കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്ത് വില കൊടുത്തും ബിജെപി ചെറുത്ത് നിൽക്കും: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്ത് വില കൊടുത്തും ബി ജെ പി ചെറുത്ത് നിൽക്കും. ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്ലിം പ്രീണനത്തിൻ്റെ അനന്തരഫലമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ ആവശ്യം സമസ്ത ഏറ്റെടുത്തിരിക്കുന്നു. ഇനി സി പി എമ്മിൻ്റെയും കോൺഗ്രസിൻ്റെയും നിലപാട് കൂടി അറിഞ്ഞാൽ മതി. മതത്തിൻ്റെ പേരിൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ തന്നെ ഇനി സംസ്ഥാനമാണ് ഇവർ ആവശ്യപ്പെടുകയെന്ന് ജനസംഘം മുന്നറിയിപ്പ് നൽകിയിരുന്നു.

മുസ്ലിം ലീഗാണ് കേരളത്തെ വെട്ടിമുറിക്കാനുള്ള നീക്കങ്ങൾക്ക് അണിയറയിൽ ചരട് വലിക്കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരായവരുടെ പാരമ്പര്യമാണ് മുസ്ലിം ലീഗ് ഇപ്പോഴും പേറുന്നത്. കേരളത്തിന് ഒരു മുസ്ലിം മുഖ്യമന്ത്രിയെ ലഭിക്കാനുള്ള സമ്മർദ്ദതന്ത്രമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മലബാറിനോടുള്ള മാറി മാറി ഭരിച്ച സർക്കാരുകളുടെ അവഗണനയ്ക്ക് മുസ്ലിം ലീഗും ഉത്തരവാദികളാണ്.
യു ഡി എഫ് മന്ത്രിസഭയിൽ എല്ലാ കാലത്തും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ലീഗായിരിന്നിട്ടും പ്ലസ് വൺ സീറ്റിലെ കുറവ് പരിഹരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മലബാറിനെതിരെയുള്ള അവഗണനയ്ക്കെതിരെയുള്ള സമരത്തിൻ്റെ പേരിൽ മത അജണ്ട തിരുകി കയറ്റാൻ അനുവദിക്കില്ല. മതമൗലികവാദികളുടെ നീക്കങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത കാണിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്നതിടെയായിരുന്നു എസ് വൈ എസ് നേതാവ് മുസ്‌തഫ മുണ്ടുപാറയുടെ വിവാദ പരാമർശം. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്നായിരുന്നു മലബാറിലെയും തെക്കൻ കേരളത്തിലെയും പ്ലസ് വൺ സീറ്റ് സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞത്.
'വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് ഇപ്പോഴും അവഗണന തുടരുകയാണ്. അപ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യം ഉയർത്തിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല. തെക്കൻ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം തുല്യമായ വിഹിതവും ഇവിടെ കിട്ടിയേ തീരൂ. അങ്ങനെയില്ലെങ്കിൽ അവഗണനയുണ്ടാകുമ്പോള്‍ പലതരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരും' മുസ്തഫ മുണ്ടുപാറ പറഞ്ഞു.












Click it and Unblock the Notifications