'പഞ്ചായത്തില്‍' തമ്മില്‍ തല്ലിയവര്‍ 'നിയമസഭ'യിലേക്ക് ഒറ്റക്കെട്ട്!
മലപ്പുറം: കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് തമ്മില്‍ തല്ലിയ ലീഗും കോണ്‍ഗ്രസും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത് ഒറ്റക്കെട്ടായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 24 ഇടങ്ങളിലായി 456 സീറ്റില്‍ നേര്‍ക്കുനേര്‍ പോരാടിയ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കങ്ങള്‍ 70ശതമാനം പരിഹരിച്ചതായി യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. ബാക്കിയിടങ്ങളില്‍ തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.
ഇരുചേരികളില്‍ നില്‍ക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകരെ ആദ്യം വേവ്വേറെയും പിന്നീട് ഒരുമിച്ചും വിളിച്ചുചേര്‍ത്താണ് യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. ഇരുകൂട്ടരുടേയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ലീഗിന്റേയും കോണ്‍ഗ്രസിന്റേയും ജില്ലാസംസ്ഥാന ഭാരവാഹികളാണ് മധ്യസ്ഥ തീരുമാനമെടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുമതിയോടുകൂടി നേര്‍ക്കുനേര്‍ പോരാട്ടം നടത്തിയതിനു പുറമെ നേതൃത്വത്തിന്റെ അനുമതിയില്ലാതെ നൂറോളം സീറ്റില്‍ അനൗദ്യോഗിക പോരാട്ടവും നടന്നിരുന്നു..

താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലെ ചിലയിടങ്ങളിലാണ് ഇനിയും തീരുമാനമാകാത്തത്. മാറാക്കര പഞ്ചായത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഇരുകൂട്ടരും വഴങ്ങിയില്ല. മറ്റിടങ്ങളിലെല്ലാം ഏകദേശധാരണയായതായി മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെഎന്‍എ കാദറും മലപ്പുറം ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞിയും പറയുന്നു.
ജില്ലയിലെ 22 ഗ്രാമപഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും കാളികാവ് ബ്ലോക്ക് പഞ്ചായത്തിലും ആയി 456 സീറ്റിലാണ് ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍പോരാട്ടം നടന്നിരുന്നത്. നിലവില്‍ കൊണ്ടോട്ടി നഗരസഭ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന 'സാമ്പാര്‍ മുന്നണി'യാണ് ഭരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇത്തരം മുന്നികള്‍ ഇല്ലാതാക്കുമെന്നും യുഡിഎഫിന്റെ പരിധിവിട്ട് പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണം കയ്യാളാന്‍ അനുവദിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന്റെ അനുമതിയോടുകൂടി കൊണ്ടോട്ടി നഗരസഭയില്‍ 40 സീറ്റിലേക്കും കാളികാവ് ബ്ലോക്കിലെ 14 സീറ്റിലേക്കും നേര്‍ക്കുനേര്‍പോരാട്ടം നടന്നു. ഇതിനുപുറമെ പഞ്ചായത്തുകളില്‍ ചോക്കാട്-18, എടപ്പറ്റ-15, കരുവാരക്കുണ്ട്-21, കാളികാവ്-19, പോരൂര്‍-17, തിരുവാലി -16, ആനക്കയം-23, മൂത്തേടം-15, ഒഴൂര്‍ -18, പൊന്മുണ്ടം-16, ചെറിയമുണ്ടം-18, പെരുമണ്ണ ക്ലാരി-16, തെന്നല-17, എടരിക്കോട്-16, പെരുവള്ളൂര്‍-19, ചീക്കോട്-18, മുതുവല്ലൂര്‍ -14, വാഴക്കാട്-19, വേങ്ങര-23, കണ്ണമംഗലം-23, നന്നമ്പ്ര-21, മാറാക്കര-20 സീറ്റുകളിലാണ് ഔദ്യോഗികമായി കോണ്‍ഗ്രസ്- ലീഗ് പോരാട്ടം നടന്നത്.
മലപ്പുറം ജില്ലയില്‍ ആകെയുള്ള 1778 വാര്‍ഡുകളില്‍ 556 വാര്‍ഡുകളില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിച്ചു. അവസാനം ഫലം വന്നപ്പോള്‍ യുഡിഎഫിന് തിരിച്ചടിയും ലഭിച്ചു. മലപ്പുറത്തെ 94 ഗ്രാമപഞ്ചായത്തുകളില്‍ 61ഇടത്ത് യുഡിഎഫും 27പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും അധികാരത്തിലെത്തി. യുഡിഎഫിന്റെ പലകോട്ടകളും എല്‍ഡിഎഫ് പിടിച്ചെടുത്തു. അഞ്ചിടത്ത് എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്രന്‍മാരും വിജയിച്ചു.

പുതിയ നഗരസഭകളായ കൊണ്ടോട്ടിയിലും പരപ്പനങ്ങാടിയിലും ലീഗിന് അടിതെറ്റി. ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്നുള്ള ജനകീയ, മതേതര വികസന മുന്നണിയാണു ഇവിടെ വിജയിച്ചത്. പിന്നീട് പരപ്പനങ്ങാടിയില്‍ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ് ഭരണം കയ്യാളി. കോണ്‍ഗ്രസ് മന്ത്രിമാരായ ആര്യാടന്‍മുഹമ്മദിന്റ നിലമ്പൂര്‍ മണ്ഡലത്തിലും എപി അനില്‍കുമാറിന്റെ വണ്ടൂൂര്‍ മണ്ഡലത്തിലും ലീഗ് - കോണ്‍ഗ്രസ് പോര് എല്‍ഡിഎഫിന് ഗുണം ചെയ്തിരുന്നെങ്കിലും മേഖലയില്‍ പ്രശ്‌നങ്ങള്‍ 80ശതമാനവും പരിഹരിയ്ക്കപ്പെട്ടതായാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
ലീഗ്-കോണ്‍ഗ്രസ് പോരുമൂലം ആര്യാടന്റെ മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകളാണ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5598 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ആര്യാടന്‍ നിലമ്പൂരില്‍ നിന്ന് വിജയിച്ചത്. നിലവില്‍ മകന്‍ ഷൗക്കത്താണ് നിലമ്പൂരില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ഥി.
അതേ സമയം മന്ത്രി എപി അനില്‍കുമാറിന്റെ മണ്ഡലത്തില്‍ ആകെയുള്ള ഏഴു പഞ്ചായത്തുകളില്‍ അഞ്ചിലും ലീഗ്-കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടമാണു നടന്നിരുന്നത്. കാളികാവില്‍ 19 സീറ്റില്‍ എട്ടില്‍ സിപിഎമ്മും ആറില്‍ കോണ്‍ഗ്രസും നാലില്‍ ലീഗുമാണു വിജയിച്ചത്. ചോക്കാട് ലീഗ്-നാല്, സിപിഎം -ആറ്, കോണ്‍ഗ്രസ്-എട്ട് എന്നിങ്ങനെയാണു കക്ഷിനില. ഇവിടങ്ങളിലെ ചര്‍ച്ചകള്‍ പൂര്‍ണ വിജയമായരുന്നുവെന്നു ഡിഡിസി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി പറഞ്ഞു.












Click it and Unblock the Notifications