ഹണി റോസിന്റെ പരാതി, ബോബി ചെമ്മണ്ണൂർ കസ്റ്റഡിയില്‍: പദ്ധതി പൊളിച്ച് പൊലീസിന്റെ ചടുല നീക്കം
കല്‍പ്പറ്റ: നടി ഹണി റോസിന്റെ പരാതിയില്‍ പ്രമുഖ വ്യവസയായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വയനാട്ടിലെ റിസോർട്ടില്‍ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോർട്ട്. കൊച്ചി പൊലിസിന്റെ നിർദേശത്തെ തുടർന്ന് വയനാട് പൊലീസ് റിസോർട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വയാനാട്ടിലെത്തിയ കൊച്ചി പൊലീസ് ബോബി ചെമ്മണ്ണൂരുമായി കൊച്ചിയിലേക്ക് തിരിച്ചു. ഉച്ചയോടെ പ്രതിയെ കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് എത്തിക്കും.

നടി നിയമപരമായി നീങ്ങിയതോടെ പ്രതി ഒളിവില്‍ പോകാനോ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കാനോ ഉള്ള സാധ്യത മുന്നില്‍ കണ്ടാണ് പൊലീസ് ദ്രുതഗതിയിലുള്ള നടപടികളിലേക്ക് കടന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇദ്ദേഹം രാജ്യം വിടാതിരിക്കാനുള്ള നീക്കങ്ങളും പൊലീസ് നടത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ കാര്യം ഹണി റോസ് തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
'ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരേ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരേ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകേയുണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു' എന്നായിരുന്നു ഹണി റോസ് കുറിച്ചത്.
ഹണി റോസ് പരാതി നല്‍കിയതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ വയനാട് മേപ്പാടിയിലെ സ്വന്തം റിസോർട്ടിലേക്ക് മാറിയതായുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു. കൊച്ചിയിലെത്തിക്കുന്ന ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർ വിളിച്ച് പിന്തുണ അറിയിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ നേരിട്ട് എത്തിയായിരുന്നു ഹണി റോസ് പരാതി നല്‍കിയത്. നടിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് കടക്കുമെന്നായിരുന്നു സൂചന. എന്നാല്‍ കേസില്‍ യാതൊരുവിധത്തിലുള്ള ഇളവുകളും നല്‍കേണ്ടതില്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തുകയായിരുന്നു.
അതേസമയം, ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും ഹണി റോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എൻ്റെ ജോലിയുടെ ഭാഗമാണെന്നും അവർ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു Reasonable restriction വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എൻ്റെ നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും.
ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications