കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനം: ഒരു മരണം, നിരവധി പേർക്ക് പരിക്ക്
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടയിലാണ് സ്ഫോടനം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റും. സമ്മേളനത്തിനിടെ ഒന്നിലധികം സ്ഥലത്ത് സ്ഫോടനം നടന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപത്ത സമാറ ഇന്‍റർ നാഷണലെന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രാർത്ഥന യോഗത്തിനിടയിലാണ് അപകടം നടന്നത്.

പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചത്. സമ്മേളനം ഇന്ന് അവസാനിക്കേണ്ടതായിരുന്നു. ആയിരത്തിലേറെപ്പേർ സമ്മേളനത്തിനെത്തിയിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം എന്നത് അടക്കമുള്ള നിഗമനങ്ങളുണ്ട്. പൊലീസ് പരിശോധനയ്ക്ക് ശേഷമാകും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരണപ്പെട്ടത് ഒര സ്ത്രീയാണെന്ന് വ്യക്തമായെങ്കിലും മറ്റ് വിവരങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇവർക്ക് വലിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. 9.30 നും 9.45 നും ഇടയിലാണ് സ്ഫോടനം ഉണ്ടായത്. തുടർച്ചയായ സ്ഫോടനങ്ങള്‍ ഉണ്ടായെന്ന റിപ്പോർട്ടാണ് പരിഭ്രാന്തി സൃഷ്ടിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹാളിന്റെ മധ്യഭാഗത്തായിട്ടാണ് വലിയ ശബ്ദത്തോടെ ആദ്യ പൊട്ടിത്തെറിയുണ്ടായതെന്നാണ് സമ്മേളനത്തില്‍ പങ്കെടുത്തവർ പറയുന്നത്. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയെന്നും ആളുകള്‍ പറയുന്നു.












Click it and Unblock the Notifications