കോടതിയുടെ അസാധാരണ നീക്കം, അമ്പരന്ന് ജയിലിലേക്ക് കുതിച്ച് അഭിഭാഷകര്‍, പിന്നാലെ ബോബി ചെമ്മണ്ണൂർ പുറത്തേക്ക്
കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തേക്ക്. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കാനുളള നീക്കം ഹൈക്കോടതി നടത്തിയതിന് തൊട്ട് പിന്നാലെയാണ് തിരക്ക് പിടിച്ച് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസില്‍ ബോബി ചെമ്മണ്ണൂരിന് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ നാടകീയ സംഭവങ്ങളാണ് അതിന് ശേഷം കാക്കനാട് ജില്ലാ ജയിലില്‍ നടന്നത്.
ബോബി ഇന്നലെ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി സ്വമേധയാ വീണ്ടും ജാമ്യഹര്‍ജി പരിഗണിക്കാനൊരുങ്ങുന്നത് എന്നാണ് സൂചന. ഇതോടെ ബോബിയുടെ അഭിഭാഷകര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക് കുതിച്ചെത്തി. തൊട്ട് പിന്നാലെ തന്നെ ബോബി ജയിലിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

ജാമ്യം കിട്ടാതെ വിഷമിക്കുന്ന തടവുകാരെ സഹായിക്കാനുളള സമയത്തിന് വേണ്ടിയാണ് ഒരു ദിവസം കൂടി താന്‍ ജയിലില്‍ കഴിഞ്ഞതെന്ന് മോചിതനായ ശേഷം ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ''ഭക്ഷണം കഴിച്ചിട്ട് ബില്ല് കൊടുക്കാത്തതിന്റെ പേരില്‍ വരെ ജയിലില്‍ കഴിയുന്നവരുണ്ട്. അവര്‍ക്കൊക്കെ ജാമ്യം കിട്ടിയിട്ടും അയ്യായിരമോ പതിനായിരമോ ജാമ്യത്തുക കൊടുക്കാനില്ലാതെ കഴിയുന്ന പത്തിരുപത്താറ് പേരുണ്ട്. അവരില്‍ ചിലര്‍ തന്നെ വന്ന് കണ്ടു. അത് പരിഹരിക്കാം എന്ന് താന്‍ അവരോട് പറഞ്ഞു. അതിനുളള സമയത്തിന് വേണ്ടി ഒരു ദിവസം കൂടി നിന്നുവെന്നേ ഉളളൂ'', ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
അതേസമയം ബോബി ഇന്നലെ പുറത്തിറങ്ങാന്‍ വിസമ്മതിച്ചതിലടക്കം ഹൈക്കോടതി ഇന്ന് വിശദീകരണം തേടിയേക്കും. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുളളവരോട് ഇന്ന് ഹാജരാകാന്‍ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 10.15ന് കോടതി ബോബിയുടെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കും. ഇന്നലെ വൈകിട്ടാണ് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ച് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നത്. എന്നാല്‍ കാക്കനാട് ജയിലില്‍ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങള്‍ കൊണ്ട് പുറത്തിറങ്ങാന്‍ സാധിക്കാത്ത തടവുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍ ജയില്‍ വിടാന്‍ വിസമ്മതിക്കുകയായിരുന്നു. ഈ തടവുകാര്‍ക്ക് ജയില്‍ മോചനം സാധ്യമായാല്‍ മാത്രമേ തനിക്കും പുറത്തിറങ്ങേണ്ടതുളളൂ എന്നാണ് ബോബി ചെമ്മണ്ണൂര്‍ നിലപാട് എടുത്തത്. ജാമ്യത്തിനുളള ഉപാധികള്‍ അടങ്ങുന്ന ജാമ്യബോണ്ടില്‍ ഒപ്പ് വെയ്ക്കാനും ബോബി തയ്യാറായില്ല. കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ബോബി ചെമ്മണ്ണൂർ 6 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.












Click it and Unblock the Notifications