പുന:സംഘടന ചര്‍ച്ചകള്‍ക്ക് പിന്നില്‍ മറ്റ് ചില ശക്തികള്‍, പ്രസക്തിയില്ലെന്ന് ആന്റണി രാജു
തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് മന്ത്രി ആന്റണി രാജു. പുനസംഘടന വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമല്ല, മറ്റ് ചില ശക്തികള്‍ ഇതിന് പിന്നിലുണ്ടെന്നും മന്ത്രി ആരോപിച്ചു. എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരല്ല ഈ വാര്‍ത്തകള്‍ക്ക് പിന്നിലുള്ളത്. എത്ര കാലം മന്ത്രിയായിരിക്കുന്നു എന്നതില്‍ അല്ല, എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യമെന്നും മന്ത്രി പറഞ്ഞു.
ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ബുധനാഴ്ച്ച ചേരുന്ന ഇടതുമുന്നണി യോഗം പുനസംഘടന ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നില്ല. ഇനിയും രണ്ട് മാസത്തെ സമയമുണ്ടെന്നും ആന്റണി രാജു പറഞ്ഞു. കരുത്തുറ്റ മുന്നണിയാണ് എല്‍ഡിഎഫ്. സമയാ സമയങ്ങളില്‍ വേണ്ട തീരുമാനങ്ങള്‍ മുന്നണിയില്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഗണേഷിനെതിരെ വിവാദം വിലയിരുത്തേണ്ടത് ഇടതുമുന്നണിയാണ്.

അക്കാര്യങ്ങളൊക്കെ മുന്നണി ചര്‍ച്ച ചെയ്യും. രണ്ട് മാസങ്ങള്‍ക്ക് അപ്പുറമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ല. നിലവിലെ വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണ്. അതിന് പിന്നിലുള്ളവരെ അടുത്ത ദിവസങ്ങലില്‍ അറിയാമെന്നും ആന്റണി രാജു പറഞ്ഞു.ഞാന്‍ മന്ത്രിയാകാന്‍ ആഗ്രഹിച്ചയാളല്ല. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് മന്ത്രിസ്ഥാനം ആര്‍ക്കും സ്ഥിരമുള്ളതല്ല. അത് വരും പോകും. മന്ത്രിയായി ഇരിക്കുന്ന കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ജനാഭിലാഷം പാലിച്ച് നന്നായി പ്രവര്‍ത്തിക്കുകയാണ് പ്രധാനം. തന്നെ മന്ത്രിയാക്കിയത് ലാറ്റിന്‍ കത്തോലിക് അസോസിയേഷന്റെ തീരുമാന പ്രകാരമല്ല. ഒരു സമുദായത്തിന്റെ മന്ത്രിയല്ല താനെന്നും ആന്റണി രാജു വ്യക്തമാക്കി.
അതേസമയം കെഎല്‍സിഎയുടെ ഭാരവാഹികള്‍ എല്ലാം കോണ്‍ഗ്രസുകാരാണ്. ഈ സംഘടന മുമ്പും തനിക്കെതിരെ നിലപാടെടുത്തിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു. ലത്തീന്‍ സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ആന്റണി രാജു ഇപ്പോള്‍ തിരിഞ്ഞുനോക്കാറില്ലെന്നുമായിരുന്നു കേരള ലത്തീന്‍ കത്തോലിക്ക അസോസിയേഷന്റെ വിമര്‍ശനം.












Click it and Unblock the Notifications