മാറി മറിഞ്ഞ് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍, വിജയിച്ചതാരെന്ന് നിശ്ചയമില്ല
തൃശ്ശൂര്‍: ഗ്രൂപ്പില്ല, ഗ്രൂപ്പില്ല എന്ന് രായ്ക്ക് രാമാനം നൂറ് വട്ടംപറയുമെങ്കിലും ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസിനെ എവിടെയും കാണാനാകില്ല. തൃശ്ശൂരില്‍ തമ്മിലടിക്കും വഴക്കുകള്‍ക്കും ശേഷം സ്ഥാനാര്‍ഥികളായപ്പോള്‍ ആരാണ് വിജയിച്ചതെന്ന് കൂട്ടിയും കിഴിച്ചും നോക്കുകയാണ് നേതാക്കള്‍.
13 മണ്ഡലങ്ങളില്‍ പത്തിടത്ത് കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് തുടക്കത്തില്‍ പറഞ്ഞ് കേട്ടിരുന്നത്. അഞ്ചിടങ്ങളില്‍ എ ഗ്രൂപ്പുകാരും അഞ്ചിടങ്ങളില്‍ ഐ ഗ്രൂപ്പുകാരും. ഇതായിരുന്നു കഴിഞ്ഞ തവണയുണ്ടായ സമവാക്യം. ഭാഗ്യമുള്ളവര്‍ക്ക് മത്സരിച്ച് ജയിച്ച് കയറാം. പക്ഷേ സ്ഥാനാര്‍ഥി തീരുമാനം വന്നപ്പോള്‍ ഇതെല്ലാം തകര്‍ന്നെന്നാണ് വിലയിരുത്തല്‍. പല സ്ഥലങ്ങളിലും ഗ്രൂപ്പുകള്‍ക്ക് അതീതമായി ആളുകള്‍ എത്തിയപ്പോള്‍ നഷ്ടപ്പെട്ടത് ഐ ഗ്രൂപ്പുകാര്‍ക്കാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

ചേലക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാറിന്റെ പേരാണ് പറഞ്ഞ് കേട്ടിരുന്നത്. കഴിഞ്ഞ തവണ മത്സരിച്ച കെ.ബി.ശശികുമാറിനെയും പരിഗണിച്ചിരുന്നു. ഗ്രൂപ്പിന് അതീതമാണ് ഇവരുടെ സ്ഥാനം. തൃശ്ശൂരില്‍ തേറമ്പില്‍ രാമകൃഷ്ണനെയും ടി.വി.ചന്ദ്രമോഹനെയും വെട്ടിയാണ് പദ്മജ വേണുഗോപാല്‍ രംഗത്തിറങ്ങിയത്. ഇവര്‍ ഐ ഗ്രൂപ്പുകാരിയാണെന്ന് പറയുമെങ്കിലും താത്പര്യം സുധീരന്റേതായിരുന്നു.
തൃശ്ശൂരിലെ ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവായ സി.എന്‍.ബാലകൃഷ്ണന്റെ അഭിപ്രായങ്ങളെ മാനിക്കാതെയാണ് അനില്‍ അക്കരയെ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥിയാക്കിയത്. കൊടുങ്ങല്ലൂരില്‍ കെ.പി.ധനപാലന്‍ പ്രായശ്ചിത്തത്തിന്റെ ഭാഗമായാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മാറി തൃശ്ശൂരില്‍ മത്സരിച്ചത് ധനാപാലന് വിനയായിരുന്നു. എ.കെ.ആന്റണിയുടെ ഇടപ്പെടലാണ് ധനപാലനെ തുണച്ചത്.
കയ്പമംഗലം സീറ്റും ഐ ഗ്രൂപ്പിനെ പിന്തുണച്ചില്ല. ഇത് ആര്‍.എസ്.പി.ക്കും നല്‍കി. എം.പി.വിന്‍സെന്റ് ഒല്ലൂരില്‍ സീറ്റ് നിലനിര്‍ത്തിയതും സുന്ദരന്‍ കുന്നത്തുള്ളിക്ക് പുതുക്കാട് സീറ്റ് നല്‍കിയതുമാണ് പേരിനെങ്കിലും ഐ ഗ്രൂപ്പിന് ആശ്വാസമാകുന്നത്. ഇതേസമയം വലിയ തര്‍ക്കങ്ങളൊന്നുമില്ലാതെ മണലൂരില്‍ ഒ.അബ്ദുറഹിമാന്‍ കുട്ടി, നാട്ടികയില്‍ കെ.വി.ദാസന്‍ എന്നിവര്‍ സ്ഥാനങ്ങള്‍ കണ്ടെത്തി. സുധീരന്റെ ഇടപ്പെടലാണ് ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റിമറിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഇതിന്റെ രോഷം ഇപ്പോഴൊന്നും അടങ്ങുമെന്ന് തോന്നുന്നില്ല. ഇനി ഇത് കഴിഞ്ഞ് വേണം ഗ്രൂപ്പ് യുദ്ധം ശക്തമാക്കാന്‍. അതുവരെ എല്ലാം മനസിലൊതുക്കാനാണ് നിര്‍ദ്ദേശം.












Click it and Unblock the Notifications