കോണ്‍ഗ്രസ് പരിപാടികളില്‍ ഏറ്റവും പങ്കെടുക്കാന്‍ കാരണം എന്ത്? വെളിപ്പെടുത്തലുമായി അഖില്‍ മാരാർ
തിരുവനന്തപുരം: തന്റെയുള്ളില്‍ ഒരു മതേതര വാദിയുള്ളത് കൊണ്ടാണ് താന്‍ കോണ്‍ഗ്രസ് വേദിയില്‍ കൂടുതലായി പങ്കെടുക്കുന്നതെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായി അഖില്‍ മാരാർ. കൊട്ടാരക്കരയില്‍ മത്സരിക്കേണ്ടത് ഞാനാണെന്ന് ഞാന്‍ തീരുമാനിക്കുകയാണെങ്കില്‍ എനിക്ക് എവിടെ കയറിയും മത്സരിക്കാം. പാർട്ടിയാണ് തീരുമാനിക്കുന്നതെങ്കില്‍ അത് എനിക്ക് അറിയില്ല. ഒന്നാമത്തെ കാര്യം ഞാന്‍ ഏത് പാർട്ടിയാണെന്ന് എനിക്ക് തന്നെ അറിയില്ലെന്നും അദ്ദേഹം പറയുന്നു.
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശവർക്കർമാർക്ക് പിന്തുണ അർപ്പിച്ച് എത്തിയതായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിലെ അടുത്ത ബി ജെ പിയുടെ എം എല്‍ എ എന്നും പറഞ്ഞ് ഒരുത്തന്‍ പരിഹസിച്ചുകൊണ്ട് കമന്റ് ഇട്ടിരുന്നു. അവന്‍ മറുപടിയായിട്ടാണ് ഞാന്‍ ഇത്രയും കാലമായി എന്തുകൊണ്ട് ബി ജെ പിയില്‍ പോയില്ലെന്ന് പറഞ്ഞ്. എന്തോ ഒരു കാരണം കൊണ്ട് എന്നെ ബി ജെ പിയിലേക്ക് അടുപ്പിക്കുന്നില്ല, അതുകൊണ്ടാണ് ഞാന്‍ ബി ജെ പിയിലേക്ക് പോകാത്തത്.

അതേസമയം തന്നെ ഞാന്‍ ബി ജെ പിയിലേക്ക് പോകുക എന്നതാണ് നിന്റെ ആവശ്യമെങ്കില്‍, കൊട്ടാരക്കര എന്ന് പറയുന്നത് 75 ശതമാനം ഹിന്ദുക്കള്‍ ഉള്ള, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 40000 വോട്ട് ലഭിച്ച, ബി ജെ പിക്ക് ഒരുപാട് ജയസാധ്യതയുള്ള, കോണ്‍ഗ്രസില്‍ ഒരുപാട് വിള്ളലുകളുള്ള ഒരു പ്രദേശമാണെന്ന് എനിക്ക് കൃത്യമായി അറിയാം. വർഷങ്ങള്‍ക്ക് മുമ്പ് അവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തുകയും മത്സരിക്കുകയും ചെയ്ത് വ്യക്തിയാണ്.
എന്നിട്ടും കഴിഞ്ഞ രണ്ട് വർഷമായി ബി ജെ പി വേദികളില്‍ പങ്കെടുക്കാതെ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് വേദികളില്‍ പങ്കെടുക്കുന്നതിന് കാരണം നമ്മുടെ ഉള്ളില്‍ ഒരു മതേതരവാദിയുള്ളത് കൊണ്ടാണ്. എന്റെ ഒരു പ്രവർത്തികൊണ്ടോ പെരുമാറ്റം കൊണ്ടോ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് ഞാന്‍ തീരുമാനം എടുത്തത് കൊണ്ടാണ് രാമക്ഷേത്രത്തിന്റെ പരിപാടിയില്‍ ക്ഷണം കിട്ടിയിട്ടും ഞാന്‍ പോകാതിരുന്നതെന്നും അദ്ദേഹം പറയുന്നു.
ഞാനൊരു ഹൈന്ദവാദിയാണ്, ഭാരതീയനാണ്, എന്റെ സംസ്കാരത്തില്‍ ഉറച്ച് വിശ്വസിക്കുന്നവനാണ്. എന്നാല്‍ എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച് വലിയൊരു മുസ്ലിം സമൂഹം ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവിടെ പോയി ഇതാടാ നിന്റെ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് ഞാന്‍ പോയി നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ഒരുപാട് ആളുകള്‍ക്ക് വേദനയുണ്ടാക്കും. അതുകൊണ്ടാണ് ഞാന്‍ അവിടേക്ക് പോകാതിരുന്നത്. അല്ലാതെ അമ്പലത്തില്‍ പോകാത്ത ആള്‍ ആയതുകൊണ്ടല്ലെന്നും അഖില്‍ പറയുന്നു.
കൊട്ടാരക്കരയിലെ മത്സരം എന്നത് ഞാന്‍ ഒരു വിമർശനത്തിന് പരിഹാസമായി കൊടുത്ത മറുപടി മാത്രമാണ്. രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അഖില്‍ മാരാർ എന്ന വ്യക്തിയായിട്ടാണ് ഇവിടെ എത്തിയത്. കേരളത്തിലെ കപട പുരോഗമന സ്ത്രീപക്ഷ വാദികള്‍ ചാനല്‍ ചർച്ചകളില്‍ ഇറങ്ങി ഘോരഘോരം പ്രസംഗിക്കുന്നതിന് പകരം മണ്ണിലേക്ക് ഇറങ്ങണം. ഇവിടെ നിരാഹാരം കിടക്കുന്നതിന് പകരം അധികാരക്കസേരയില്‍ ഇരിക്കുന്നവന് തടസ്സം ഉണ്ടാക്കണം. എങ്കില്‍ മാത്രമേ അവന്റെ തടസ്സം നീക്കാനുള്ള നടപടിയുണ്ടാകു എന്നാണ് ഞാന്‍ ആശാപ്രവർത്തകരോട് പറഞ്ഞത്.
ജീവിക്കാനായി ഒരു ദിവസം 500 രൂപയെന്ന ആവശ്യമാണ് ആശവർക്കർമാർ ഉയർത്തുന്നത്. ആ ആവശ്യം അംഗീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ മനുഷ്യനാണോ? ആർക്കെങ്കിലും എന്തെങ്കിലും ചെയ്യുമ്പോള്‍ ആരും അറിയരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷെ ഇത് ആളുകള്‍ അറിയണം. നമ്മളിലൂടെ ഇവരുടെ വേദന ആള്‍ക്കാർ അറിയുമ്പോഴാണ് പ്രതിപക്ഷ പാർട്ടികള്‍ക്ക് ഉപകാരമുണ്ടാകു. ബി ജെ പി ശബരിമല പ്രശ്നത്തില്‍ അയ്യപ്പനെ സംരക്ഷിക്കാന്‍ പോയി. പക്ഷെ എന്തുകൊണ്ടാണ് പാവങ്ങളുടെ പ്രശ്നത്തിന് വേണ്ടി ഇറങ്ങാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.












Click it and Unblock the Notifications