പ്രവാസികള്‍ക്ക് ആർടിപിസിആർ പരിശോധന സൗജന്യമായി നല്‍കണമെന്ന് അഷ്റഫ് താമരശ്ശേരി
ദോഹ: വിദേശത്ത് നിന്നും എത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവനങ്ങളില്‍ സൗജന്യ ആർ ടി പി സി ആർ പരിശോധന സൗകര്യം ഒരുക്കണമെന്ന് സാമൂഹ്യ പ്രവർത്തകനായി അഷ്റഫ് താമരശ്ശേരി. 'രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന, നാടിന്‍റെ നട്ടെല്ലായ പ്രവാസികള്‍ക്ക് ഇത് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇപ്പോള്‍ തന്നെ വിവിധ വിമാനത്താവളങ്ങളില്‍ വിത്യസ്ഥ നിരക്ക് ഈടാക്കുന്നത് ഒരു നിലക്കും യോജിക്കാന്‍ കഴിയാത്ത സംഗതിയാണ്- അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി. വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറൻറീൻ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്തുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറൻറീൻ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് ക്വാറൻറീൻ നിര്‍ബന്ധിക്കുന്നത് ശരിയല്ലായിരുന്നു. ഇപ്പോള്‍ സ്വീകരിച്ച നിലപാടിനോട് നൂറുവട്ടം യോജിക്കുന്നു. അത് പോലെത്തന്നെയുള്ള വിഷയമാണ് വിമാനത്താവളങ്ങളിലെ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിരക്ക് . രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന, നാടിന്‍റെ നട്ടെല്ലായ പ്രവാസികള്‍ക്ക് ഇത് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഇപ്പോള്‍ തന്നെ വിവിധ വിമാനത്താവളങ്ങളില്‍ വിത്യസ്ഥ നിരക്ക് ഈടാക്കുന്നത് ഒരു നിലക്കും യോജിക്കാന്‍ കഴിയാത്ത സംഗതിയാണ്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്തിയാല്‍ ഒരു ടെസ്റ്റ് ഉണ്ടായിരിക്കെ വിമാനത്താവളത്തിലേക്ക് വരുമ്പോള്‍ എടുക്കുന്ന പി.സി.ആര്‍ ടെസ്റ്റ് എന്തടിസ്ഥാനത്തിലാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.- അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ സർക്കാർ പിൻവലിക്കണമെന്നും അഷ്റഫ് താമരശ്ശേരി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്ന് പി.സി.ആർ പരിശോധനയും വിമാനത്താവളത്തിലെ പരിശോധനയും കഴിഞ്ഞ് നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികൾ എന്തിന് ക്വാറൻറെെനിൽ കഴിയണം. സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും, ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക് മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് കേന്ദ്ര, കേരള സർക്കാരുകൾ വ്യക്തമാക്കണം.
എടപ്പാൾ പാലത്തിൻ്റെ ഉദ്ഘാടന ആഘോഷവേളയിൽ യാതൊരു സാമൃഹിക അകലവും പാലിക്കാതെ പതിനായിരങ്ങളാണ് പങ്കെടുത്തത് ഇവിടെയൊന്നും മഹാമാരി ബാധിക്കില്ലേ എന്നാണ് നമ്മുടെ ചോദ്യം. കോവിഡ് തുടങ്ങിയ കാലം മുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർധിച്ചാൽ പാവം പ്രവാസികളുടെ പിടലിക്കാണ് ആദ്യം പിടിക്കുന്നത്. സർക്കാരുകളുടെ പ്രവാസികളോടുളള ഈ അവഗണക്കെതിരെ മറ്റ് രാഷ്ട്രീയ പാർട്ടികൾ പോലും നിശ്ശബ്ദരാകുന്നു എന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.എന്നത് പോലെയാണ് പ്രവാസികളുടെ അവസ്ഥ. പ്രവാസികൾക്ക് പ്രവാസികൾ മാത്രമാണെന്നുമായിരുന്നു അന്ന് അഷ്റഫ് താമരശ്ശേരി നേരത്തെ അഭിപ്രായപ്പെട്ടത്












Click it and Unblock the Notifications