അർജുന് അന്ത്യാഞ്ജലി അർപ്പിക്കാന്‍ നാടും വീടും: കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുന് നാട് ഒന്നാകെ കണ്ണീരോടെ വിട ചൊല്ലുന്നു. അർജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര എട്ട് മണിയോടെ കണ്ണാടിക്കലിലെ വീട്ടിലെത്തും. പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകീട്ടോടെയായിരുന്നു അർജുന്റെ മൃതദേഹവുമായി പ്രത്യേക ആംബുലന്‍സ് കാർവാറില്‍ നിന്നും പുറപ്പെട്ടത്.
കോഴിക്കോട് വരെ കാർവാർ പൊലീസും മൃതദേഹത്തെ അനുഗമിച്ചു. കോഴിക്കോട് ജില്ലാ അതിർത്തിയില്‍ വെച്ച് സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി എകെ ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷറഷ്, കാര്‍വാര്‍ എം എ ല്‍എ സതീഷ് കൃഷ്ണ സെയ്ല്‍, കര്‍ണാകടയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവരും അർജുന്റെ വീട്ടിലേക്ക് എത്തും.

വീട്ടില്‍ എത്തുന്ന മൃതദേഹം രാവിലെ 10 മണിയോടെ അവിടെ പൊതുദർശനത്തിന് വെക്കും. ഇതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുക. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ തന്നെയാണ് അർജുന്റെ മൃതദേഹം സംസ്കരിക്കുക.
പുലർച്ചെ അഞ്ചരയോടെ തന്നെ വിലാപയാത്ര കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വെച്ചാണ് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാറിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങിയത്.
മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പൂളാടിക്കുന്ന് മുതല്‍ വാഹനങ്ങളുടെ അകമ്പടിയോടെയാകും വീട്ടിലേക്ക് എത്തിക്കുക. ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് വിലാപയാത്ര നിശ്ചയിച്ചിരിക്കുന്നത്. കണ്ണാടിക്കല്‍ മുതല്‍ കാല്‍നടയായിട്ടായിരിക്കും മൃതദേഹം വീട്ടിലേക്ക് എത്തിക്കുക.
വീട്ടിലെത്തിക്കുന്ന മൃതദേഹത്തില്‍ ആദ്യം വീട്ടുകാർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള സൗകര്യം ഒരുക്കും. പിന്നീട് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. അർജുന് അന്ത്യാഞ്ജലി അർപ്പിക്കാനായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് കണ്ണാടിക്കലിലെ വീട്ടുപരിസരത്തേക്ക് എത്തിയിരിക്കുന്നത്.
വലിയ തോതില്‍ ആളുകള്‍ എത്തിത്തുടങ്ങിയതോടെ തിരക്ക് നിയന്ത്രിക്കാൻ ഇവിടെ പൊലീസ് വിന്യാസം വർധിപ്പിച്ചു. കണ്ണാടിക്കല്‍ മുതല്‍ പൊലീസ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അർജുന്റെ വീടിന്റെ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ആളുകള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications