് കോണിലും പോയി ജോലിചെയ്യാനുള്ള ആത്മവിശ്വാസം അത് മലയാളിക്ക് നൽകി. ഉന്നതവിദ്യാഭ്യാസത്തിന്റെ ധിഷണാകേന്ദ്രമാക്കി കേരളത്തെ മാറ്റാനുതകുന്നതും ആഗോളതലത്തിൽ തന്നെ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളോട് കിടപിടിക്കാൻ കഴിയുന്നതുമായ കലാലയങ്ങൾ ആരംഭിക്കുമെന്നും പൊതുമേഖലയിലും സ്വകാര്യമേഖലയിലും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വൻകിട ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കണമെന്ന സിപിഐ(എം) വികസനരേഖയിലെ നിർദ്ദേശം നാടിന്റെ ഭാവിക്ക് വേണ്ടിയാണ്. ഇത് സംബന്ധിച്ച സ്വാഭാവികമായ സംവാദം വിദഗ്ദ്ധന്മാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കക്ഷികളുമെല്ലാം ചേർന്ന് നടത്തുകയും വേണം.
Recommended Video
സാമൂഹ്യനീതിയും നിലവാരവും മെറിറ്റും ഉറപ്പുവരുത്താനുള്ള കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു മാത്രമേ എൽഡിഎഫ് ഇത്തരമൊരു നയം ഉന്നതവിദ്യാഭ്യാസമേഖലയിൽ നടപ്പാക്കുകയുള്ളൂ എന്ന് എല്ലാവർക്കുമറിയാം.
സ്വകാര്യമൂലധന നിക്ഷേപം ''ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും ഉല്പാദനക്ഷമത വർദ്ധിപ്പിക്കാനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിൽ അനുവദിക്കാ''മെന്നാണ് സിപിഐ(എം) പാർട്ടി പരിപാടിയിൽ പറയുന്നുണ്ട്. എന്നാൽ ബിജെപി-കോൺഗ്രസ്സ് ഗവൺമെന്റുകളുടെ മുഖ്യനയപരിപാടിയായ ഫിനാൻസ് മൂലധനത്തിന്റെ വ്യാപകമായ ഒഴുക്കിനെ നിയന്ത്രിക്കുകയും ചെയ്യും. ഇങ്ങനെ പരിശോധിച്ചാൽ നവകേരള വികസനരേഖയിൽ മുന്നോട്ടുവെച്ച കാഴ്ചപ്പാട് തികച്ചും ശരിയാണ്. നേരത്തെ തന്നെ 1957ലെ ഇഎംഎസ് സർക്കാർ ബിർലയുടെ ഫാക്ടറി കേരളത്തിൽ അനുവദിച്ചിട്ടുണ്ട്. അന്നും മനോരമാദികൾ അതിനെതിരെ രംഗത്തുവന്നു. ഇഎംഎസ്സിനെ ആക്ഷേപിച്ചു. 'ചൊട്ടയിലെ ശീലം ചുടലവരെ' - എത്ര അന്വർത്ഥമാണത്!












Click it and Unblock the Notifications