ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു... മറ്റ് പരിക്കുകളില്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ കിണറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിന്റേതാണ് മുങ്ങിമരണമാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ കുഞ്ഞിനെ ജീവനോടെ കിണറ്റിലേക്കെറിഞ്ഞതാണ് എന്ന് വ്യക്തമായി. ശ്വാസകോശത്തില്‍ വെള്ളം കയറിയ നിലയിലായിരുന്നു.
കുഞ്ഞിന്റെ ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തി കിണറ്റിലിടുകയായിരുന്നുവെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

ഇന്ന് രാവിലെയാണ് ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അടിമുടി ദുരൂഹതയാണ് പൊലീസ് സംശയിക്കുന്നത്. ദേവേന്ദുവിന്റെ മാതാപിതാക്കളേയും അമ്മാവനേയും മുത്തശ്ശിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താനാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞത് എന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ മൊഴി പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ശ്രീജിത്തിനേയും ശ്രീതുവിനേയും ബന്ധുക്കളേയും ചോദ്യം ചെയ്യുന്നത്. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാവിലെ എട്ടേകാലോടെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്.
ഹരികുമാര്‍ കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നത് സംബന്ധിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പിന്നാലെ ശ്രീജിത്തിനേയും ശ്രീതുവിനേയും ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു. ദേവേന്ദു അച്ഛനമൊപ്പമാണ് ഉറങ്ങാന്‍ കിടന്നത് എന്നാണ് അമ്മ ശ്രീതു പറയുന്നത്. എന്നാല്‍ ശ്രീതുവിനൊപ്പമാണ് കുട്ടി കിടന്നത് എന്നാണ് ശ്രീജിത്തിന്റെ മൊഴി.
പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ അമ്മയ്ക്ക് കുട്ടിയുടെ കൊലപാതകത്തില്‍ വ്യക്തമായ പങ്കുള്ളതായാണ് സൂചന. ഹരികുമാറിന്റേയും ശ്രീതുവിന്റേയും ചാറ്റുകളില്‍ പൊലീസിന് നിര്‍ണായകവിവരം കിട്ടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് ശ്രീതു പറയുന്നതില്‍ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം ബാലരാമപുരത്തെ കുടുംബ വീട്ടില്‍ എത്തിച്ചു. അച്ഛനും മുത്തശ്ശിയും എത്തിയ ശേഷമായിരിക്കും സംസ്‌കാരം നടക്കുക.
ഇവരെ രണ്ട് പേരേയും ഉടന്‍ ഇവിടേക്ക് എത്തിക്കും. എന്നാല്‍ അമ്മയേയും അമ്മാവനേയും എത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ശ്രീജിത്ത് - ശ്രീതു ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.












Click it and Unblock the Notifications