ജി സുധാകരനെ മാത്രം വിചാരണ ചെയ്യുന്നതിൽ കാരണമുണ്ട്..ആ പോസ്റ്റും ചേർത്ത് വായിക്കണം;ബിജെപി നേതാവ്
ആലപ്പുഴ; അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ജി സുധാകരനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകാണ് സിപിഎം. മണ്ഡലത്തിൽ പ്രചരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സിപിഎം നടപടിക്ക് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതി. സുധാകരനെ മാത്രം സിപിഎം വിചാരണ ചെയ്യുന്നതില്‍ കാരണമുണ്ടെന്നും എച്ച് സലാമിനെതിരെ ചന്ദ്രാനന്ദന്‍ സ്മാരകത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ കൂടി ഇതിനൊപ്പം കൂട്ടിവായിക്കണമെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

എന്തുകൊണ്ട് ജി.സുധാകരൻ മാത്രം വിചാരണ ചെയ്യപ്പെടുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട്.
അമ്പലപ്പുഴയേക്കാൾ ദയനീയ പ്രകടനം നടന്ന ആലപ്പുഴയെ ഒഴിവാക്കി അമ്പലപ്പുഴ മാത്രം ഇഴകീറി പരിശോധിക്കുന്ന സിപിഎമ്മിന്‍റെ നയം സംശയാസ്പദമാണ്. കണക്കുകൾ കഥ പറയും
2016 ൽ ഡോ. തോമസ് ഐസക് 83,211 വോട്ടുകൾ നേടിയപ്പോൾ 2021 ൽ പി.പി ചിത്തരഞ്ജന് 73,412 വോട്ടുകൾ മാത്രമാണ് നേടാനായത്. 9799 വോട്ടുകളുടെ കുറവ്.

അതേ സമയം അമ്പലപ്പുഴയിൽ ജി സുധാകരൻ നേടിയ 63,069 വോട്ടുകളേക്കാൾ വെറും 1704 വോട്ടുകൾ മാത്രമാണ് എച്ച്. സലാമിന് കുറഞ്ഞത്. 2016 നേക്കാള്‍ 6.96% വോട്ടുകൾ 2021 ൽ ആലപ്പുഴയിൽ സിപിഎമ്മിന് നഷ്ടമായപ്പോൾ അമ്പലപ്പുഴയിൽ വെറും 2.53% ശതമാനം വോട്ടുകളേ കുറഞ്ഞുള്ളൂ. ഭൂരിപക്ഷം പരിശോധിച്ചാലും അമ്പലപ്പുഴയിലെ പ്രകടനാണ് മികച്ചത്.

ആലപ്പുഴയിലെ ഭൂരിപക്ഷത്തിൽ 19,388 വോട്ടുകളുടെ കുറവുണ്ടായപ്പോൾ അമ്പലപ്പുഴയിൽ ഭൂരിപക്ഷത്തിൽ 11,496 വോട്ടുകളേ കുറവുണ്ടായുള്ളൂ.
പിന്നെന്തു കൊണ്ട് സുധാകരൻ മാത്രം ക്രൂശിക്കപ്പെടുന്നു? ആലപ്പുഴയിലെ വോട്ട് ചോർച്ചയേക്കാൾ അമ്പലപ്പുഴയിലെ പ്രകടനം മാത്രം വിലയിരുത്തിയാൽ മതിയെന്ന ചിന്തയ്ക്ക് പിന്നിലെ വികാരം എന്താണ്?.


എച്ച്. സലാം എസ്.ഡി.പി.ഐക്കാരൻ ആണെന്ന് പ്രഖ്യാപിച്ച് ചന്ദ്രാനന്ദൻ സ്മാരകത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം. പാർട്ടിയെ ഒറ്റിയവൻ എന്ന ലേബലിലേക്ക് ജി. സുധാകരനെ ചുരുക്കാനാണ് ചിലരുടെ നീക്കം. തനിക്ക് പിന്നിൽ ചില രാഷ്ട്രീയ ക്രിമിനലുകൾ ഉണ്ടെന്ന സുധാകര വചനത്തിന്‍റെ അർത്ഥം മനസിലാക്കാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സാരം.












Click it and Unblock the Notifications