ഹൈക്കോടതി വിധിവരും വരെ ബാറുകള്‍ക്ക് ആയുസ്സ്
ദില്ലി: സംസ്ഥാനത്തെ തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ക്ക് ഹൈക്കോടതി വിധി വരും വരെ ആയുസ്സ് ഉറപ്പായി. ഹൈക്കോടതി വിധി വരും വരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സെപ്റ്റംബര്‍ 30 നകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധിപറയണം എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഹോക്കോടതി വിധിവരാന്‍ വൈകുകയാണെങ്കില്‍ അതുവരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി വിധി തങ്ങള്‍ക്ക് പ്രതികൂലമായാല്‍ അപ്പീല്‍ നല്‍കാന്‍ ഒരുമാസത്തെ സാവകാശം നല്‍കണം എന്നാവശ്യപ്പെട്ടാണ് ബാര്‍ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ബാര്‍ ഉടമകള്‍ കോടതിയെ സമീപിച്ചിരുന്നത്. ഈ കേസില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പറഞ്ഞിട്ടില്ല.
സര്‍ക്കാരിന്റെ മദ്യ നയത്തില്‍ ഇടപെടാനാവില്ലെന്നായിരുന്നു നേരതതെ ഹൈക്കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഫൈവ് സ്റ്റാറുകള്‍ക്ക് മാത്രം അനുവദിക്കുന്നതിലെ ന്യായത്തെ ഹൈക്കോടതി വാക്കാല്‍ ചോദ്യം ചെയ്തിരുന്നു.
സെപ്റ്റംബര്‍ 12 നകം സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചുപൂട്ടണം എന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ആ നീക്കം നടന്നിരുന്നില്ല. ഹൈക്കോടതി വിധി എതിരാണെങ്കില്‍ ബാറുകള്‍ ഉടനടി അടക്കേണ്ടി വരും.












Click it and Unblock the Notifications