കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയെ ഞെട്ടിച്ച് പേരാമ്പ്രയിലും പാളയത്തില്‍ പട; ടിപി രാമകൃഷ്ണനെതിരെ പോസ്റ്ററുകള്‍... പിറകില്‍?

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: വടക്കാഞ്ചേരിയിലും കൊല്ലത്തും കായംകുളത്തുമൊതുങ്ങുന്നില്ല സിപിഎമ്മിലെ പാളയത്തില്‍ പട. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലേയ്ക്കുകൂടി അതു നുഴഞ്ഞുകയറുകയാണ്. പാര്‍ട്ടിയുടെ ഉറച്ച കോട്ടകളില്‍ക്കൂടി വിമതര്‍ തലപൊക്കുമ്പോള്‍ സിപിഎം അഭിമുഖീകരിക്കുന്നതു മുന്‍പൊന്നുമില്ലാത്ത തിരഞ്ഞെടുപ്പു പ്രതിസന്ധിയാണ്.

വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെയും കൊല്ലത്ത് മുകേഷിനെയും മത്സരിപ്പിക്കുന്നതാണ് വിഷയമെങ്കില്‍ സിപിഎമ്മിന്റെ ഉരുക്കു കോട്ടകളിലൊന്നായ കോഴിക്കോട്ടെ പേരാമ്പ്രയില്‍ പാര്‍ട്ടി നേതാവിനെതിരെ തന്നെയാണ് പോസ്റ്ററുകള്‍. പാര്‍ട്ടി ആടിയുലഞ്ഞപ്പോഴും അസാമാന്യ മെയ് വഴക്കത്തോടെ തുഴഞ്ഞു കരയ്ക്കടുപ്പിച്ച കപ്പിത്താന്‍ സാക്ഷാല്‍ ടിപി രാമകൃഷ്ണന് നേരെ!

TP Poster

ആകെ 13 നിയമസഭാ മണ്ഡലങ്ങളുള്ള കോഴിക്കോട്ട് പത്തും പാര്‍ട്ടിക്കു മുതല്‍ക്കൂട്ടിയ പഴയ ജില്ലാ സെക്രട്ടറിയാണ് ടിപി രാമകൃഷ്ണന്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ടിപി ഇപ്പോള്‍ പാര്‍ട്ടിക്ക് അനഭിമതനാണത്രെ. ടിപി മത്സരിച്ചാല്‍ പാര്‍ട്ടി തോല്‍ക്കുമെന്നറിയിച്ച് സ്വന്തം തട്ടകമായ പേരാമ്പ്രയില്‍ പോലും പോസ്റ്ററുകള്‍ നിരന്നുകഴിഞ്ഞു. സിറ്റിങ് എംഎല്‍എ കുഞ്ഞമ്മദ് മാസ്റ്റര്‍ മത്സരിച്ചാല്‍ ഭൂരിപക്ഷം വര്‍ധിയ്ക്കുമെന്നും ഇല്ലെങ്കില്‍ കേരളം ഇടത്തോട്ടു പോയാലും പേരാമ്പ്ര വലത്തായിരിക്കുമെന്നും പോസ്റ്റര്‍ മുന്നറിയിപ്പു നല്‍കുന്നു.

ടിപി ചന്ദ്രശേഖരന്‍ വധത്തോടെയാണ് ടിപി രാമകൃഷ്ണന്‍ സിപിഎമ്മിലെ ചിലര്‍ക്ക് അനഭിമതനാകുന്നത്. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹന്‍ മാസ്റ്ററിലേയ്ക്ക് വരെ എത്തിയപ്പോള്‍ ടിപി രാമകൃഷ്ണന്‍ ഞെട്ടിപ്പോയിരുന്നു എന്നാണ് പറയുന്നത്. പാര്‍ട്ടിയ്ക്കുള്ളിലെ കാര്യങ്ങള്‍ പോലും അറിയാതെപോകുന്നുവെന്ന അവസ്ഥയിലാണ് ടിപി രാമകൃഷ്ണന്‍ ധൃതിയില്‍ ഒരു സംഘത്തിനൊപ്പം ചൈനയിലേയ്ക്കു വച്ചുപിടിച്ചത് എന്നാണ് കഥകള്‍. വടക്കന്‍ കോട്ടയില്‍ പാര്‍ട്ടി വളഞ്ഞിട്ട് ആക്രമിക്കപ്പെട്ടപ്പോള്‍ ടിപി ചൈനയില്‍ വിലസി എന്ന വിമര്‍ശനത്തിന്റെ കാതലും ഇതുതന്നെ.

ഇപ്പോള്‍, ടിപി രാമകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു തടയിടാന്‍ ശ്രമിക്കുന്നവരും ടിപി ചന്ദ്രശേഖരന്റെ കൊലയ്ക്കു ചരടുവലിച്ചവരാണെന്ന് ആക്ഷേപമുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട പഴയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍ മാസ്റ്ററാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി.

കേരളം ഇടത്തോട്ട്, പേരാമ്പ്ര വലത്തോട്ട് എന്ന തലക്കെട്ടോടുകൂടിയാണ് പോസ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതായത് ടിപി മത്സരിച്ചാല്‍ പേരാമ്പ്രയില്‍ യുഡിഎഫ് ജയിക്കും അല്ലെങ്കില്‍ തങ്ങള്‍ ജയിപ്പിക്കുമെന്നര്‍ഥം. സ്ഥാനാര്‍ഥികള്‍ക്കെതിരെ പോസ്റ്ററും നോട്ടീസുമൊക്കെ പലയിടത്തും സാധാരണ സംഭവമായിരിക്കാം. എന്നാല്‍, ഇടതുപക്ഷത്തിന്റെ വടക്കന്‍ കോട്ടകളില്‍ ഇത്തരം വിള്ളലുകള്‍ ആദ്യമായാണെന്നതാണ് രാഷ്ട്രീയ കേരളത്തെ ആശ്ചര്യപ്പെടുത്തുന്നത്.

സിപിഎമ്മിലെ എം കുഞ്ഞമ്മദ് മാസ്റ്ററാണ് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ. 15,269 വോട്ടെന്ന മികച്ച ഭൂരിപക്ഷത്തിലാണ് അദ്ദേഹം കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസിലെ അഡ്വ മുഹമ്മദ് ഇഖ്ബാലിനെ തോല്‍പ്പിച്ചത്. ബിജെപിയിലെ പി. ചന്ദ്രിക ടീച്ചര്‍ക്ക് കേവലം 7,214 വോട്ടുകള്‍ മാത്രമേ മണ്ഡലത്തില്‍ലഭിച്ചിട്ടുള്ളൂ. അതേസമയം, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ 1,175 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. പൊതുവില്‍ ഇടതുസ്ഥാനാര്‍ഥിക്കു മികച്ച മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്ന മണ്ഡലമാണ് പേരാമ്പ്ര.

English summary
Assembly Election 2016: Poster against TP Ramakrishnan's candidature at Perambra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X