മക്കള്‍ വോട്ട് ചോദിച്ചാല്‍ അപ്പന്‍ ജയിക്കുമോ? അപ്പന് വേണ്ടി മക്കള്‍ ഗോദയില്‍!!!
തൃശ്ശൂര്‍: ഔപചാരികതയുടെ മൂടുപടങ്ങളൊന്നുമില്ലാതെയാണ് അപര്‍ണ്ണയും അഞ്ജനയും വോട്ട് തേടുന്നത്. കുന്നംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സിപി ജോണിന്റെ മക്കളാണിവര്‍. 'ഞങ്ങള്‍ സിപി ജോണിന്റെ മക്കളാണ്. അപ്പയ്ക്ക് വോട്ട് ചോദിക്കാന്‍ ഇറങ്ങിയതാ' ഇങ്ങനെ പരിചയപ്പെടുത്തിയാണ് ഓരോ വീട്ടിലും കയറിയിറങ്ങുന്നത്. അപ്പന് വേണ്ടി വോട്ട് ചോദിക്കാന്‍ ഇറങ്ങുന്നതിന്റെ ത്രില്ലില്ലാണ് രണ്ട് പേരും.
സിപി ജോണ്‍ ജനിച്ച് വളര്‍ന്ന നാടാണെങ്കിലും മക്കള്‍ക്ക് കുന്നംകുളത്ത് അടുത്തറിയുന്ന ബന്ധുക്കളും സുഹൃത്തുക്കളും കുറവാണ്. ഗ്രാമങ്ങളിലേക്കും അവിടെയുള്ള വീടുകളിലേക്കും കയറി ചെല്ലുമ്പോള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ അടുത്തറിയാനാണ് ഇവര്‍ ശ്രമിക്കുന്നത്. സാധാരണ ജനങ്ങളില്‍ നിന്ന് മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണിവര്‍. രണ്ട് പേരും ഗവേഷണ വിദ്യാര്‍ഥികളാണ്.

യുകെയിലെ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയാണ് അപര്‍ണ. ബീഹാറിലെ അങ്കണവാടികളാണ് പഠന വിഷയം. അഞ്ജന ഡല്‍ഹിയില്‍ അംബേദ്കര്‍ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയാണ്. മധ്യപ്രദേശിലെ ആദിവാസി വിഭാഗങ്ങളെ കുറിച്ചാണ് പഠിക്കുന്നത്.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സഞ്ചരിച്ചു. വഴികാട്ടിയായി ആ പ്രദേശങ്ങളിലെ പ്രവര്‍ത്തകരുമുണ്ടാകും. നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12.30 വരെയും നാല് മുതല്‍ രാത്രി എട്ട് വരെയുമാണ് ഇവരുടെ പര്യടനം.
തിരഞ്ഞെടുപ്പിന്റെ ഫലത്തിനേക്കാളേറെ കുന്നംകുളത്തെ അടുത്തറിയാനും ജനങ്ങളുമായി അടുത്തിടപ്പെടാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണിവര്‍. മണ്ഡലത്തിന്റെ വിവിധ ബൂത്തുകളിലായി 2000 ത്തിലേറെ വീടുകളില്‍ ഇവരെത്തി. വീട്ടുവിശേഷങ്ങള്‍ അന്വേഷിച്ചാണ് തുടക്കം. പിന്നീട് നാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ചറിയും. ചിലര്‍ കുടുംബ പ്രശ്‌നങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് നീതി ലഭിക്കാത്തതുമെല്ലാം പറയും. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അച്ഛന് വേണ്ടിയുള്ള വോട്ടഭ്യര്‍ഥന.
ഓരോ ദിവസത്തെയും അനുഭവങ്ങള്‍ അച്ഛന് മുന്നില്‍ അവതരിപ്പിക്കും. അഞ്ജന 21 മുതലും അപര്‍ണ്ണ 30 മുതലും കുന്നംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications