ശബരിമല പ്രക്ഷോഭത്തിൽ പുതിയ തന്ത്രം പയറ്റാൻ ബിജെപി, അയോധ്യയിലെ സമരരീതി കേരളത്തിലും
Recommended Video

പന്തളം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രക്ഷോഭം കൈ വിട്ട നിലയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നു. ഭരണഘടന പ്രകാരം നിലകൊള്ളുന്ന ജനാധിപത്യ രാജ്യത്താണ് പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വിശ്വാസത്തിന്റെ പേരില്‍ ആളുകള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയും നവോന്ഥാന പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസും വിശ്വാസികളെ മുതലെടുത്ത് രാഷ്ട്രീയം കളിക്കുന്നു. ബിജെപിയെ സംബന്ധിച്ച് ശബരിമല അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അവസരമാണ്. അതിനെ പരാമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ശബരിമലയില്‍ ബിജെപി പുതിയ തന്ത്രങ്ങള്‍ പയറ്റുകയാണ്.

പ്രക്ഷോഭം ശക്തം
കേരളത്തില്‍ ഭരണം പിടിച്ചാല്‍ മാത്രമേ രാജ്യത്ത് ബിജെപിയുടെ സുവര്‍ണകാലം എന്ന് പറയാന്‍ സാധിക്കൂ എന്നാണ് നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നത്. മതേതര കേരളത്തില്‍ സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയം ചെലവാകില്ല എന്ന് കരുതിയവര്‍ക്കെക്കെ ശബരിമല വിഷയത്തോടെ ആ ധാരണ തെറ്റാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. സ്ത്രീകളടക്കം വലിയൊരു വിഭാഗത്തെ തെരുവില്‍ എത്തിക്കാന്‍ സംഘപരിവാറിന് സാധിച്ചിരിക്കുന്നു.

ഹിന്ദുവിന്റെ ഐക്യം
ആദ്യം ഒരു പാര്‍ട്ടിയുടേയും കീഴില്‍ അല്ലാതെ വിശ്വാസികള്‍ എന്ന പേരില്‍ തുടങ്ങിയ സമരത്തിന്റെ നേതൃത്വത്തിലേക്ക് ബിജെപിയും ആര്‍എസ്എസും അടക്കം എത്തി. ഹിന്ദുവിന്റെ ഐക്യം എന്ന പേരിലാണ് മതവികാരം ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ ഉണര്‍ത്തി വിട്ടിരിക്കുന്നത്. ആ തന്ത്രം ചെലവാകുന്നു എന്നതും ശബരിമല വിഷയം കത്തിക്കാന്‍ ബിജെപിക്ക് ഊര്‍ജമേകുന്നു.

ബിജെപിക്ക് ഉപയോഗപ്പെടുത്തുക
സര്‍ക്കാരിനെതിരെ ജനവികാരം വഴിതിരിച്ച് വിടാനുള്ള ആസൂത്രിതമായ ശ്രമങ്ങളും നടക്കുന്നു. ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ കൊള്ളയടിക്കുന്നു എന്നതടക്കമുള്ള നുണപ്രചാരണങ്ങള്‍ അതിന്റെ ഭാഗമായി നടക്കുന്നതാണ്. ശബരിമല വിഷയം ബിജെപിയുടെ നേട്ടത്തിന് വേണ്ടി പരാമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തില്‍ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദേശം.

പുതിയ സമരനീക്കം
നാട്ടുകാരായ വിശ്വാസികളെ മാത്രം ഉപയോഗിച്ച് ശബരിമല സമരം മുന്നോട്ട് കൊണ്ടുപോകാനല്ല ബിജെപി നീക്കം. പകരം ഉത്തരേന്ത്യയില്‍ നിന്ന് സന്യാസിമാരെ കേരളത്തിലെ സമരരംഗത്തേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സന്യാസികളെ ഇറക്കിയുള്ള സമരത്തിന് നീക്കം നടക്കുന്നത് എന്നാണ് സൂചനകള്‍.

അയോധ്യയ്ക്ക് സമാനം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സന്യാസികളെ സമരത്തിന് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയിരുന്നു. അയോധ്യയിലെ രാമജന്മഭൂമി പ്രശ്‌നത്തില്‍ സന്യാസികളെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബിജെപിയുടെ നീക്കം. ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഈ രീതി കേരളത്തിലും പരീക്ഷിക്കുക എന്നതാണ് ബിജെപി ഉന്നമിടുന്നത്.

സന്ന്യാസി സമ്മേളനം
ശബരിമലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ എവിടെയെങ്കിലും വിപുലമായ സന്ന്യാസി സമ്മേളനം സംഘടിപ്പിക്കാനും തീരുമാനമുണ്ട് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവഴി കേരളത്തില്‍ സമരം ശക്തമാക്കുക എന്നതിനൊപ്പം പ്രക്ഷോഭത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും സാധിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ബിജെപിക്ക് മുന്നില്‍ 2019ലെ പൊതുതെരഞ്ഞെടുപ്പുമുണ്ട്.

ഉന്നം വിശ്വാസി വോട്ടുകൾ
ഇടത്, കോണ്‍ഗ്രസ് അനുകൂലികളായ വിശ്വാസികളെ ശബരിമല വിഷയത്തിലെ നിലപാടിന്റെ പേരില്‍ ബിജെപി പാളയത്തില്‍ എത്തിക്കാനാവും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. നിരവധി സിപിഎമ്മുകാര്‍ തന്നെ ശബരിമല വിധിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട് എന്നതാണ് പുതിയ മനക്കോട്ടകള്‍ കെട്ടാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്ന ഘടനം. വിശ്വാസി പ്രതിഷേധം വോട്ടായി മാറുമോ എന്നാണ് കേരളം ഉറ്റ് നോക്കുന്നത്.












Click it and Unblock the Notifications