• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

35.75 ലക്ഷത്തിലധികം വോട്ട്, തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് ബിജെപിയും എന്‍ഡിഎയും: കെ സുരേന്ദ്രന്‍

കോഴിക്കോട് : തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. നഗരസഭകളിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും വോട്ടുകള്‍ കണക്കിലെടുത്താന്‍ എന്‍.ഡി.എക്ക് സംസ്ഥാനത്ത് 35.75 ലക്ഷത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലക്കാട് നഗരസഭയില്‍ വന്‍ വിജയം നേടാന്‍ കഴിഞ്ഞു. പന്തളം നഗരസഭ പിടിച്ചെടുത്തു. കൊടുങ്ങല്ലൂരിലും വര്‍ക്കലയിലും ഒരു സീറ്റിനാണ് ഞങ്ങള്‍ക്ക് ഭരണം നഷ്ടപ്പെട്ടത്. മുസ്ലിം ലീഗിന് ആധിപത്യമുള്ള മലപ്പുറം ജില്ലയിലെ ചില നഗരസഭകളൊഴികെ കേരളത്തിലെ ഏതാണ്ടെല്ലാ നഗരസഭകളിലും ബി.ജെ.പി പ്രതിനിധികളുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 300ല്‍ അധികം പഞ്ചായത്തുകളില്‍ പ്രാതിനിധ്യം ലഭിച്ചു.

ദേശീയ ജനാധിപത്യത്തിന് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം ത്രികോണ മത്സരത്തിന് പകരം ബി.ജെ.പിയും ഇരുമുന്നണികളിലൊന്നുമായി നേരിട്ടുള്ള മത്സരമായിരുന്നു നടന്നത്. 2800 സ്ഥലങ്ങളില്‍ എന്‍.ഡി.എ രണ്ടാമതെത്തിയത് ഇതിന്റെ ഉദ്ദാഹരണമാണ്. ബി.ജെ.പിയെ തോല്പിക്കാന്‍ ഇരുമുണണികളും പരസ്പരം വോട്ടു മറിച്ചതുകൊണ്ടാണ് 1200 സീറ്റുകളില്‍ പാര്‍ട്ടി നേരിയ വോട്ടിന് രണ്ടാം സ്ഥാനത്തായത്. സി.പി.എം ശക്തികേന്ദ്രമായ തലശ്ശേരി നഗരസഭയിലെ കുയ്യാലി വാര്‍ഡില്‍ ബി.ജെ.പി - എന്‍.ഡി.എ സ്ഥാനാര്‍ത്ഥി യു.ഡി.എഫിനോട് 34 വോട്ടിന് തോറ്റപ്പോള്‍ എല്‍.ഡി.എഫിന് 70 വോട്ട് മാത്രമാണ് കിട്ടിയത്. സി.പി.എം ഇവിടെ യു.ഡി.എഫിന് വോട്ടുമറിക്കുകയായിരുന്നു.

ബി.ജെ.പിയെ തോല്പിക്കാന്‍ എല്‍.ഡി.എഫും-യു.ഡി.എഫും ഒത്തുചേര്‍ന്നതിന് ചുക്കാന്‍ പിടിച്ചത് രമേശ് ചെന്നിത്തലയാണ്. യാദവകുലം മുടിയുമെന്നതുപോലെ ബി.ജെ.പി തകരുമെന്ന പറഞ്ഞ ചെന്നിത്തലയുടെ പ്രഖ്യാപനം വോട്ട് മാറ്റിചെയ്യാന്‍ അണികളോടുള്ള സന്ദേശമായിരുന്നു. എന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫിനെ പിന്തുണച്ച യു.ഡി.എഫിന്റെ കഥ കഴിയുകയാണ് ചെയ്തത്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്വന്തം പഞ്ചായത്തില്‍ എല്‍.ഡി.എഫിനെ എതിര്‍ക്കുമോ എന്ന് വ്യക്തമാക്കണം.

പഞ്ചായത്ത് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അധികാരം കിട്ടാതിരിക്കാന്‍ ഇരുമുന്നണികളും ഒത്തുചേരുകയാണ്. ചെന്നിത്തലയുടെ നാടായ ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെന്നിത്തല പഞ്ചായത്തുകളില്‍ ബി.ജെ.പി യാണ് ഒന്നാം കക്ഷി. ഇവിടെയെല്ലാം എല്‍.ഡി.എഫുമായി ചേര്‍ന്ന് യു.ഡി.എഫ് ഭരിക്കാന്‍ പോകുകയാണ്. അങ്ങനെ ചെയ്താല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് സുരേന്ദ്രന്‍ യു.ഡി.എഫ് നേതൃത്വത്തെ ഓര്‍മ്മിച്ചു. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് നയിക്കുക. ബി.ജെ.പിയെ തകര്‍ക്കാന്‍ എല്‍.ഡി.എഫുമായി ധാരണ ഉണ്ടാക്കിയ തിരുവനന്തപുരം കോര്‍പറേഷനില്‍ 75 വാര്‍ഡുകളില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയ കാര്യം സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കാസര്‍കോട് ജില്ലയിലെ കാറടുക്ക, ബദിയടുക്ക. കുംബഡാജെ, വൊര്‍ക്കാടി, മീഞ്ച, കുമ്പള, പൈവളിക പഞ്ചായത്തുകളിലും മഞ്ചേശ്വരം ബ്‌ളോക്കിലും യു.ഡി.എഫ്, എല്‍.ഡി.എഫ്, എസ്. ഡി.പി.ഐ സഖ്യം വരികയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഈ സഖ്യം ഉണ്ട്. ഞങ്ങള്‍ക്കനുകൂലമായി ജനവിധിയുള്ള പഞ്ചായത്തുകളില്‍ ജനവിധിയെ അട്ടിമറിച്ച് നിങ്ങള്‍ ഒരുമിച്ച് ഭരിച്ചാല്‍ അത് ജനങ്ങള്‍ മനസ്സിലാക്കിക്കൊള്ളും. അങ്ങനെയാണെങ്കില്‍ ചില കാര്യങ്ങള്‍ ഞങ്ങള്‍ക്കും സ്വീകരിക്കേണ്ടിവരും. പല കൊല കൊമ്പന്മാരുംഅടുത്ത നിയമസഭ കാണില്ല. തിരഞ്ഞെടുപ്പില്‍ പിന്നെയെന്തിനാണ് രണ്ടു മുന്നണിയായി മത്സരിക്കുന്നതെന്ന് വ്യക്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ക്രോസ് വോട്ടിങ്ങ് നടന്ന സ്ഥലങ്ങില്‍ ഇരുമുന്നണികളെയും തുറന്നു കാട്ടാന്‍ തങ്ങള്‍ ഗൃഹസമ്പര്‍ക്കം നടത്തും. സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
BJP state president K Surendran Says, BJP and the NDA had Gain the local body elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X